Thursday 27 December 2012

ഇന്നത്തെ ജീവിതം

മനുഷ്യരുടെ കാര്യം അങ്ങനെയാണ്.നടന്നാ നടന്നൂനന് പറയാം..അത്ര തന്നെ.അതോണ്ട് ഇന്നെന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് ഞാന്‍  എഴുതാന്‍ പോകുന്നത്.ഭാവിയും ഭൂതവുമൊക്കെ അവിടെ നിക്കട്ടെ, ഇന്നുള്ളത് ഇപ്പോ പറയാം..പിന്നെ ഉള്ളത് പിന്നെയും..

ഇന്ന് രാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റു.നേരത്തെ എന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്..എന്റെ നേരത്തെ നിങ്ങളുടെ വൈകീട്ടാവാം.ആവാം എന്നല്ല ആണ്.കൃത്യം അച്ചടി ഭാഷയില്‍ പറഞ്ഞാല്‍ എട്ടരക്കാണ് ഞാന്‍ ഇന്ന്‍ എണീറ്റത്.സാധാരണ പത്ത് - പതിനൊന്ന്‍ റേഞ്ച് പിടിക്കാറുള്ള ഞാന് ഇന്ന് എന്തിന് നേരത്തെ എഴുന്നേറ്റു എന്ന ചോദ്യം പ്രസക്തമാണ്.കാരണം ലളിതം, സുന്ദരം. എന്‍റെ റിസല്‍റ്റ് വന്ന സെമ്മിലെ ഒരു പേപ്പര്‍ റീവാലുവേഷന്‍ കൊടുക്കാനുണ്ടായിരുന്നു.അതിന്‍റെ പരിപാടിക്കായിരുന്നു ഇന്നെന്‍റെ കട്ട് ഷോര്‍ട്ട് ഉറക്കം.

സമയം പത്തര.ഇപ്പോഴും ഞാന്‍ റെഡി ആയിട്ടില്ല.കംപ്യൂട്ടേറിന്റെ  മുന്നില്‍ അന്തം വിട്ടു പണ്ടാരടങ്ങി നില്‍പ്പ് ഇനിയും അവസാനിച്ചിട്ടില്ല.എന്താണ് പരിപാടി എന്നു ചോദിക്കരുത്.വേറൊന്നുമുണ്ടായിട്ടല്ല..അല്ല വേറൊന്നുമില്ലാഞ്ഞിട്ടു തന്നെ.. ടാബുകള്‍ ക്ലോസ് ചെയ്തും പുതിയവ തുറന്നും, ഗൂഗിളിന്‍റെ ഹോം പേജ് ഭംഗി  ആസ്വദിച്ചും അങ്ങനെ ഇരിക്കുന്നതു ഒരു ശീലമായി കഴിഞ്ഞിരുന്നു. ഫേസ്ബുക്ക് എഴുതി തീര്‍ന്ന പുസ്തകം പോലെ ഒരു മൂലയ്ക്കിരിപ്പുണ്ട്.

പെട്ടെന്നേന്തോ വെളിപ്പാടു കിട്ടിയ പോലെ ഞാന്‍ പാന്‍റ് വലിച്ചിട്ടു.‍ഷര്‍ട്ട് മാറ്റി, ഹെയര് ജെല്ല് പൂശി പെട്ടെന്ന്‍ റെഡിയായി.ഇന്നെന്‍റെ പോക്ക് ബസ്സിനായിരുന്നു.അങ്ങനെ ബസ്സ് പിടിക്കാന്‍ ഞാന്‍ നടന്നു.പോകുന്ന വഴിക്കൊക്കെ ഹായി ഭായി പറഞ്ഞു ഒരു വിധം ഞാന്‍ ബസ്സ് സ്റ്റോപ്പിലെത്തി. റോഡില്‍ ഭയങ്കര തിരക്ക്..ഒരു ചെറിയ റോഡും അതിന്‍റെ അഞ്ചിരട്ടി വണ്ടികള്‍ അതിന്‍റെ പുറത്തും..ചവിട്ടി നീങ്ങുന്ന ഒരു വണ്ടി തൊട്ട് ഓട്ടോമാറ്റിക് ഔഡി എ6 വരെ കുതിക്കുന്നു.റോഡിന്റെ മറുവശത്ത് ഫ്ലെക്സിന്റെ കളിയാണ്.മുസ്ലിം ലീഗിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും ഫ്ളെക്സുകള്‍. അഴിമതി നടക്കുമ്പോ പച്ച പട്ടാളം പുല്ല് അരിയാന്‍   പോയതാണോ എന്നു തുടങ്ങി കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ വീടിന് ടൈല്‍സ് ഒട്ടിച്ചത് വരെ ഫ്ലെക്സിലുണ്ട്.

അപ്പോളേക്കു ഒരു പിതാവ് ഒരു കിടാവിനെയും കൊണ്ട് ബൈക്കില്‍ വന്നു.കിടാവിനെ കാണാന്‍ വല്യ മോശമില്ല.പിതാവ് പോയതും ഞാനും അവളും മാത്രം സ്റ്റോപ്പില്‍. റോഡിന്റെ അപ്പുറത്തെ സൈഡിലുള്ള മെഡിക്കല്‍ ഷാപ്പ് തൊട്ട് ബാര്‍ബര്‍ ഷാപ്പില്‍ വരെയുള്ള എല്ലാ ആളുകളും അവളെ നോക്കി വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു.ഈശ്വരാ പഹയന്‍മാര്‍ നോക്കി ഗര്‍ഭമുണ്ടാക്കോ? ഭാഗ്യത്തിന് ബസ്സ് വന്നു.ഞാന്‍ അതില്‍ കയറി.

