Saturday 23 February 2013

പറയാന്‍ ബാക്കി വെച്ചത്..


"എടാ എടാ തീവണ്ടിയില്‍ നിന്ന്‍ ലഗേജ് കാണാതായാല്‍  ഇപ്പോ ന്താ ചെയ്യാ?"

"പോട്ടെന്ന് വെക്കാ..അല്ലാണ്ട് ഒന്നും ചെയ്യാനില്ല.. "

"പോടാ.."

ഗൌരവം നിറഞ്ഞ നിമിഷങ്ങള്‍ അലിഞ്ഞില്ലാതാവാന്‍ അധിക സമയം വേണ്ടി വന്നില്ല.ചില തമാശകള്‍ അങ്ങനെയാണ്.സന്ദര്‍ഭമാണ് പ്രധാനം.

"എടാ നീയന്ന് എഴുതിയ ലവ് സ്റ്റോറി പോലുള്ള ഒന്ന്‍ എനിക്കെഴുതി തരണം.."

"എന്തിനാ?"

"ഡയറിയില്‍ വെക്കാനാ.. "

ഡയറില്‍ വെക്കാനല്ല കുട്ടി ഞാനന്ന്‍ ആ കഥയെഴുതിയത്..എന്‍റെ ഹൃദയത്തില്‍ വെക്കാനായിരുന്നു.

"അല്ലടോ ഇമ്മാസം കൂടി കഴിഞ്ഞാ കോളേജ് കയ്യൂലെ? എന്താപ്പോ ഇങ്ങളൊക്കെ പരിപാടി?"

"യെന്ത് പരിപാടി..രണ്ടാമത്തെ പെങ്ങളെ കല്യാണം കൂടി കഴിഞ്ഞാ വീട് ഇനിക്കായി..പിന്നെ അച്ഛന്‍റെ പെന്‍ഷനും.പറമ്പില്‍ രണ്ട് വാഴതൈ കൂടി  നട്ടാ  ജീവിതം സേഫ്..  "

"ആയ കാലത്ത് വാപ്പ പറമ്പും കോപ്പും ഒന്നും ഉണ്ടാക്കിയില്ല... അതോണ്ട് ഞമ്മള്‍ കോഴി കച്ചോടം തുടങ്ങും.കോഴി ആവ്മ്പൊ ആരാന്റെ പറമ്പില്‍ പോയി തിന്നോളും..വല്യ ചെലവില്ല."

"കൊര്‍ച്ച് കഴിയുമ്പോ കോഴിനെം ഓര് പിടിച്ചു തിന്നോളും..അപ്പോ പിന്നെ തീരെ ചെലവുണ്ടാവില്ല.."

"അച്ഛന്‍ മെഡിക്കല്‍ കോളേജിന്ന് പെന്‍ഷന്‍ ആയിട്ട് കൊല്ലം ഒന്നായി.."

"അനക്ക് പേടിക്കാനില്ല..പണിയെടുക്കുമ്പോ അവിടുന്ന്‍ മുക്കിയ ഡെറ്റോള്‍,പഞ്ഞി,സിറിഞ്ച്,കത്രിക ഇതൊക്കെ വെച്ചു മെഡിക്കല്‍ ഷാപ്പ് തുറക്കാം."

"ഇനിക്ക് അതല്ല പ്പോ പേടി..ഈ പണ്ടാരം കഴിഞ്ഞാ നാട്ടുകാരുടെ ചോദ്യോത്തരത്തില്‍ പങ്കെടുക്കണം..

"എന്തേ പണി കിട്ടീലെ?, കായ് എന്തു കിട്ടും? ,സപ്പ്ളിയുണ്ടോ? പണി കിട്ടോ, ദുബായില്‍ പോവുന്നുണ്ടോ..?ന്നൊക്കെ..പണ്ട് കണ്ടാ മിണ്ടാത്തവര്‍ പോലും അടുത്ത് വന്ന്‍ ബാക്ക് പേപ്പറിന്റെ കണക്കെടുക്കും.."

