Sunday 25 August 2013

വാട്സാപ്പും വാസ്കോ സൂപ്പറും..

അങ്ങനെ അനൂപിന്‍റെ കല്യാണം ഉറപ്പിച്ചു..ഏറെ നാളായി നാട്ടിലുള്ള പെണ്‍കിടാങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണോ അതോ കല്യാണം കഴിക്കാന്‍ പോണ പെണ്ണിന്‍റെ ജാതകത്തില്‍ ഒളിഞ്ഞിരുന്നു ഗോളടിക്കുന്ന ചൊവ്വ കൊടുത്ത പണിയാണോയെന്ന് ആര്‍ക്കറിയാം.. നാട്ടിലെ റോഡ് സൈഡ് റോമിയോ ആയി അനൂപ് വിലസാന്‍ തുടങ്ങിയിട്ട് കൊല്ലം നാലും ചില്ലറയുമായി.. പെങ്കുട്ടികളോട്  "ഐ ലവ് യു" പറഞ്ഞു തുപ്പല് വറ്റിക്കാ എന്നല്ലാതെ ഒന്നും ഈ കാലയളവില്‍ ക്ലച്ച് പിടിച്ചിട്ടില്ല.ഇനി അഥവാ ക്ലച്ച് പിടിച്ചാലും ഗീയരിടുംബോഴേക്കും ആരെങ്കിലും വന്നു ആ ലിവര്‍ വലിച്ചൂരിയ ചരിത്രമെ ഉണ്ടായിട്ടുള്ളൂ..

ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടിലെ ചില ഏമാന്‍മാര്‍ക്ക് അനൂപിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്..അനൂപ് ഒരു പെണ്ണിനെ നോക്കിയാല്‍ അവളുടെ കല്യാണം രണ്ടു മാസത്തിനുള്ളില്‍ ഉറപ്പിച്ചിരിക്കും.വയസ്സു ഷാജിയേട്ടന്‍റെ പീട്യേലെ ഉള്ളിവില പോലെ കുതിച്ചിട്ടും കല്യാണം ശരിയാവാതിരുന്ന ഒട്ടേറെ പെങ്കുട്ടികള്‍ അനൂപിന്‍റെ ഈ സ്കീമില്‍ കൈച്ചിലായിട്ട്ണ്ട്.. ഓര്‍ടെയൊക്കെ ഡാഡി മമ്മിമാര്‍ മനസ്സിലെങ്കിലും അനൂപിനെ സ്തുതിച്ചിട്ടുണ്ടാവണം.. അനൂപിന്‍റെ കല്യാണം ഉറപ്പിച്ചതോട് കൂടി ബാക്കിയുള്ള പെങ്കിടാങ്ങളുടെ ഡാഡ്സിന്‍റെ മനസ്സ് ഉണങ്ങിയ കൊപ്ര പോലെയായി..

"അല്ലനൂപേ.."

"അല്ലനൂപ് അല്ല , എ.വി  അനൂപ് .. അയ്യനംവീട്ടില്‍ ശേഖരന്‍ അനൂപ്.."

"അടിവാങ്ങി അനൂപ് എന്നായിന്യല്ലോ ഇന്നലെ വരെ ?"

"പാസ്റ്റ് ഇസ് പാസ്റ്റ്.. ഇയ്യ് കാര്യം പറയ്"

"ഇന്നാട്ടിലുള്ളൊരുടെ കല്യാണത്തിനൊക്കെ ഇയ്യ് പോയിട്ട് ഓസിനു കള്ളുകുടിച്ച് വാള് വെച്ചിട്ടിണ്ട്.. ഓര്‍ടെയൊക്കെ കല്യാണം ചാറാക്കീട്ടുമുണ്ട്.. അതുകൊണ്ടു തന്നെ നാട്ടിലെ പൌരസമിതി അന്‍റെ കല്യാണം ഒന്നു കൊഴുപ്പിക്കാന്‍ തീരുമാനിച്ചിണ്ട് .."

"യെന്ത് പൌരസമിതിയാണ്ടോ.. കള്ളുകുടിക്കാന്‍ കട്ടയിടാനും അമ്പലപറമ്പില്‍ തല്ല് ഇണ്ടാക്കുന്നതും അല്ലേ ഇങ്ങളെ മെയിന്‍ പരിപാടി..ന്തായാലും പേടിക്കണ്ട ..ഇങ്ങക്ക് എല്ലാര്‍ക്കും വേണ്ടിട്ട് ഞാന്‍ ഒരു കുപ്പി മിലിട്ടറി റം ഇമ്പളെ ചൈന ബാബേട്ടന്‍റെ അടുത്ത് പര്‍ഞ്ഞു വെച്ചിട്ടിണ്ട് ..ആരും ബേജാറാവാണ്ട.."

"ആ ഒരു കുപ്പി അന്‍റെ തന്ത ശേഖരന്‍റെ അണ്ണാക്കിലേക്ക് ഒഴിച്ചൂട്..ഞങ്ങക്ക് ഒരു കെയ്സില്‍ കുറഞ്ഞതൊന്നും വേണ്ട..അയിനുള്ള ഏര്‍പ്പാട് വേഗം നോക്ക്.."