640 ഉറുപ്പിക.. അതാണ് റീവാലുവേഷനുള്ള  ചിലവ്.. കാലിക്കറ്റ് യൂണിവേസിറ്റി കുറച്ചുണ്ടാക്കുന്നുണ്ട്.എവിടെയോ പഠിച്ച സപ്പ്ലയ് ആന്ഡ് ഡിമാന്‍ഡ് തിയറി ഓര്‍മ വന്നു.640 ഉറുപ്പികയ്ക്ക് കിട്ടുമായിരുന്നു ബിരിയാണികളെ ഓര്‍ത്ത് ഞാന്‍ നടന്നു. എന്നാലും പരീക്ഷകളും ബിരിയാണിയും വെവ്വേറെ സംഭവങ്ങളല്ലെ? പരീക്ഷ കഴിഞ്ഞാല്‍ സന്തോഷം വരും, പക്ഷേ ബിരിയാണി കഴിഞ്ഞാല്‍ സങ്കടം വരും.കൂടെയുള്ള രമണന്‍മാര്‍ പറഞ്ഞതനുസരിച്ച് സിനിമക്ക് കേറാന്‍ തീരുമാനിച്ചു.അങ്ങനെ "ഡാ തടിയാ" കാണാന്‍ കേറി.

സിനിമ  തുടങ്ങുന്നതിന് മുന്പ് പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി.

"പുകവലി, മദ്യപാനം ഒഴിവാക്കൂ.. ജീവിതം ആരോഗ്യകരമാക്കൂ.."
അത് കണ്ടപ്പോളാണ് മുന്നിലിരുന്ന ഒരു തമിഴന്‍ പറഞ്ഞത്:

"സിഗറേറ്റ് വാങ്ങ മറന്ത് പൊച്ച്..വാങ്ങി വരേന്‍.."

ആരാ ശശി.പരസ്യം കൊടുക്കുന്ന സര്‍ക്കാരോ, അതോ വലിക്കുന്ന ആളുകളോ?

സ്ക്രീനില്‍ മണ്‍മറഞ്ഞു പോയ അഭിനേതാക്കളുടെ ചിത്രങ്ങള്‍ കാണിച്ചു തുടങ്ങി.തിലകന്‍ ഒക്കെ ഉണ്ട്.ഓരോരുത്തര്‍ക്കും കയ്യടി കിട്ടുന്നുണ്ട്.അങ്ങനെ അവസാനം വന്ന ചിത്രത്തിന് ഞാനും കയ്യടിച്ചു.ഒരു വ്യത്യാസം മാത്രം.ഇതിന് കയ്യടിച്ചത് ഞാന്‍ മാത്രമായിരുന്നു.കാരണം അത് മരിച്ചു പോയ അഭിനേതാവ് ആയിരുന്നില്ല.പല്‍പ്പൊടിയുടെ പരസ്യത്തിലെ നമ്പൂരിയായിരുന്നു.. :). പറ്റിയത് പറ്റി.അങ്ങനെ സിനിമ കണ്ടു പുറത്തിറങ്ങി.

വരുന്ന വഴിക്കു മാഗി വാങ്ങി.കവറിലെ നൂഡില്‍സ് ഞാനുണ്ടാക്കുന്ന നൂഡില്‍സ് ആയിട്ട് പുല ബന്ധം പോലുമുണ്ടായിരുന്നില്ല.എന്തായാലും അതകത്താക്കി  ഞാന്‍ മയങ്ങി. :)

Wednesday 12 December 2012

അനുഭവങ്ങള്‍ പാളിച്ചകള്‍


"അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും.."

ചെറുപ്പത്തിലേ കയ്യില്‍ കിട്ടുന്ന സാധനങ്ങളൊക്കെ അഴിച്ചു പരിശോധിക്കുക എന്നുള്ളത് എന്‍റെ ശീലമായിരുന്നു.അങ്ങനെ അഴിച്ചഴിച്ച് എല്ലാം ഒരു മൂലയ്ക്കിടുന്നത് ഒരു പതിവായപ്പോള്‍ വാങ്ങിത്തരുന്ന പതിവ് വീട്ടുകാര്‍ നിര്‍ത്തി.

പിന്നെ പിന്നെ കംപ്യൂട്ടറിനോടായിരുന്നു താല്‍പര്യം. ആദ്യമാദ്യം ഗെയിം കളിക്കുക എന്ന പരമ പ്രധാനമായ കാര്യമായിരുന്നു അതിനോടു എന്നെ അടുപ്പിച്ചത്.ഇന്‍റര്‍നെറ്റ് കഫേകളില്‍ പോയി ഗെയിം കളിക്കാന്‍ എന്തോ താല്പര്യമില്ലാത്തത് കൊണ്ട് കളിച്ചു തുടങ്ങാന്‍ കുറച്ചു വൈകി.പ്ലസ് വണ്‍ ആയപ്പോളാണ് വീട്ടില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങുന്നത്.വാങ്ങുന്നതിന് മുന്പ് തന്നെ കമ്പ്യൂട്ടറുകളെ കുറിച്ച് ഗാഢമായും ഗൂഡമായും ഞാന്‍ പഠിച്ച് വെച്ചിരുന്നു. വീട്ടിനടുത്തുള്ള ഡോക്ടര്‍ താന്‍ വായിച്ചു കഴിഞ്ഞ കമ്പ്യൂട്ടര്‍ മാഗസിനുകള്‍ അടുത്തുള്ള പീടികയില്‍ പഞ്ചസാരയും കടലയും പൊതിയാന്‍ കൊടുക്കുന്ന ശീലം കാരണമാവാം അത്. ആ മാഗസിനുകള്‍ അവിടുന്ന്‍ എടുത്ത് വീട്ടില്‍ കൊണ്ട് വന്നു വായിക്കുക ആ കാലത്തെ ഒരു ഹരമായിരുന്നു.