"ഇതൊന്നുമല്ലടാ.. ഫുള്‍ പാസ്സായി എറങ്ങി ജോലിക്ക് തെണ്ടുമ്പോ അപ്പോളും പറയും...
          "ഓന് പണി ഇല്ലാന്ന്..കൊറേ പേപ്പര്‍ കിട്ടാണ്ട് പോലെ....ആ ചെക്കനെ ഓള്‍ക്ക് അന്നേ ഇമ്പലെ കുട്ടനെ പോലെ ഐ.ടി.ഐ യിലേറ്റം പറഞ്ഞയച്ചാ  മത്യെനി..അഹങ്കാരം..അല്ലാതെന്ത് പറയാനാ."

ആരെയൊക്കെ പേടിക്കണം ഭഗവാനെ.."

അടക്കാനുള്ള ബാങ്ക് ലോണും എഴുതിയെടുക്കാനുള്ള സപ്പ്ളികളും ആകെ മൊത്തം ഒരു കളര്‍ഫുള് ജീവിതമാണ് ഞങ്ങളുടെയൊക്കെ എങ്ങിനിയറിങ് ജീവിതത്തിന്‍റെ ബാക്കി പത്രം.പുറമെ നിന്ന്‍ കാണുന്നവര്‍ക്ക് "പടിക്കാഞ്ഞിട്ടാ..അദ്ധ്വാനിച്ചാലെ   എന്തെങ്കിലും നേടാന്‍ പറ്റു.." എന്നൊക്കെ കമ്മന്‍ററി പറയാന്‍ വലിയ ഉല്‍സാഹമായിരിക്കും.ഗ്രൌണ്ടിലിറങ്ങി കളിക്കാന്‍ ഒരാളെയും കാണില്ല.പടിച്ചെഴുതിയ പരീക്ഷകള്‍ യൂണിവേസിറ്റിയിലെ കലാപരിപാടികള്‍ മൂലം പിന്നെയും പിന്നെയും എഴുതേണ്ടി വരുന്ന ഒരുപാട് പേരുണ്ട് കേരളത്തില്‍.

എഞ്ചിനീയറിങ് കേവലം ഒരു പടനമല്ല.നാലു കൊല്ലം നീണ്ടു നില്ക്കുന്ന ഒരനുഭവം തന്നെയാണെന്ന്‍ നിസ്സംശയം പറയാന്‍ പറ്റും.കട്ടി കൂടിയ ബൂക്കുകളിലെ അച്ചടിച്ച അക്ഷരെങ്ങളേക്കാള്‍ ഒരുപാട് അറിവുകള്‍ നേടിത്തന്ന ആ നാലു കൊല്ലം.

വിട..

എല്ലാത്തിനോടും..
    

Tuesday 12 February 2013

വനവാസം.


കുറെ കാലം ബ്ലോഗ് എഴുത്തില്‍ നിന്നു വിട്ടു നിന്നത് കൊണ്ട് എന്തോ ഒരു മിസ്സിംഗ്..ക്ലച്ച് ചവിട്ടിയിട്ട് ഗിയര്‍ വീഴുന്നില്ല.എന്തായാലും ഇന്ന്‍ ഒന്ന്‍ ബ്രേക് ചവിട്ടുമ്പോള്‍ ഗിയര്‍ വലിച്ചൂരിയെടുക്കാന്‍ നോക്കാം.ഒരു ഗ്ലാസ്സ് ചായയും ഒരു പാക്കറ്റ് ഹൈഡ് ആന്‍ഡ് സീക് ബിസ്കട്ടും മീഡിയ പ്ലേയര്‍ഇല്‍ ഏതോ പാകിസ്താന്‍കാരന്‍റെ  പാട്ടും.ഒരു പോസ്റ്റ് എഴുതണ്ട സംഗതികളൊന്നും കയ്യിലില്ല.ഭാവന വളര്‍ത്തുന്ന യന്ത്രങ്ങളൊന്നും വീട്ടുകാര്‍ വാങ്ങി തന്നതുമില്ല.