"അനൂപേട്ടാ ഞങ്ങക്ക് ടിന്‍ ബീറും ".. അപ്പുറത്ത് ഫെസ്ബൂക്കില്‍ പെറ്റ്   കിടന്നിരുന്നുന്ന ഒരു ചിമിട്ട് വിളിച്ചു പറഞ്ഞു..

അനൂപിന്‍റെ കണക്കുകൂട്ടലുകള്‍ പത്താംക്ലാസ്സ് പരീക്ഷയിലെന്ന പോലെ തെറ്റികൊണ്ടിരുന്നു..

അങ്ങനെ പാര്‍ട്ടി തുടങ്ങി.. പൌരസമിതിക്ക് കെയ്സ് വാങ്ങാനും ബാന്‍ഡ് അടിക്കാരെ ഏര്‍പ്പാടാക്കിയതും ഒക്കെകൂടെ ആയപ്പ്ളേക്കും അനൂപിന്‍റെ കീശയില്‍ തുള വീണു കഴിഞ്ഞിരുന്നു..എന്നാലും ഒരു ഇളിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്തു വെച്ചു കൊണ്ട് വീടിന്റെ മുന്നില്‍ അനൂപ് നിന്നു.. ടൌണിലെ ഹോട്ടേലിന് മുന്പില്‍ ആളെ വിളിച്ചു കയറ്റാന്‍ നില്ക്കുന്ന ബംഗാളികളെ പോലെ കണാരേട്ടന്റെ ബേക്കേറി പീട്യേലെ അപ്പക്കൂട്ടില്‍ വെച്ച മിനിമം ഒരു നൂറ്റാണ്ട് പഴക്കമുള്ള ഹലുവ കഷ്ണങ്ങളെ ഓര്‍മിപ്പിക്കുന്ന നിറത്തിലുള്ള ഒരു പാന്‍റും ഷര്‍ട്ടുമിട്ട് യാതൊരു വിധ ഉളുപ്പുമില്ലാതെ നില്‍ക്കുന്ന അനൂപിനെ കണ്ട് അവന്‍റെ അമ്മക്ക് പോലും ചിരി പൊട്ടി.. വരുന്ന ആളുകള്‍ തന്റെ കയ്യിലെല്‍പ്പിക്കുന്ന കവറുകളിലായിരുന്നു അനൂപിന്‍റെ ശ്രദ്ധ മുഴുവന്‍..,..കട്ടി കൂടിയ കവര് തരുന്നവരെ നാളെ കല്യാണത്തിന് ക്ഷണിക്കാന്‍ അനൂപ് മറന്നില്ല..

അങ്ങനെ കല്യാണം കഴിഞ്ഞു..രാത്രിയായി..ജപ്പാന്‍ കുടിവെള്ളത്തിന്‍റെ പൈപ്പിടലിന്റെ സമാപ്തിയെന്ന പോലെ അനൂപിന്‍റെ ജീവിതത്തിലെ കാത്തിരിപ്പിനും അന്നൊരു അന്ത്യമായി.. കള്ളും വെള്ളവും കൊടുത്ത് കൂട്ടുകാരെയും, കടം പറഞ്ഞു പന്തലുകാരെയും , ക്ഷീണം പറഞ്ഞു കുടുംബക്കാരെയും തഞ്ചത്തിലൊഴിവാക്കി അനൂപ് മണിയറയിലേക്ക് പാഞ്ഞു..

മുല്ലപ്പൂ വിതറിയ കിടക്കയില്‍ നാണത്തോടെ ,തെല്ലൊരു പരിഭ്രമത്തോടെ നഖം കടിച്ചിരിക്കുന്ന തന്‍റെ പ്രിയതമയെ പ്രതീക്ഷിച്ചു ചെന്ന അനൂപിനെ വരവേറ്റത് നെല്ല് ചിക്കുന്ന കോഴിയെ പോലെ ഫോണില്‍ കുത്തുന്ന ഭാര്യയെയാണ്.. കുറച്ചു നിരാശ തോന്നിയെങ്കിലും അനൂപ് വീണ്ടും ഫോമിലേക്ക് തിരിച്ചു വന്നു.. സിനിമ കാണാന്‍ ഏതായാലും ടിക്കേറ്റെടുത്തു..ഇനി സിനിമ തുടങ്ങുന്നത് കാത്തിരുന്നാല്‍ മതിയല്ലോ എന്നാശ്വസിച്ച് ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് അനൂപ് അവളുടെ അടുത്തേക്ക് നടന്നു..ഫോണില്‍ നിന്നും കണ്ണെടുക്കാതെ അവള്‍ അനൂപിനോരു ഹായി പറഞ്ഞു..