അങ്ങനെ ഗെയിം കളിച്ചു കളിച്ചു വളര്‍ന്നു.ഒരു വിധം കളിയൊക്കെ കഴിഞ്ഞപ്പോള്‍ കമ്പ്യൂട്ടര്‍ കിതയ്ക്കാന്‍ തുടങ്ങി.എനിക്കും വയസ്സായി എന്‍റെ കമ്പ്യൂട്ടറിനും വയസ്സായി തുടങ്ങിയിരുന്നു.അങ്ങനെയാണ് സി.പി.യു അഴിച്ചു പണിയുന്ന പരിപാടി ഞാന്‍ തുടങ്ങിയത്.കിട്ടുന്ന കാശോക്കെ ഗ്രാഫിക് കാര്‍ഡും,റാമും വാങ്ങി ഞാന്‍ കമ്പ്യൂട്ടറിനെ ജീവന്‍ വെപ്പിച്ചു കൊണ്ടേയിരുന്നു.
അപ്പോളേക്കും ഹരം വീഡിയോ എഡിറ്റിങ്ങിലേക്ക് മാറിയിരുന്നു.അങ്ങനെ ഏകദേശം പ്ലസ് ടൂ കഴിയാന്‍ നേരത്താണ് എയര്‍ടെല്‍ ഫ്രീ ഇന്‍റര്‍നെറ്റ് അഞ്ചിന്‍റെ പൈസ കൊടുക്കാതെ ചിലര്‍ ഉപയോഗിക്കുന്നുണ്ട് എന്നറിഞ്ഞത്.ആ കാലത്ത് ഫ്രീ ഇന്‍റര്‍നെറ്റ് ഒരു ലക്ഷ്യൂറി ആയിരുന്നു.അങ്ങനെ പലരില്‍ നിന്നും കേട്ടറിഞ്ഞ വിദ്യകള്‍ ഞാന്‍ പ്രയോഗിച്ചു നോക്കി.പക്ഷേ പൈസ പോയി കൊണ്ടേയിരുന്നു.സെറ്റിങ്ഗ്സ് മാറ്റുക,പിണ്ണാക്ക് മാറ്റുക ..ഹോ വല്ലാത്ത ബഹളമായിരുന്നു.പക്ഷേ ഒന്നും ഫലം കണ്ടില്ല.ഗൂഗിളില്‍ തിരഞ്ഞെങ്കിലും ഫലിക്കുന്ന വിദ്യകളൊന്നും അവിടെയും കണ്ടില്ല.

അങ്ങനെ ഓരോന്നായി വിദ്യകളൊക്കെ പരാജയപ്പെട്ടു നില്‍ക്കുംബോളാണ് പൈസ കൊടുത്ത് ഓഫര്‍ ചെയ്യാം എന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിപ്പെടുന്നത്.അങ്ങനെ 13 രൂപയുടെ നെറ്റ് ഓണ്‍ ഫോണ്‍ പാക്ക് ചെയ്തു.3 ദിവസം വാലിഡിറ്റി.കളിച്ചു കളിച്ചു മൂന്നാം ദിവസം രാത്രി 11.45 ആയിക്കാണും,ബാറ്ററീ തീര്‍ന്ന് ഫോണ്‍ ചത്തു.പിറ്റേന്ന്‍ വെറുതെ നെറ്റ് കണക്ട് ചെയ്തു നോക്കി.രക്ഷയില്ല. അന്ന് കണ്‍സീല്‍ മി എന്ന ഒരു പ്രോക്സി സെര്‍വര്‍ ഉണ്ടായിരുന്നു.ആദ്യം അതില്‍ കണക്റ്റ് ചെയ്തു ഗൂഗിലേക്ക് പോയി നോക്കി.അതാ നെറ്റ് കണക്റ്റ് ആവുന്നു.സീറോ ബാലന്‍സില്‍..ഡൌണ്‍ലോടും ആവുന്നുണ്ടായിരുന്നു.അങ്ങനെ ആ ഒഫ്ഫര്‍ ഒരു കൊല്ലത്തോളം ഞാന്‍ ഉപയോഗിച്ചു.പിന്നീട് ഫോണ്‍ മാറ്റിയപ്പോളാണ് ഗുട്ടന്‍സ് പിടി കിട്ടിയത്.ഞാന്‍ അന്നുപയോഗിച്ചിരുന്ന നോകിയ എന്‍ 72 സിംബയാന്‍ വി2 ഓപ്പറേറ്റിങ് സിസ്റ്റെമായിരുന്നു.ആ പ്രേത്യേക ഓ.എസ് ഇല്‍ ഓട്ടോമാറ്റിക് ഡേയ്റ്റ് ആന്ഡ് ടൈം അപ്പ്ഡേറ്റ് ഒഫ്ഫാക്കിയിട്ടാല്‍ എയര്‍ടെല്‍ സെര്‍വര്‍ റിഫ്രഷ് ആകുന്ന സമയത്ത് ഓഫര്‍ അപ്പ്ഡേറ്റ് ആവില്ല.ഇപ്പോളും അത് ഫലിക്കുമോ എന്നറിയില്ല.എന്തായാലും ഫോണ്‍ മാറ്റുന്നത് വരെ ഒഫ്ഫര്‍ കട്ടവാതെ നിന്നിരുന്നു.

അങ്ങനെയാണ് സോഫ്റ്റ്വെയര്‍ സൈഡിലേക്ക് തിരിയുന്നത്.റേഡിയോ പോലെ ടെലിവിഷന്‍ പോലെ സോഫ്റ്റ്വെയര്‍ ണ്ടെ പിറകിലും പലതും ഉണ്ടായിരുന്നു.ആദ്യം ടൂറ്റോറിയല്‍ ഡൌണ്‍ലോഡ് ചെയ്തു പഠിത്തം തുടര്‍ന്നു.പ്രതീക്ഷിച്ചത് പോലെ തെറ്റുകള്‍ കുമിഞ്ഞു കൂടി കൊണ്ടേയിരുന്നു.അങ്ങനെ റിവേഴ്സ് എന്‍ജിനിയറിങ് എന്ന വിദ്യ മനസിലാകി വരുംബോളാണ് ഹാക്കിങ് എന്ന പദം കേള്‍ക്കുന്നത്.കെവിന്‍ മിട്നിക്ക് -- ഈ മനുഷ്യന്‍റെ "ഗോസ്റ്റ് ഇന്‍ ദി വയെര്‍സ്" എന്ന പുസ്തകം വായിച്ചതോട് കൂടി ഒരു തരം അഡിക്ട് ആയി.ഉറങ്ങാതെ ഇരുന്നു ടൂറ്റോറിയല്‍ വായിച്ചു പഠിച്ച രാത്രികള്‍ പതിവായി.