കുട്ടന്‍റെ ഡ്രൈവിങ് ടെസ്റ്റിന്‍റെ കഥ തന്നെയാവട്ടെ ആദ്യം. ഇതവന്‍റെ കഥ തന്നെയാണോ എന്നെനിക്കുറപ്പില്ല.കഥകള്‍ കൈ  മറിഞ്ഞ് വരുമ്പോള്‍ പേരും  നാളും ദേശവും ഒക്കെ  മാറുന്നത് സ്വാഭാവികം. കുട്ടന്‍ ചാത്തമംഗലത്ത് ഡ്രൈവിങ് ടെസ്റ്റിന് പോയത് അളിയന്‍റെ കൂടെയാണ്.അളിയന്‍റെ ബൈക്കിനു പിന്നില്‍ കുട്ടന്‍ ഇപ്പോഴത്തെ തെങ്ങ്കയറ്റക്കാരുടെ ഗമയില്‍ കയറിയത് കൊളായി താഴം അങ്ങാടിയില്‍ നിന്നാണ്. തെങ്ങ്കയറ്റക്കാരുടെ ഗമ എന്നു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല , ഇപ്പോ ഡോക്ടര്‍മാരെക്കാളും ഡിമാന്‍റാ അവര്‍ക്ക്.ബുക്ക് ചെയ്യണം ഒന്നു കാണണമെങ്കില്‍ തന്നെ.വായിക്കുന്നവരില്‍ ആരെങ്കിലും തെങ്ങ് ക്ലൈംബെറാണെങ്കില്‍ ക്ഷമിക്കുക.(;)).പന്തല് പണിക്കു പോവുന്ന വാവ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ഈവെന്‍റ് മാനേജ്മെന്‍റ് എമ്പ്ലോയീ എന്നാണ്. അങ്ങനെയാണെങ്കില്‍ തെങ്ങ് കയറുന്നവര്‍ക്കും ഒരു സ്റ്റൈലിഷ് പേര് വേണ്ടേ? "കോക്കനട്ട് ഹാര്‍വേസ്റ്റേര്‍" -- ഉഷാറല്ലേ?ഭാവിയില്‍ വീടിന്‍റെ മുന്നില്‍ ബോര്‍ഡ് തൂക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ല.

കഥയില്‍ നിന്നു സ്വല്പം ഡീവിയേറ്റ് ചെയ്തു പോയി.താന്‍ പണിയെടുത്ത പൈസയൊക്കെ ഡ്രൈവിങ് സ്കൂളില്‍ കൊണ്ട് തട്ടിയത് കുട്ടന് ലൈസന്‍സ് എടുക്കാന്‍ മുട്ടിയത് കൊണ്ടോന്നുമല്ല.ഇപ്പോളത്തെ ചെക്കനമാര്‍ 18 ആവാന്‍ കാത്തു നില്‍ക്കുകയാണല്ലോ ലൈസന്‍സ് എടുക്കാനും ഏതെങ്കിലും വണ്ടിയുടെ അടിയില്‍ കട്ട വെയ്ക്കാനും.കുട്ടന്‍റളിയന്‍ ഷിബു ,അങ്ങനെ പറഞ്ഞാല്‍ ആര്‍ക്കും മനസിലാവണമെന്നില്ല, "ഷാര്‍ജ ഷിബു " എന്നാണ് ബയോളോജിക്കല്‍ നാമം, ലൈസന്‍സ് എടുത്താല്‍ വിസ കൊടുക്കാമെന്നു പറഞ്ഞത് കൊണ്ടാണ് കുട്ടന്‍ ഈ പണിക്കിറങ്ങിയത്.പാസ്സ്പോര്‍ടും പിണ്ണാക്കുമില്ലാതെ വിസ മാത്രം ഉണ്ടായിട്ട് എന്തു മാങ്ങ പറിക്കാനാണെന്ന് കുട്ടന്‍ ഒഴികെ ബാക്കിയെല്ലാവരും ചോദിചെങ്കിലും കുട്ടന് മാത്രം ഒരു കുലുക്കമൊന്നുമില്ല.അല്ലെങ്കിലും അളിയന്മാരെ  നമ്പാന്‍ പാടില്ല.പണി പാലും വെള്ളത്തില്‍ കിട്ടും.