മോതിരംമാറല്‍ ചടങ്ങിന് മോതിരം കൊടുക്കാതെ മൊബൈല്‍ ഫോണ്‍ കൊടുക്കാനുള്ള തന്‍റെ ബുദ്ധിയെ അനൂപ് സ്മരിച്ചു..

"എന്താപ്പോ ഇയ്യ് കളിക്കണത്?"

"വാട്സാപ്പാ അനൂപേട്ടാ.."

യെന്ത് വാട്സാപ്പ്? ആകെകൂടി അറിയണ ആപ്പ് ക്ളോസപ്പാണ്...എന്നാലും മനസിലായെന്ന ഭാവത്തില്‍ അനൂപിരുന്നു..ഓരോരോ കോപ്പന്‍മാര്‍ ഓരോ ആപ്പുകളുമായിട്ട് വന്നോളും..മനുഷ്യന്മാരെ ആപ്പിലാക്കാന്‍...,..

പെട്ടന്നാണ് വാതിലില്‍ ഒരു മുട്ടു കേട്ടത്.. ഭാര്യ അപ്പോളും കുത്ത്  നിര്‍ത്തിയിരുന്നില്ല.. എന്നെ തെക്കോട്ടെടുക്കുന്നത് വരെ ഇണ്ടാവും ഈ നശിച്ച കുത്ത് എന്ന് മനസ്സില്‍ പറഞ്ഞു അനൂപ് വാതില്‍ തുറന്നു ..നോക്കുമ്പോള്‍ അച്ഛനാണ്.. ശവ്വല്‍ ശേഖരന്‍ .. പണ്ടെങ്ങോ ഏതോ വാര്‍പ്പിന് നേതൃത്വം കൊടുത്തു ആകെമൊത്തം അല്‍കുല്‍ത്താക്കി ബില്‍ഡിങ്ങ് ഇടിഞ്ഞു വീണതിന്‍റെ   പേരില്‍ ഫീല്‍ഡില്‍ നിന്നും വിട്ടു നിക്കേണ്ടി വന്ന ഒരു വെറ്ററന്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയര്‍..,.

"ഇങ്ങളരി ഭക്ഷണല്ലേ അച്ഛാ തിണന്നത്..പാതിരാത്രിക്കാണോ മുട്ടി വിളിക്കണത്? അതും ഇന്‍റെ ആദ്യ രാത്രിക്ക്?"

"അല്ല..അയിനു പരിപാടിയൊന്നും തൊടങ്ങീക്കില്ലലോ"

അച്ഛനായിപ്പോയി ..

പൊട്ടിക്കാത്ത കുപ്പി വല്ലതും ബാക്കിയുണ്ടോ എന്നറിയാനുള്ള വരവാണ്..കിണറ്റിന്‍കരയിലെ മോട്ടോര്‍ കവറിന്റെ ഉള്ളില്‍ സൂക്ഷിച്ച കുപ്പി എടുത്തടിച്ച് പൂക്കുറ്റിയായി പോയിക്കിടന്നുറങ്ങാന്‍ പറഞ്ഞു തിരിച്ചു കയറി    ..അപ്പോളും പെണ്ണ് ആപ്പില്‍ തന്നെ..ബാറ്ററീ തീര്‍ന്നിട് ഇപ്പോ ചാര്‍ജര്‍ കുത്തിയാ കളി.. ഇത് ഇന്ന് നിര്‍ത്തുന്ന ലക്ഷ്ണമൊന്നും കാണുന്നില്ല..അനൂപ് ഇപ്പോ വരെന്നും പറഞ്ഞു പുറത്തിറങ്ങി പതുക്കെ ഫ്യൂസ് ഊരി..നിലാവത്ത് നടക്കുന്ന കോഴിയെ പോലെ അനൂപ് തിരിച്ചു മുറിയിലെത്തി..

"കറണ്ട് പോയി അനൂപേട്ടാ..ഇനി കെടക്കാം.."

മരുഭൂമിയില്‍ മഴ പെയ്ത സുഖത്തോടെ അനൂപ് കട്ടിലിന്നരികിലേക്ക് നീങ്ങി..പെട്ടെന്നാണ് ആ ശബ്ദം കേട്ടത് :

"ബ്ലൂം"

പിന്നാലെ അമ്മയുടെ നിലവിളിയും :

"മോനേ ..അച്ഛന്‍ കിണറ്റില്‍ വീണെടാ.."

കുപ്പി തപ്പി പോയ അച്ഛന്‍ അനൂപ് ഫ്യൂസ് ഊരിയ സ്പോട്ടില്‍ കാല് തെറ്റി കിണറ്റിലേക്ക് നോസ്ഡൈവ് ചെയ്തു..

എടുക്കലും പിടിക്കലും ഹോസ്പിറ്റലും ആകെ മൊത്തം ഡാര്‍ക് സീന്‍....

പിറ്റേന്ന്‍ അനൂപിനെ കണ്ട പൌരസമിതിക്കാര്‍ ചോദിച്ചു:

"എങ്ങനെണ്ട് അനൂപേ ആദ്യരാത്രി ? പൊരിച്ചില്ലെ?"