അങ്ങനെ അങ്ങനെ ചില വെബ്സൈറ്റുകളെ ടെസ്റ്റ് ചെയ്തു നോക്കാന്‍ തുടങ്ങി.ഇന്ത്യയിലെ മിക്ക വെബ്സൈറ്റ് അഡ്മിന്‍സും അലസന്‍മാരാണെന്ന് പല തവണ മനസിലായി.വെബ്സൈറ്റുകളിലെ പാളിച്ചകള്‍ മെയില്‍ ചെയ്തു കൊടുത്താല്‍ പലരും റിപ്ലൈ ചെയ്യുക പോലുമില്ല.അങ്ങനെ പാകിസ്താനികളോ ബങ്ഗ്ലദേശികളോ വന്നു "സൈറ്റ് ഹാക്കേഡ്" എന്നു എഴുതി വെച്ചു പോവുമ്പോ മേലോട്ടു നോക്കും.ചിലര്‍ ഒരു നന്ദി പോലും പറയാതെ പാച്ച്  ചെയ്യും.ചില സൈറ്റുകളിലെ കോണ്ടാക്ട് അസ് മെയില്‍ റജിസ്റ്റര്‍ പോലും ചെയ്യാത്തവയായിരികും.

ഇതൊക്കെ പറയാന്‍ കാരണം:

========================================================================                   


മലയാളികള്‍ക്കിടയില്‍ താരതമ്യേനെ പോപുലറായ ഒരു മാടൃമോണിയല്‍ സൈറ്റ്.പേര് ഞാന്‍ പറയുന്നില്ല.എങ്ങനെയെങ്കിലും ഇത് വായിക്കാന്‍ ഇട വന്നാലെങ്കിലും ആ സൈറ്റ് ശരിയാക്കുക. ആ സൈറ്റിന്‍റെ കംപ്ലീറ്റ് കണ്‍ട്രോള്‍ എസ്‌ക്യൂ‌എല്‍ ഇഞ്ജെക്ഷന്‍ എന്ന വിദ്യ ഉപയോഗിച്ച് നേടാം എന്ന്‍ ഞാന്‍ മനസിലാക്കി. ഡാറ്റബേസില്‍ ഉള്ള എല്ലാവരുടെയും പ്രൊഫൈല്‍ എഡിറ്റ് ചെയ്യാനും,പാസ്സ്വേഡ് മാറ്റാനും, കോണ്ടാക്ട് ഡീറ്റൈല്‍സ് ലഭിക്കാനും അത് പോലെ ആജീവനാന്ത വരിസങ്ഗ്യ ചില്ലികാശില്ലാതെ നേടാനും ഇടയാക്കുന്ന ഒരു പാളിച്ച.മെയില്‍ അയച്ചിട് റിപ്ലൈ ഇല്ല.അഡ്രെസ്സിലെ ഫോണ്‍ നംബര്‍ഇല്‍ വിളിച്ചു നോക്കി.അപ്പോളാണ് ബോധം വരുന്നത്.

"വല്യ ഉപകാരം ട്ടോ..ഇപ്പോ ശരിയാക്കാം." എന്നും പറഞ്ഞു ഫോണ്‍ വെച്ചിട്ടു കുറച്ചായി.ഇപ്പോളും അതങ്ങനെ തന്നെ കിടക്കുന്നു.അവര്ക്കു വേണ്ടെങ്കില്‍ പിന്നെ നമുക്കെന്തിനാ .. അല്ലേ?

========================================================================

കോളേജിന്‍ മറയത്ത്...


കോഴിക്കോട് ബീച്ച്:

"പ്ലസ് ടൂ കഴിഞ്ഞു.. ഇനിപ്പോ എവിടെക്കാ ദിവസവും രാവിലെ എണീറ്റ് പോവാ?"

"അയിനല്ലഡോ മുക്കിന് മുക്കിന് എന്‍ജിനിയറിങ് കോളേജ് ഉണ്ടാക്കി വെച്ചിരിക്കുന്നത്? അതാവുമ്പോ ബുദ്ധിയും കുറച്ചു മതി പോരാത്തതിന് അന്നേ പോലുള്ള കൊറേ ഹിമാറുകള്‍ അവിടെയും ഇണ്ടാവും.."

"ഐയ് അതൊന്നും ശരിയാവൂല.."

"എന്താ ശരിയാവാണ്ട്? അനക്കറിയോ ഈ എഞ്ചിനീര്‍മാരുടെയും വക്കീലന്മാരുടെയും മൊഞ്ച് അത്ര പെട്ടന്നൊന്നും പോവൂലാ.. മര്യാദക്ക് പഠിച്ചില്ലേല്‍ ദൈവം സഹായിച്ചു പട്ടിണിക്ക് യാതൊരു കൊറവുമുണ്ടാവില്ല.."

"അപ്പോ അയിന് തന്നെ പോവാല്ലേ?അതാവും ചെലപ്പോ ദൈവ നിശ്ചയം."

"സംശയണ്ടോ..."
========================================================================

അച്ചന്‍റെ കയ്യും പിടിച്ചു പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് കയറി ചെന്നു.അതിനു മുന്‍പ് ബാര്‍ബര്‍ ഷോപ്പില്‍ മാത്രം കണ്ടു ശീലിച്ച തിരിയുന്ന കസേരയില്‍ റിവേറ്റടിച്ച പ്രിന്‍സിപ്പല്‍ ഇരിക്കാന്‍ പറഞ്ഞു.ഞാനെന്ന 1991 മോഡല്‍ വണ്ടിയുടെ ബൂക്കും പെപ്പേരും നോക്കുന്നതിനിടക്ക് പറഞ്ഞു:

"കളിക്കാതെ നല്ലോണം പഠിക്കണം.."

ഓ..അയിനിപ്പോ എന്താ..അങ്ങനെ ഷേക് ഹാന്‍ഡ് കൊടുത്ത് പുറത്തിറങ്ങി.