പണിയുടെ കാര്യം പറഞ്ഞപ്പോളാണ് ഒരു കാര്യം ഓര്‍മ വന്നത്. ഇപ്പോള്‍ എല്ലാവരും കോണ്‍ട്രാക്റ്റ് പണിക്കാരണല്ലോ.തോന്നിയ സമയത്ത് വരും, തോന്നും പോലെ പണിയെടുക്കും , പൈസ മാത്രം കൃത്യം വാങ്ങി കൊണ്ട് പോവും.ഞാന്‍ നോക്കിയിട്ട് കോണ്‍ട്രാക്റ്റ് അല്ലാത്ത ഒരു പണിയും കാണുന്നില്ല.അമ്പലത്തിലെ തിറ ഉല്‍സവം വരെ കോണ്‍ട്രാക്റ്റ് ആണ് ഇപ്പം.ഇനിയിപ്പോ അവരും എല്ലാ തിറയും തോന്നിയ സമയത്ത്  കളിച്ചു പൈസയും വാങ്ങി പോവുന്ന കാലം വരോ? ഭഗവതി തിറയും ചൂട്ട് തിറയും കനലാട്ടവുമൊക്കെ നട്ടുച്ചക്ക് കാണേണ്ടി വരുന്ന കാലം വിദൂരമല്ല.

പിന്നെയും ഡീവിയേറ്റ് ചെയ്തു.സാരമില്ല.ഇനി ചെയ്യില്ല. കാരണം കുട്ടനും  അളിയനും ദേശീയ പാത 212 ഇല്‍ കേറിയിട്ടുണ്ട്.ഇനിയങ്ങോട്ട് നേരെയുള്ള റോഡാണ്.അങ്ങനെ കുട്ടന്‍ ചാത്തമംഗലത്തെത്തി. വരി നിന്നു നിന്നു തന്‍റെ ഊഴമെത്തിയപ്പോള്‍ ആവേശത്തോടെ വണ്ടിയുടെ അടുത്തേക്ക് ഓടി.പെട്ടെന്ന്‍ മുന്നില്‍ ക്രോസിട്ട ഡ്രൈവിങ് സ്കൂള്‍ മൊതലാളി ഹംസ കുട്ടന്‍റെ തലയില്‍ തൊട്ട് ഇങ്ങനെ പറഞ്ഞു:

"ബാക്കിയുള്ള കായ് ഇന്നന്നേ തരണേ മോനേ.."

അങ്ങനെ കുട്ടന്‍ വണ്ടിയെടുത്തു. ചെത്ത്കടവ് വളവേത്തിയപ്പോള്‍ ഒഫ്ഫീസര്‍ കൂട്ടനോട്  ചോദിച്ചു:


"വണ്ടിയുമായി പോവുമ്പോള്‍ റോഡ് സൈഡില്‍ കുറച്ചു ഉള്ളിലേക്കായി ഒരാള്‍ തൂങ്ങി മരിച്ചത് കണ്ടാല്‍ എന്തു ചെയ്യും?"

"വണ്ടി സൈഡാക്കി പോലീസാരെ വിളിക്കും സാര്‍.."

"നേരെ നോക്കി വണ്ടിയോടിക്കുന്ന നീ ഇതൊക്കെ കാണുമെങ്കില്‍ വണ്ടിയോടിക്കാതിരിക്കുന്നത് ആണ് ഭേദം.ഇറങ്ങിക്കൊ.അടുത്ത വരവിനെങ്കിലും  ലൈസന്‍സ് കിട്ടുമോന്ന് നോക്ക്".

ഒറ്റയടിക്ക് ഷാര്‍ജ വെള്ളത്തിലായ ദുഖത്തില്‍ കുട്ടന്‍ വിഷണ്ണനായി നിന്നു.



പിന്നെ ഈ  കാലയളവില്‍  നടന്ന മറ്റൊരു പ്രധാന സംഭവം എന്നത് ഞാന്‍ ആദ്യമായി ഒരു പരീക്ഷക് കോപ്പി അടിച്ചു എന്നുള്ളതാണ്.എട്ടാം സെമെസ്ടെറിലെ ആദ്യ സീരീസ് പരീക്ഷയിലെ നാലാമത്തേതും അവസാനത്തേതുമായ ക്വാളിറ്റി എഞ്ചിനീറിങ് മാനേജ്മെന്‍റ് പരീക്ഷയാണ് ഈ തുണ്ട് വെപ്പിനാധാരം.