"ഓള്‍ടെ വാട്സാപ്പും അച്ചന്‍റെ വാസ്കോ സൂപ്പര്‍ റമ്മും... രണ്ടും പൊരിച്ചു.."

Tuesday 20 August 2013

നുറുങ്ങുകള്‍ 2

അവനെ അന്നും ഇന്നും ഒരുപോലെ തന്നെയിരിക്കുന്നു കാണാന്‍.....,... ഒരു മാറ്റവുമില്ല.. കൃത്യം എട്ട്  കൊല്ലം മുന്പ് ഞാന്‍ എല്‍..പി സ്കൂളിന്റെ മുറ്റത്തു ക്രികറ്റ് കളിച്ചു നടക്കുമ്പോള്‍ കുട്ടി ട്രൌസറുമിട്ട് വീടിന്‍റെ കോലായില്‍ കണ്ണു വിടര്‍ത്തിയിരിക്കുന്ന ആ കാഴ്ച ഇന്നും ഓര്‍മയുണ്ട്..
                   ഇന്ന് ഗ്രൌണ്ടില്‍ വോളിബോള്‍ കളി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവനെ വീണ്ടും ശ്രദ്ധിച്ചു..പ്ലസ് ടൂ ഇല്‍ എത്തിയിരിക്കുന്നു ചെക്കന്‍...,.. കാഴ്ചയില്‍ ആ പഴയ ഉണ്ടക്കണ്ണുള്ള കുട്ടിയില്‍ നിന്നും ഒരിഞ്ച് മുന്നോട്ടില്ല..  

"നാടാകെ മാറി...ഞാനും മാറി...കാലാവസ്ഥ വരെ മാറി.. എനീട്ടും ഈ ചെക്കന്‍ മാത്രം മാറീട്ടില്ല...അതെന്താണാവോ?"

"ചിലര്‍ അങ്ങനെയാണ്..ശംഘുവരയന്‍റെ* കുട്ടിയെ പോലെ..ജനിച്ചു വീഴുമ്പോഴേ  ഒരു പശുവിനെ കൊല്ലാനുള്ള വിഷവുമായിട്ടാണ് വരുക...അത് പോലെ ഒരു ശംഘുവരയനാണ് അത്..രൂപം നോക്കണ്ട.. ഇയ്യറിയാതെ അന്നെ തൂക്കി വില്‍ക്കാനുള്ള വിദ്യ ഓന്‍റെ അടുത്തുണ്ട്.. "




വവ്വാലുകള്‍ സന്ധ്യ മയങ്ങിയ ആകാശത്തിലൂടെ തങ്ങളുടെ അന്നത്തെ അന്നം തേടി തലക്ക് മുകളിലൂടെ പറന്നു തുടങ്ങി..വവ്വാലിനെ കണ്ടപ്പോളാണ് പഴയ ഡി.ഈ.പി.ഈ.പി സിലബസ് ഓര്‍മ വന്നത്.. പണ്ട് പറമ്പില്‍ സാധാരണ കണ്ടു വരുന്ന പക്ഷികളുടെ തൂവലുകള്‍ ശേഖരിച്ചു ഒരു നോട്ട് പുസ്തകത്തില്‍ ഒട്ടിച്ചു കൊണ്ട് വരാന്‍ കല്‍പന തന്നു സയന്‍സ് മാഷ്.. ന്ടെ പറമ്പില്‍ ആകെ ഞാന്‍ കാണുന്ന പക്ഷി കാക്കയാണ്..കോഴിയെ വളര്‍ത്തല്‍ അന്ന് എന്തു കൊണ്ടോ ട്രെണ്ടായിരുന്നില്ല..കാക്കേന്‍റെ രണ്ടു തൂവല്‍ കിട്ടി.. ഒരു കറുപ്പ് തൂവലും ഒരു കറുപ്പും വെളുപ്പും കലര്‍ന്ന തൂവലും..കറുപ്പ് തൂവല്‍ ഒട്ടിച്ചു കാക്ക എന്നു അടിയിലെഴുതി..ഇനി രണ്ടാമത്തെ തൂവല്‍ എന്താക്കും? വേറെ കാക്ക എന്നെഴുതിയാല്‍ മാഷ് ചൂരല്‍ കൊണ്ട്  നടുംപുറം കടപ്പുറമാക്കും..അതോണ്ട് തൂവല്‍ കുറച്ചു വെട്ടി വലുപ്പം കുറച്ചു ഒട്ടിച്ചു അടിയില്‍ വവ്വാല്‍ എന്നെഴുതി .. വവ്വാലിനെ അടുത്തു കണ്ടിട്ടില്ലാഞ്ഞതിനാല്‍ അതിനു തൂവലില്ല എന്ന സത്യം ഞാനറിയാതെ പോയി....പിന്നീട് എന്തു  നടന്നു എന്നു ഞാന്‍ പറയുന്നില്ല..ശേഷം ചിന്ത്യം..

Thursday 15 August 2013

അയാളും ഞാനും തമ്മില്‍......,..