എഴുതി തീരാത്ത അസൈന്‍മെന്‍റ് ബൂക്കും പിടിച്ചു കോളേജിന്‍റെ വരാന്തയില്‍ കൂടെ ഞാനങ്ങനെ നടന്നു.എഞ്ചിനീറിങ് കോളേജുകളില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രേത്യേക തരം കാറ്റുണ്ട്. ഹാന്‍സിന്‍റെയും സിഗറേറ്റിന്റെയും കള്ളിന്‍റെയും മിക്സ് ചെയ്ത മണമുള്ള കാറ്റ്.സപ്പ്ളിയടിച്ച് ജീവിതം കോഞ്ഞാട്ടയായവരുടെയും പ്രേമിച്ചു പ്രേമിച്ചു ഒരു മൂലക്കായവരുടേയും ഒക്കെ നിരാശയുടെ നേര്‍ത്ത നിശ്വാസങ്ങളില്‍ നിന്നും വരുന്ന ആ കാറ്റ് കോളേജ് അന്തരീക്ഷത്തിന് ഒരു എക്സോടിക് ഫീല്‍ നല്കിയിരുന്നു.അന്ന് ഞാനും മനസ്സില്‍ വിചാരിച്ചു, ഊമ്പിയത് തന്നെ..
========================================================================

അങ്ങനെയിരിക്കെയാണ് ഒരു ദിവസം യൂണിവേസിറ്റി പരീക്ഷകള്‍ വിരുന്നു വന്നത്.പാസ്സാവണം എന്നുള്ള മോഹം മനസ്സില്‍ വേര് പിടിച്ചിരുന്നു.ഇന്‍റ്റേണല്‍ മാര്‍ക്കെന്ന കത്തി ആ വേരിന്‍റെ കടക്കല്‍ വെച്ചിരുന്നത് എന്നെ വല്ലാതെ അലോസരപ്പെടുത്തി.ഇന്‍റ്റേണല്‍ കുറവുള്ള വിഷയത്തിന്‍റെ ടീച്ചറെ സമീപിച്ചു

"മിസ്സ്, ഇന്‍റ്റേണല്‍ കുറച്ചൂടെ കൂട്ടണം .."

"എന്ത് ? അതൊന്നും പറ്റില്ല..കളിച്ചു നടക്കുമ്പോ ആലോചിക്കണമായിരുന്നു.."

പുറമെ ഭവ്യതയോടെ നിന്ന എന്‍റെ മനസ്സില്‍ ഞാന്‍ പറഞ്ഞു:

നായിന്‍റെ മോളെ എപ്പോ പഠിക്കണം എന്ത് കളിക്കണം എന്ന്‍ ഞാന്‍ തീരുമാനിക്കും..ഉപദേശം സ്വീകരിക്കാന്‍ തല്ക്കാലം എനിക്കു സമയമില്ല.ഇങ്ങള് ഒരു തീരുമാനം പറയ്..

"മിസ്സ്, സോറി മിസ്സ്.."

"എന്താ നിനക്കു തണുക്കുന്നുണ്ടോ? കയ്യൊക്കെ തോളില്‍ ക്രോസ്സ് ചെയ്തു വെച്ചു നിക്കുന്നത്?"

"ഇല്ല മിസ്സ് പ്ലീസ്?"

"ഞാനൊന്ന്‍ ആലോചിക്കട്ടെ.."

"മിസ്സ് ശരിക്കലോചിച്ചിട്ട് ഒരു 22 ആക്കിയാല്‍ മതി.."
========================================================================

"എടാ ഈ പ്രെഷര്‍ ഡെന്‍സിറ്റി ലോ എവിടെയാ ഈ ബുക്കില്‍?"

"മോനേ ആയിരം പേജുള്ള നിന്‍റെയീ  ബൂക്കില്‍ ഞാന്‍ ആകെ കാണുന്നത് ആദ്യത്തെ പത്തു പേജാ..അതില്‍ തന്നെ ഞാന്‍ വായിക്കുന്നത് നാലു പേജ് ..അതില്‍ എനിക്കു മനസ്സിലാവുന്നതോ ഒരു പേജ്..ആ എന്നോടു ഇങ്ങനെയൊക്കെ ചോദിച്ചാ ഞാനെന്തു പറയാനാ?"
========================================================================
പരീക്ഷകളില്‍ വളരെ ഉയര്‍ന്ന നിലയില്‍ തോറ്റത് കൊണ്ടാവണം വീട്ടില്‍ ആര്‍ക്കും എന്നെ ഒരു വിലയില്ലാതായി..ക്യാഷ് ഇന്‍ഫ്ലോ പതിയെ നിലച്ചു.

ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന അച്ഛനെയും ഉച്ചത്തെ കറിക്ക് മുരിങ്ങക്കായ മുറിക്കുന്ന അമ്മയെയും നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.

"സെറ്റ്അപ്പ് മാറ്റണം......"
========================================================================

അങ്ങനെ പരീക്ഷക്ക് തുണ്ടുകള്‍ സൈസ്സ് കുറച്ചെടുക്കുന്ന ബിസിനെസ് തുടങ്ങി.യൂണിവേസിറ്റി കാലിക്കറ്റ് ആയത് പരീക്ഷകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.നടന്നു ചെരിപ്പു തേഞ്ഞു എന്നു പറയുന്നത് പോലെ പരീക്ഷകള്‍ എഴുതി വിരലുകള്‍ തേഞ്ഞ് തുടങ്ങിയവര്‍ ധാരാളമുണ്ടായിരുന്നത് കൊണ്ട് ബിസിനെസ് പൊടി പൊടിച്ചു.പശൂന്‍റെ കടിയും മാറും കൊക്കിന്‍റെ  വിശപ്പും മാറും.പതിയെ സാംബത്തിക മാന്ദ്യം നീങ്ങി. അങ്ങനെ കാലങ്ങള്‍ കടന്നു പോയി.

========================================================================

വീണ്ടും കോഴിക്കോട് ബീച്ച്.

"എടാ അങ്ങനെ എഞ്ചിനീറിങ് കഴിഞ്ഞു..ഞാനും എഞ്ചിനീര്‍ ആയി.."

"ഇപ്പോ ഞാന്‍ പറഞ്ഞതെപ്പടി?"

ആര്‍ത്തലക്കുന്ന തിരകളെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു:

ഈ ദൈവം ഒരു വല്ലാത്ത പഹയനാണ് ട്ടോ.. ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര്  .മറക്കൂല ..

Thursday 6 December 2012

ബ്ലോഗ്ഗിനു പിന്നിലെ രഹസ്യങ്ങള്‍...