ആരുടെയോ നോട്ടിന്‍റെ  ഫോടോസ്റ്റാറ്റ് എടുത്ത് പഠിക്കാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച അത്യന്തം ഭീകരത നിറഞ്ഞതായിരുന്നു. പത്തും പതിനഞ്ചും  നിയമങ്ങള്‍ ഉള്ള ഓരോ ചോദ്യങ്ങള്‍.പാടിച്ചിട് പരീക്ഷ പാസ്സാവാന്‍ പറ്റില്ല എന്നു മനസിലാക്കിയ ഞാന്‍ പടിപ്പ് നിര്‍ത്തി ഫോണില്‍ കുത്തി ഇരിക്കുംബോളാണ് ഒരു അവതാരം കെട്ടഴിഞ്ഞു പോയ പയ്യിന്‍റെ പോലെ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

"എന്താഡോ ഇയ്യ് ഇങ്ങനെ അന്തിച്ച് ഇരിക്കുന്നത്? "

" ഒന്നുമില്ല മോനേ.. പരീക്ഷ ഊം**. ഞാനൊന്നും പഠിച്ചിട്ടില്ല. "

"എഡൊ ഈ പടിച്ച് പരീക്ഷ എഴുതുണൊരൊക്കെ മണ്ടന്‍മാരാ.. ഇയ്യെന്നെ നോക്കൂ.ഞാന്‍ ഒന്നും പഠിച്ചിട്ടില്ല. ന്നാലും ഞാന്‍ പാസ്സാവുമ്..എന്താ? "

ഷര്‍ട്ട് പൊക്കി ബിറ്റുകള്‍ എണ്ണി എണ്ണി കാണിച്ചു തന്നപ്പോള്‍ എനിക്കും ഒരു  ഉള്‍വിളി ഉണ്ടായി.സപ്പ്ളി ദേവതയെയും സീരീസ് ഭഗവാനെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട് അടുത്തു കണ്ട ക്ലാസ്സ്മേട് നോട്ടിന്‍റെ നടു പേജ് കീറി ബിറ്റ് എഴുതാന്‍ തുടങ്ങി.എഴുതി കഴിഞ്ഞപ്പോള്‍ എനിക്കു എന്നോടു തന്നെ ഒരു മതിപ്പ് തോന്നി.അത്ര വൃത്തിയില്‍ ഇത് വരെ യൂണിവേസിറ്റി പരീക്ഷ പോലും എഴുതിയിരുന്നില്ല.അങ്ങനെ പരീക്ഷക്ക് സമയം ആയി.ക്ലാസ്സില്‍ കയറിയിരുന്നു.

മക്കളെ എനിക്കു പറയാനുള്ളത് ബിറ്റ് വെച്ചു പരിചയമില്ലാത്തവര്‍ ദയവു ചെയ്തു ആ പണിക്കു നിക്കരുത്.അപസ്മാരം വന്ന രോഗിയെ പോലെ എന്‍റെ കൈ വിറച്ച് കൊണ്ടേയിരുന്നു.ബിറ്റ് എഴുതിയ അതേ ചോദ്യങ്ങള്‍ ആണ് വന്നതെങ്കിലും ഞാന്‍ വിയര്‍ത്ത് കൊണ്ടേയിരുന്നു.എന്‍റെ സ്ഥാനം ഫ്രണ്‍ന്‍റ് ബെഞ്ചിലായിരുന്നു. ഫ്രണ്‍ന്‍റ് ബെഞ്ചിലിരുന്നു ബിറ്റ് വെക്കുക എന്നുള്ളത് കത്തിയെടുത്ത് സ്വന്തം നെഞ്ചില്‍ കുത്തിയിറക്കുന്നതിന് തുല്യമാണ്.ഒരു വിധം ഞാന്‍ എഴുതി. ആകെ മൊത്തം 45 മാര്‍ക്കിന്റെ ക്വേസ്റ്റിയന്‍ ആണുള്ളത്.അതില്‍ 35 നു എഴുതി ബാക്കിയുള്ളത് ഞാന്‍ വിട്ടു.എനിക്കു ഒരു ഉളുപ്പുണ്ടല്ലോ ...ഏത്?

അങ്ങനെ ആ ക്ലാസ്സില്‍ നിന്നു പുരത്തിറങ്ങിയതിന് ശേഷം ഞാന്‍ മുടിവു പണ്ണി.ഇനി മേലാല്‍ ഈ പണിക്കു നിക്കില്ലെന്ന്.