"ഈ ബൈക്ക്  പെട്രോളോ  ഡീസെലോ ?"

"രണ്ടുമല്ല ഏട്ടാ  മണ്ണെണ്ണയാ .."

റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ചൂണ്ടി കാട്ടി അയാള്‍ എന്നോടു  അത് ചോദിക്കുമ്പോള്‍ വരാനിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ പടത്തിന്റെ ട്രെയിലര്‍ ആവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല..

"എടുക്ക്.."

"എന്ത്?"

"സ്വിച്ചിങ്ങേടുക്ക് ..സ്വിച്ചിങ്ങേടുക്ക്.. ഇമ്പളും ഒന്ന്‍ ഓട്ടി നോക്കട്ടെഡോ.. "

താക്കോല്‍ കൈയില്‍ കൊടുത്തു നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുംബോളാണ് പെട്ടെന്നാ ശബ്ദം ചെവിയില്‍ വന്നലച്ചത്..നോക്കുമ്പോള്‍ എന്‍റെ ബൈക്ക് തല കുത്തനെ  മതില്  കേറി പോണത്  കണ്ടത് ..ഏറിയ ഇംഗ്ലിഷ് പടങ്ങളും കണ്ടിട്ടുണ്ട്.. സ്പൈഡെര്‍മാന്‍  തൊട്ട് ട്രാന്‍സ്പോര്‍ട്ടര്‍  വരെ .. പക്ഷേ രണ്ടു പടങ്ങളിലെയും രംഗങ്ങള്‍  ഒറ്റ ഷോട്ടില്‍  കാണാന്‍ എനിക്കിന്ന് വരെ കാത്തിരിക്കേണ്ടി വന്നു.. സ്പൈഡെര്‍മാന്‍ പോലെ എന്‍റെ ബൈക്ക് ഒരു മതില് കേറുന്നതും ട്രാന്‍സ്പോര്‍ട്ടര്‍ പടത്തിലെ നായകനെ പോലെ ഒരാള്‍ അപ്പുറത്തെ പറംബിലേക്ക് തെറിക്കുന്നതും ഒക്കെ സിംഗിള്‍ ഷോട്ടിലായിരുന്നു..

ചെന്നു നോക്കിയപ്പോള്‍ നെറ്റിയില്‍ വലിയൊരു മൈനസ് ചിഹ്നമായിട്ട് ട്രാന്‍സ്പോര്‍ട്ടര്‍ കിടക്കുന്നു.. രണ്ടു ഫോര്‍ക്കും ബെന്‍ഡ് ആയിട്ട്  എന്‍റെ പ്പടക്കുതിരയും ..ഏത് ആദ്യം ശ്രദ്ധിക്കും...മനസ്സിലെ ചിന്തകള്‍ പമ്പ കടന്ന്‍ തിരുപ്പതി വരെ എത്തി..ട്രാന്സ്പ്പോര്‍ടറിന് നെറ്റിയില്‍ ആറു  സ്റ്റിച്ച് ..എന്‍റെ കുതിരയെ അടുത്തുള്ള വറ്ക്ഷൊപ്പില്‍ കൊടുത്ത് ഞാന്‍ നിരാശനായി മടങ്ങി..

"ഓന്‍റെ ഓലക്കെമ്മിലെ സ്വിച്ച്.." മനസ്സില്‍ പറഞ്ഞു..

ഇനി കുറച്ചു റിവേഴ്സ് ഫ്ലാഷ്ബാക്ക്..

ഇന്ന് രാവിലെ.. അങ്ങാടിയില്‍ കൊടി ഉയര്‍ത്തല്‍ ഉണ്ടായിരുന്നു..പോകണം എന്നുണ്ടായിരുന്നു.. പക്ഷേ ഇന്നലത്തെ ഉറക്കം എന്‍റെ സകല പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് പത്തു മണി കടന്നിട്ടാണ് ബ്രേക് ഇട്ടത്..അതോണ്ട് മനസ്സില്‍ ഒരു ജയ് ഹിന്ദ് പറഞ്ഞു കൊണ്ട് ഞാന്‍ പല്ല് തേയ്ക്കാന്‍ പോയി..

ഒരു പതിനൊന്നു മണി.. സ്ഥലം അങ്ങാടി.. ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം ഞാന്‍ മനസ്സില്‍ കൂട്ടിയും കുറച്ചും കണക്ക് കൂട്ടിയിരുന്നു..

"യെന്ത് സ്വാതന്ത്ര്യം.. റോഡ് സൈഡിലിരുന്നു  വെള്ളടിക്കാന്‍  ഇവ്ടെ  സ്വാതന്ത്ര്യം ഇണ്ടോ? പോട്ടെ ഇഷ്ടപ്പെട്ട പെണ്ണിന്റെ കൈയും പിടിച്ചു പൊരെല്‍ കേറി ചെല്ലാന്‍ ഇവ്ടെ സ്വാതന്ത്ര്യം ഇണ്ടോ? "

അടുത്തിരിക്കുന്നവന്‍ പറഞ്ഞത് കേട്ടു ഞാന്‍ തല തിരിച്ചു..