ബ്ലോഗിന് കമ്മന്‍റും ലൈക്കും പിന്നെ ഫോളോവേര്‍സിനെയും ലഭിക്കാന്‍:


1) ബ്ലോഗ് എഴുതുംബോള് ഒരു പെണ്ണിന്‍റെ പേര് തിരഞ്ഞെടുക്കുക..കുറഞ്ഞ പക്ഷം പൂമ്പാറ്റ,പിടക്കോഴി,പൂത്തുമ്പി എന്നിങ്ങനെയുള്ള സ്ത്രീലിംഗ നാമങ്ങള്‍ ഉപയോഗിക്കുക..ബ്ലോഗ്ഗേര്‍ പെണ്ണാണ് എന്ന തോന്നലുണ്ടാക്കാനായാല്‍ പകുതി വിജയിച്ചു.കമ്മന്‍റടിക്കാന്‍ ആള്‍ക്കാര്‍ ഓട്ടോ വിളിച്ചും വരും.

2)ആധുനിക കവിതകള്‍ എഴുതുക. എഴുതുന്ന നിങ്ങള്‍ക്കും വായിക്കുന്നവര്‍ക്കും ഒന്നും മനസ്സിലാവരുത്.

ഉദാ:   "കാക്ക പാറി വന്നു
         പാറമേലിരുന്നു..
         കാക്ക പാറി പോയി..
         പാറ ബാക്കിയായി.."

ഇതൊന്ന്‍ ആധുനീകരിച്ചാല്‍


        "മഞ്ജീര ശിഞ്ചിലമായ വാനങ്ങള്‍ താണ്ടി കാക്ക വരവായി..
         ദൃഷ്ടിയില്‍ പതിഞ്ഞ ആ കറുത്ത പാറക്കെട്ടിന്‍മേലിരുന്നു
         അനന്തമായ വിഹായസ്സിലേക്ക് ചിറകു വിടര്‍ത്തി പറന്നകന്നു
         തനിച്ചായി പോയ പാറക്കൂട്ടം കണ്ണീരോടെ വിലപിച്ചു.."

3) എല്ലാ ബ്ലോഗിലും പോയി കമ്മന്‍റിടുക.പോസ്റ്റ് വായിച്ചു നോക്കിയില്ലേലും   കുഴപ്പമില്ല.കമ്മന്‍റാണ് പ്രധാനം.ചിലര്‍ ഒലിപ്പിക്കുന്നത് കണ്ടാല്‍ പെറ്റമ്മ സഹിക്കില്ല.

ബുജി പരിവേഷം കിട്ടാന്‍:

1)ബ്ലോഗ് എഴുതുംബോള് കട്ടിയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുക.

ഉദാ: കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന വിഷയത്തില്‍ തുടങ്ങി ഇത് രണ്ടുമല്ല കോഴിക്കൂടാണ് ആദ്യമുണ്ടായത് എന്ന്‍ സ്ഥാപിക്കുക.

2)കൂടെ കൂടെ സംശയങ്ങള്‍ ചോദിക്കുക.ഉത്തരം തരുന്നവരെ വീണ്ടും സംശയം ചോദിച്ചു വെറുപ്പികുക.കഴിയുന്നതും ഒരേ സംശയം വെവ്വേറെ രീതിയില്‍ ചോദിക്കുക.സംശയം ദൂരീകരിക്കാന്‍ കഴിയാത്തത് കൊണ്ട് ഉറക്കം വരുന്നില്ല,കഴിച്ചതൊന്നും ദഹിക്കുന്നില്ല എന്ന മട്ടിലാവണം കാര്യങ്ങള്‍.

3)ഓരോ ബ്ലോഗ്ഗിലും പോയി അക്ഷരതെറ്റുകളുടെ കണക്കെടുക്കുക.


ബ്ലോഗ്ഗേര്‍മാരുടെ ഇടയിലെ ചില എഴുതപ്പെടാത്ത നിയമങ്ങള്‍:

1)സ്വന്തം പ്രോഫിലില്‍ ഞാന്‍ മണ്ടനാണ്, വിവരമില്ലാത്തവനാണ്, ബുദ്ധിക്കു അഞ്ചു പൈസ കുറവുള്ള ആളാണെന്ന് വിവരിക്കുക.ഭാഷ തന്നെ പിടിയില്ലെന്നെഴുതിയാല്‍ ഉഷാറായി.

2)കാച്ചി കുറുക്കിയ വരികള്‍... ഊറ്റിയെടുത്ത വരികള്‍..എന്നിങ്ങനെയുള്ള കമ്മന്‍റ്  വായിച്ചാല്‍ കവിത എഴുതിയതാണോ അതോ കള്ള വാറ്റാണോ പണി എന്ന്‍ സംശയം തോന്നി പോവും. "നന്നായി.." എന്നെഴുതിയാല്‍ വായിക്കുന്ന ആള്‍ക്കും  എഴുതുന്ന നിങ്ങള്‍ക്കും കുറചൂടേ സൌകര്യമല്ലേ സുഹൃത്തേ?


========================================================================



    

Monday 3 December 2012

റാവുത്തറിന്‍റെ സാഹസങ്ങള്‍..


റാവുത്തര്‍ എങ്ങനെ കൊളായിതാഴത്തെത്തി എന്നാര്‍ക്കും അറിയില്ല.എന്നു വന്നുവെന്നും അറിയില്ല.ബിഗ് ബി സ്റ്റൈലില്‍ പറഞ്ഞാല്‍:

"റാവുത്തര്‍ എങ്ങനെ വന്നുവെന്നോ എപ്പോള്‍ വന്നുവെന്നോ ആര്‍ക്കുമറിയില്ല. ഒരു ദിവസം രാവിലെ റാവുത്തര്‍ കൊളായിതാഴത്തുണ്ടായിരുന്നു."

റാവുത്തര്‍ എന്നു  കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്ന മുഖം എനിക്കിപ്പോള്‍ ചിന്തിക്കാന്‍ പറ്റുന്നുണ്ട്.താടി വെച്ച ഒരാജാനബാഹു.. എന്നാല്‍ ഈ റാവുത്തര്‍ അങ്ങനെയൊരാളല്ല.പതിനെട്ട് വയസ്സു മാത്രം പ്രായമുള്ള ഒരു കിളിന്ത് ചെക്കന്‍.ആദ്യമായി ഞാന്‍ റാവുത്തറെ കാണുന്നത് കാണുന്നത് കാരന്തൂരില്‍ വെച്ചാണ്.അപ്പക്കൂട്ടില്‍ നിന്നും ബ്രെഡ് വാങ്ങാന്‍ പോയപ്പോളായിരുന്നു അത്. സീടെക്ക് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അന്ന്‍ റാവുത്തര്‍. കോളേജ് എന്നു കേള്‍ക്കുമ്പോള്‍ വല്യ കൊടി കുത്തിയ കോളേജ് ഒന്നുമല്ലാട്ടോ. കാരന്തൂരിലെയും പരിസര പ്രദേശങ്ങളിലെയും അല്‍കുല്‍ത്ത് ടീംസ് പഠിക്കുന്ന ഒരു കോളേജ്.ബ്രെഡ് ഉണ്ടാക്കി വില്‍ക്കുന്ന അപ്പക്കൂടിന്‍റെ തൊട്ടടുത്ത ബില്‍ഡിങ്ങിന്‍റെ മുകളിലാണ് ഈ പറഞ്ഞ കോളേജിന്‍റെ ലാബും ക്ലാസ്സും ഓഡിറ്റോറിയവും ബാക്കി പണ്ടാരങ്ങളും ഒക്കെ.എന്തോ ബഹളം നോക്കി തിരിഞ്ഞു നോക്കിയ ഞാന്‍ കാണുന്നത് മൂക്കില്‍ നിന്നും ചോരയൊലിപ്പിച്ചു വരുന്ന റാവുത്തറെയാണ്.

"ആരോ കൈ വെച്ചതാവും.."

ബ്രെഡ് തരുന്നതിനിടക്ക് പീടികക്കാരന്‍ പറഞ്ഞു.എന്നിട്ടും എന്‍റെ നോട്ടം മാറാത്തത് കണ്ട് അയാള്‍ പറഞ്ഞു:

"ഇത് ഓന്‍റെ സ്ഥിരം പംക്തിയാ..തല്ല് വാങ്ങാതെ ചെക്കന്‍ ഇത് വരെ ഒരു ദിവസവും ഈ അങ്ങാടി വിട്ടു പോയിട്ടില്ല."

അപ്പോള്‍ തന്നെ എനിക്കു ഏകദേശം ആളെ മനസ്സിലായി.ബ്രെഡ് ഒക്കെ വാങ്ങി  ഒരു ഷാര്‍ജ കുടിക്കാന്‍ കൂള്‍ബാറില്‍ കയറിയപ്പോള്‍ റാവുത്തര്‍ അവിടെ താന്‍ കുടിച്ച ലൈമിന് കടം പറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ ഞാന്‍ ആ മൊതലിനെ കാണുന്നത് കൊളായിതാഴത്ത് വെച്ചാണ്.മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഇക്കാലത്ത് ലൈന്‍ വലിക്കാന്‍ പറ്റില്ലെന്ന്‍ അറിഞ്ഞു ഫോണ്‍ വാങ്ങാന്‍ എത്തിയതായിരുന്നു അവന്‍.ഫോണിന്‍റെ മൊതലാളി എന്‍റെ ഒരു അയല്‍ക്കാരനായിരുന്നു.പച്ച വെള്ളം കാണിച്ചു ഓംലെറ്റ് ആണെന്ന്‍ പറഞ്ഞു പറ്റിക്കാന്‍ മിടുക്കുള്ള ഒരു കായംകുളം കൊച്ചുണ്ണി.

വീണ്ടും ബിഗ് ബി സ്റ്റൈല്‍:

"റാവുത്തറാ...കാരന്തൂരായിരുന്നു..ഒന്നു കാണാന്‍ വന്നതാ.വേഗം പറ. പണീം കഴിഞ്ഞു അടുത്ത ബസ്സിനു കാരന്തൂരിലേതെണ്ടതാ..അരി പൊടിപ്പിക്കാന്‍ മില്ലില്‍ കൊടുത്തിട്ടുണ്ട് ,അത് വാങ്ങണം.."

"ഒരു രണ്ടായിരം ഉറുപ്പ്യ ഇങ്ങ് തന്നോ..ഫോണ്‍ കൊണ്ടോയിക്കോ.."

അങ്ങനെ ആ കച്ചവടം നടക്കുകയാണ്.കൂടെ വന്ന ചെക്കണോട് റാവുത്തര്‍ ഫോണും വാങ്ങി പോകുന്ന വഴിക്കു പറഞ്ഞു:

"ഫോണായി..ഇനിപ്പോ ഒരു വണ്ട്യൂടെ ആയാല്‍ ഓള് വീഴും..ലെ?"

"പിന്നെ ,ചോയ്ക്കാനുണ്ടോ..."

ഇത് കേട്ടു നിന്ന എനിക്കു അപ്പോള്‍ മനസ്സില്‍ തോന്നിയത് ബിഗ് ബി അല്ലായിരുന്നു, പകരം തട്ടത്തിന്‍ മറയത്തിലെ ആ ഡയലോഗ് ഞാന്‍ മനസ്സിലോര്‍ത്തു:

"ഇതൊന്നുമല്ല പ്രശനം..ഓള്‍ക്ക് അന്നേ ഇഷ്ടാവേണ്ടെ?"

പിറ്റേന്ന്‍ ഞാന്‍ എണീറ്റത് ഒരു ബഹളം കേട്ടിട്ടാണ്.ബഹളത്തിന്‍റെ ഉറവിടം തേടി പോയ ഞാന്‍ കണ്ടത് കള്ളിമുണ്ട് ഉടുത്തു നില്ക്കുന്ന റാവുത്തരുടെ അടുത്താണ്.

"ഈ ഫോണ്‍ വെടക്കാണ് ന്ന്..ഈല് വിളി വിളിക്കാന്‍ പറ്റുന്നില്ല.."

സംഭവമെന്താണെന്ന് വെച്ചാല്‍ കാരന്തൂരില്‍ പോയി ഒരു സിം എടുത്ത് വീടിലെത്തിയ റാവുത്തറിന് സിം എവിടെ ഇടണമെന്നോരു പിടിയുമിലായിരുന്നു.ഫോണിന്‍റെ പുറത്തു ആകെ കണ്ട ഒരു ഓട്ടയില്‍ സിം കേറ്റാന്‍ നോക്കിയപ്പോള്‍ കയറുന്നുമില്ല.അങ്ങനെ കിട്ടിയ ആയുധങ്ങളൊക്കെ കയ്യിലെടുത്ത് സിം കാര്‍ഡ് മുറിച്ചു മെമറി കാര്‍ഡിടണ്ട ഓട്ടയില്‍ കയറ്റിയാണ് റാവുത്തര്‍ 123 ഡയല്‍ ചെയ്തത്.