റിവേഴ്സ് ഫ്ലാഷ്ബാക്ക് പിന്നേം..

ഇന്നലെ രാത്രി.. സ്ഥലം കുന്നമംഗലം ബിവേറേജ്  ഇന്‍റെ മുന്നില്‍....,.. (എനിക്കു വേണ്ടിയല്ല.. ഞാന്‍ കുടിക്കില്ല.. ) കൂടെയുള്ളവന്‍ കുപ്പി വാങ്ങാന്‍ എന്‍റെ ബൈക്കെടുത്ത് പോവാന്‍ നോക്കിയപ്പോള്‍ വെറുതെ ഒരു ഭ്രാന്തിന് ഞാനും കൂടെ പോയി..നോക്കുമ്പോള്‍ അങ്ങുള്ള വര്‍ക്ക് ഷോപ്പിന്റെ അടുത്ത് വരെയുണ്ട് വരി.. ശര്‍ക്കര കഷ്ണം കൊണ്ട്  പോവുന്ന ഉറുംബുകളെ  പോലെ ആളുകള്‍ വരി നില്ക്കുന്നു..കൂടെയുള്ള കുരങ്ങന്‍ എങ്ങനെയോ ഒരു എം.എച്ചും ഒരു ഫുളും ആരെക്കൊണ്ടോ വാങ്ങിപ്പിച്ചു..

ആദ്യം അയാള്‍ എം.എച്ച് അവന്‍റെ ഇടതു കയ്യില്‍ കൊടുത്തു.. അപ്പോള്‍ അവന്‍ മുണ്ട് മുറുക്കിയുടുക്കാന്‍ കയ്യെടുത്ത സമയത്ത് മറ്റെ കുപ്പിയും കൊടുത്തപ്പോള്‍ കുപ്പി താഴെ വീണു പൊട്ടി.. വരി നില്ക്കുന്ന കുടിയന്മാര്‍ തലയില്‍ കൈ വെച്ചു നില്ക്കുന്ന കാഴ്ച അതി മനോഹരം തന്നെയായിരുന്നു ...വീണു കിടക്കുന്ന കുപ്പി       , എടുത്ത് ബാക്കിയുള്ള ലേശം കള്ള് നോക്കി നില്ക്കുന്നു അവന്‍റാടുത്തേക്ക് ഒരു പോലീസുകാരന്‍ വരുന്നത് ഞാന്‍ കണ്ടു..

"നായിന്‍റെ മോനേ ഇനി അതും കുടിക്കണ്ട.. കുപ്പി കഷ്ണം അണ്ണാക്കില്‍  പോവും.. മര്യാദക്ക് ഒരു ചൂലെടുത്ത് ഇതൊക്കെ അടിച്ചു വാരി കൂട്ടിയിട്ട് ഇവിടുന്ന്‍ പോയാ മതി.."

അങ്ങനെ അതൊരു തീരുമാനമാക്കി  തിരിച്ചെത്തുംബോള് നേരം വൈകിയിരുന്നു..


അപ്പുറത്തുള്ള ഡോക്ടര്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കുറച്ചു ഏലം, കുരുമുളക്, വാനില ഇത്യാദി  ഫല മൂലകങ്ങള്‍ കുഴിച്ചിട്ടിരുന്നു.. ഈ ഫല മൂലകങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന പുല്ലു പറിക്കാന്‍ ഒരാളെ വേണമെന്ന്‍  എന്നോടു പറഞ്ഞതനുസരിച്ച് ഞാനൊരു കുരങ്ങനെ അങ്ങോട്ടു പറഞ്ഞയച്ചിരുന്നു.. കുരങ്ങന്‍ ചെന്ന്‍  ഫല മൂലകങ്ങള്‍ മുഴുവന്‍ പറിച്ചിട്ടാളഞ്ഞിട്ട് പുല്ലു മാത്രം ബാക്കി  വെച്ചു..ആ ഡോക്ടോറിപ്പോള്‍ എന്നെ തപ്പി നടക്കുകയാണെന്ന് പറഞ്ഞത് കൊണ്ട് മാക്സിമം വീട് വിട്ടു നില്‍ക്കുക എന്ന സ്റ്രാറ്റജി രൂപകല്പ്പന ചെയ്ത ഞാന്‍ അങ്ങാടിയില്‍ എന്‍റെ സമയം ചിലവഴിക്കാന്‍ തുടങ്ങി.. മുകളില്‍ പറഞ്ഞ രണ്ടു അപകടങ്ങളും അങ്ങനെ സംഭവിച്ചതാണ്.. ഇനിയിപ്പോള്‍ ഞാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു.. ജയ് ഹിന്ദ്.. :)