ഒരു വിധം പറഞ്ഞു മനസ്സിലാക്കി റാവുത്തറിനെ മടക്കി.പോകുന്ന വഴിക് എന്ന കണ്ടപ്പോള്‍ ആശാന്‍ ഒന്നു ചിരിച്ചു.

"നല്ല പണിയെടുതിണ്ടാവല്ലോ ഈ സിം ആ ഓട്ടയില്‍ കയറ്റാന്‍?" ഞാന്‍ ചോദിച്ചു.

"പിന്നെ ..ഒന്നൊന്നര മണിക്കൂര്‍ ഇതെന്നായിരുന്നു പണി..പോട്ടെ..?"

പിന്നീടൊരു വട്ടം കല്യാണ വീട്ടിലേക്ക് പന്തലിടാന്‍ മുള കൊണ്ട് പോവുന്ന ലോറിയില്‍ റാവുത്തറുമുണ്ടായിരുന്നു.മുളയുടെ മേലെ ഹനുമാനെ പോലെ റാവുത്തര്‍ നില്ക്കുന്ന ആ കാഴ്ച രസകരം തന്നെയായിരുന്നു.ഇത് കണ്ടിട്ടാവണം മുണ്ടിക്കല്‍ത്താഴത്തെ അതുല്യ മെഡിക്കല്‍ റിസേര്‍ച്ച് സെന്‍റര്‍ഇല്‍ ചികില്‍സക്ക് വന്ന മദാമ്മകള്‍ വണ്ടിക്ക് കൈ കാണിച്ചു ഫോട്ടോ എടുത്തത്.ഫോട്ടോ എടുക്കുന്നത് കണ്ടു റാവുത്തര്‍ ഒന്നു ഞെളിഞ്ഞു നിന്നു.ആനപ്പുറത്ത് കയറിയ പോലെ.അത് കണ്ടു ആരോ പറയുന്നത് ഞാന്‍ കേട്ടു:

"എടാ അമേരിക്കയില്‍ ഈ മുളയും ലോറിയുമൊന്നുമുണ്ടാവില്ല..അതാവും ഈ മദാമ്മമാര്‍ ഫോട്ടോ പിടിക്കുന്നത്.."

"ഐയ് അതൊന്നുമല്ല.. മുളയും ലോറിയുമൊക്കെ അവിടെയും കാണും..പക്ഷേ ആ മുളയുടെ മേലെ നില്‍ക്കുന്ന ഹനുമാനെ ഇവിടെ മാത്രേ കാണൂ."

കൊളായിതാഴത്ത് ഒരു അമ്പലമുണ്ട്.അമ്പലത്തില്‍ വലിയ ഒരു കുളവുമുണ്ട്.ചുറ്റുപാടുമുള്ള എല്ലാ ചെക്കന്മാരും ചാടി നീന്തി കളിക്കുന്ന ഒരു വലിയ കുളം.അമ്പലത്തിന്റെ മേല്‍നോട്ടം "കോളാമ്പി നായര്‍" എന്നു വിളിക്കുന്ന ഒരാള്‍ക്കായിരുന്നു.കോളാമ്പി നായര്‍ എന്നു വിളിക്കുന്നതിന്‍റെ കാരണം വേറൊന്നുമായിരുന്നില്ല..ഇരുപത്തിനാലു മണിക്കൂറും വെറ്റില മുറക്കി തുപ്പുന്നത് തന്നെ കാരണം.അങ്ങനെ ഒരു ദിവസം കുളിക്കുന്നതിനിടക്ക് റാവുത്തര്‍ അവിടെയെത്തി.കുളി ശീലമില്ലാത്തത് കൊണ്ടാവും കരയില്‍ നിന്ന്‍ കുളത്തിലേക്ക് കല്ലെറിഞ്ഞു ഇരിക്കുന്നതിനിടെയാണ് അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന കൂട്ടൂസന്‍റെ യമഹ ബൈക്ക് റാവുത്തര്‍ കാണുന്നത്.

"യമഹയല്ലേ..ഇമ്പളെ സൊന്തം വണ്ടിയാ..". റാവുത്തര്‍ എന്നോടു പറഞ്ഞു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നീങ്ങി.

ഒരു കടവില്‍ ചെക്കന്മാരും മറ്റെ കടവില്‍ പൂജാരി കുളിച്ച് തോര്‍ത്തുന്നുമുണ്ടായിരുന്നു.വണ്ടി സ്റ്റാര്‍ട്ട് ആയതും മുന്നോട് കുതിച്ചതും  മാത്രം കണ്ടു.പ്പിന്നെ കാണുന്നത് അമ്പലക്കുളത്തിന്റെ പടവില്‍ വീണു കിടക്കുന്ന റാവുത്തറിനെയാണ്.ബൈക്ക് പപ്പു പറഞ്ഞ പോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ആയാല്‍ കുളത്തിലും.ഭാഗ്യത്തിന് കല്‍ വിളക്കിന് കുത്തി ബൈക്ക് നിന്നു.കല്‍ വിളക്കും കൂടെ വീണു.കോളാമ്പി നായര്‍ ഓടി വരലും രണ്ടു മൂന്നു മുഴുത്ത വാക്കുകള്‍ പ്രയോഗിക്കലും ഓണ്‍ ഥ സ്പോട്ടില്‍ കഴിഞ്ഞിരുന്നു.ബൈക്ക് വരുന്നത് കണ്ട് പേടിച്ച പൂജാരി പിന്നെയും കുളത്തിലേക്ക് എടുത്ത് ചാടിയിരുന്നു.അങ്ങനെ റാവുത്തറിന് അമ്പല കുളത്തില്‍ നിന്നും വിലക്കും കിട്ടി.

"റാവുത്തറിനും വേണ്ടിട്ട് മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഏത് ബൈക്കാടാ ഈ നാട്ടിലുള്ളത്?.. ഒറ്റക്ക് നിക്കണ്ട..വാ കേറ്.മെഡിക്കല്‍ കോളേജിലെ കേഷ്വാലിറ്റി    ഒന്നു കണ്ടു പോരാം..!!"