കഴിഞ്ഞ  ശ്രീകൃഷ്ണ  ജയന്തി  ഘോഷയാത്രയ്ക്ക്   ഒരു മലയും അതിന്‍റെ താഴെ നില്ക്കുന്ന ഭഗവാന്‍ ശ്രീ കൃഷ്ണനുമായിരുന്നു നിശ്ചല ദൃശ്യം..ഞാന്‍ ഇന്നലെ വരെ വിചാരിച്ചിരുന്നത് അതൊരു കൂണും  തവളയും  ആണെന്നായിരുന്നു.. ഇന്നതിന്റെ ശില്‍പിയെ   കണ്ടപ്പോളാണ്  സംഗതി മനസിലായത്..ഇപ്പ്രവശ്യം അത് ആനയും കൃഷ്ണനും ആണെന്ന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇതുണ്ടാക്കുന്നിടത്ത് പോയി..പെട്ടെന്നൊരു സംശയം..ഇതാനയോ അതോ ഒട്ടകൊ? കൂണും തവളയും ഒക്കെ രാമായണത്തില്‍ പതിവാണ്.. ഇത്രേം വല്യ പുസ്തകല്ലേ..ഒട്ടകവും കൃഷ്ണനും  പക്ഷേ...


Sunday 4 August 2013

ദുഃഖ വെള്ളി..

കുറെയേറെ ദിവസങ്ങള്‍ക്ക് ശേഷം കീബോര്‍ഡില്‍ വിരലമരുമ്പോള്‍ യാദൃശ്ചികമായിട്ടാവാം ഇന്ന് ഫ്രെന്‍ഡ്ഷിപ് ഡേ ആയത്.. ഇപ്പോളുള്ള സുഹൃത്തുക്കള്‍ക്കും പിണങ്ങിപ്പോയ സുഹൃത്തുക്കള്‍ക്കും ഞാന്‍ മറന്നതും എന്നെ മറന്നതുമായ ഒരുപാട് ആളുകള്‍ക്കും ഹൃദയം നിറഞ്ഞ സൌഹ്രദ ദിനാശംസകള്‍....,..

കനത്ത മഴയുള്ള ഒരു വെള്ളിയാഴ്ച..അന്നാണ് ഞങ്ങള്‍ , ഞങ്ങള്‍ എന്നു വെച്ചാല്‍ ഞാനും എന്‍റെ സുഹൃത്തും ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ ഞങ്ങളുടെ മറ്റൊരു സുഹൃത്തിനെ കാണാന്‍ പോകുന്നത്..മഴ കോട്ട് എടുക്കാതെയുള്ള ആ യാത്ര തുടങ്ങിയ മിനുട്ടില്‍ തന്നെ മഴ തുടങ്ങി..മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന റോഡ് മേനെഞ്ഞാന്ന് ഡിസ്കവറി ചാനെലില്‍ കാണിച്ച ചൊവ്വ ഗ്രഹത്തിലെ കുഴികളെ ഓര്‍മിപ്പിച്ചു. തോട്ടില്‍ വീണ സുഹൃത്തിനെ പറ്റി പറഞ്ഞു തുടങ്ങിയത് പിറകിലിരിക്കുന്ന കുരങ്ങനാണ്..

"ഓന് വണ്ടിയോടിക്കാനൊന്നും അറിഞ്ഞൂട.. കോഴി അയല് കെട്ടിയേന്‍റെ മേലെ കൂടെ പോണ പോലെ ചാഞ്ഞും ചരിഞ്ഞും പോയാല്‍ പിന്നെ വീഴൂലെ?"

"തോട്ടിലേക്ക് വീണത് നന്നായി.. റോഡിലായിരുന്നു വീണാതെങ്കില്‍ കാഷ്വല്‍റ്റി ഇയിലെക്ക് പോണതിന് പകരം മോര്‍ച്ചറിയിലേക്ക് പോവണ്ടി വന്നേനെ.."

കുറച്ചു ദൂരം മുന്നോട് പോയപ്പോള്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിച്ച കുഴികള്‍ വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ടു..റോടേത് തോടേത് എന്നു മനസിലാക്കാന്‍ പ്രയാസം.. തോട്ടിലേക്ക് മറിഞ്ഞ സുഹൃത്തിനെ കുറ്റം പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു..

"ഇയ്യ് ഓന്‍റെ കൂടെ ബൈക്കില്‍ കേറിയിട്ടില്ലെ  ഇതുവരെ?" ഞാന്‍ ചോദിച്ചു..

"അറിഞ്ഞോണ്ട് ആരേലും സ്വര്‍ഗത്തിലേക്കുള്ള പാസ്പോര്‍ട്ട്  എടുക്കഡോ??"

സ്വര്‍ഗം..മനസ്സില്‍ ഒരു ചിരി പൊട്ടി..

"ഓന് ഭയങ്കര പേടിയാഡോ..ചോര കണ്ടാ അലറും..   ഇങ്ങനെണ്ടോ ആങ്കുട്ടികള്‍..?"

മഴ കൊണ്ട് അവസാനം ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി.. 26 ആം വാര്‍ഡ്.. ബില്‍ഡിങ്ങിന് സ്കാഫ്ഫോല്‍ഡിങ്  ഇട്ട പോലെ ആളുകളുടെ കയ്യിലും കാലിലും കമ്പി തറച്ചു വെച്ച കാഴ്ചകള്‍ ബൈക്ക് ഓടിക്കുന്നത് നിര്‍ത്തിയാലോ എന്നു ചിന്തിപ്പിച്ചു..അവസാനം ഞങ്ങള്‍ അവനെ കണ്ടു..

കണ്ടതും കരച്ചിലും ഒരുമിച്ച്..

"ഡോക്ടോറിപ്പോ വരും.. കാലില് കമ്പി ഇടും..വേണ്ടാന്ന് പറയടോ.."

"ഇയ്യെന്താഡോ പറയിന്ന്... കാല് ശരിയാവണ്ടേ അനക്ക്.. പേടിക്കല്ലേ.."

കുറച്ചു കഥ പറഞ്ഞിരുന്നു ...എന്‍റെ കൂടെ വന്ന കൊരങ്ങന്‍ അവനെ സമാധാനിപ്പിച്ചു നല്ല കുട്ടിയാക്കിയിരുന്നു..അവനോടെനിക്ക് മതിപ്പ് തോന്നി..മരുന്നിന്‍റെ മണമടിച്ച് എനിക്കു തല ചുറ്റല്‍ വരുന്നുണ്ടായിരുന്നു..അങ്ങനെ ഡോക്ടര്‍ എത്തി..

"ബ്ലഡ് ആവശ്യമുണ്ട്..ഓ നെഗറ്റിവ്..ആരെലുമുണ്ടോ.."

എന്റേത് ഓ പോസിറ്റീവ് ആണ്..എന്‍റെ കൂടെയുള്ളവന്റെ ഓ നെഗറ്റിവ്..അങ്ങനെ അവന്റെ ബ്ലഡ് എടുക്കാന്‍ സിസ്റ്റര്‍ അവനെ കൊണ്ട് പോയി..പോകുന്ന വഴിക്കു അവന്‍ പറയുന്നത് കേട്ടു :

"സിസ്റ്റെരെ കൊറച്ച് എഡ്താ മതി ട്ടോ..നാളെ ഒരു വാര്‍പ്പിന്‍റെ പണിക്കു പോവനുള്ളതാ.. 800 പോയ പോയതാ.."

അങ്ങനെ അവന്‍ പോയി..കുറെ നേരായിട്ടും കാണാഞ്ഞു ഞാന്‍ അന്വേഷിച്ചു..അവനെ കൊണ്ട് പോയ സിസ്റ്റെരെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു..

"ആ ചെക്കന്‍ ബ്ലഡ് എടുത്തത്തിന് ശേഷം അവിടെ ബോധം കേട്ടു കിടക്കുന്നുണ്ടായിരുന്നു.. ഇനി ആ ബോധക്കേട് മാറ്റാന്‍ അയാള്‍ക്ക് വേറെ ആരേലും ബ്ലഡ് കൊടുക്കേണ്ടി വരും.."

തലയില്‍ കൈ വെച്ചു ഞാന്‍ അവന്‍റടുത്തേക്ക് നടന്നു..നോക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ചാരിയിരിക്കുന്നത് കണ്ടു..

"എന്തെയ്ഡോ പറ്റിയത്..?"

"ആ സിസ്റ്റര്‍ പറ്റിച്ചഡോ..  300 എംഎല്‍ ബ്ലഡിന് പകരം ഓള് എന്‍റെ മുഴുവന്‍ കുത്തിയെടുത്ത്..എന്നിട് ഓലക്കെമിലെ ഒരു ഫ്രൂട്ടിയും തന്നു..നാളത്തെ ഇന്‍റെ 800 പോയല്ലോ.. "

ഒരു വിധം താങ്ങിപ്പിടിച്ച് അവനെയും കൊണ്ട് ഞാന്‍ പുറത്തു കടന്നു..ഹോട്ടല്‍ സനാ ടവറില്‍ കയറി ചെക്കന് ഭക്ഷണം വാങ്ങി കൊടുത്തു..വരുന്ന വഴിക്കു ടിവിയില്‍ ബങ്ഗുലൂര്‍  വന്‍ഡര്‍ ലായുടെ പരസ്യം കണ്ടു.. അവിടെ വേസ്റ്റ് എടുക്കാന്‍ നില്ക്കുന്ന പെങ്കുട്ടികള്‍ക്ക് വരെ എന്താ മൊഞ്ച്..

"എഡൊ.."

"എന്തേ.."

"ഇമ്പലെ നാട്ടിലെ പെങ്കുട്ടികളൊക്കെ ഇവരെ കാല് കഴുകിയ വെള്ളം കുടിക്കണം ..അത്രക്കിണ്ട് മൊഞ്ച്.."

ആശാന്‍ വീണ്ടും ഉഷാറായതോട്   കൂടി എനിക്കു സമാധാനമായി..