Saturday 26 October 2013

പ്രാവും പെണ്ണും

വീട്ടിലെ പശുവിനെ പുല്ലു തീറ്റിക്കാൻ കൊണ്ട് വന്നതായിരുന്നു അവൻ..പശു പുല്ലു തിന്നുന്നത് നോക്കി കിടക്കുമ്പോഴാണവന്റെ നോട്ടം ആകാശത്തേക്ക് വഴി മാറിയത് ..മേഘങ്ങൾ കൂട് കെട്ടിയൊരാകാശം..കൂട്ടിൽ നിന്ന് രക്ഷപെട്ടു പറന്നകലുന്ന പ്രാവുകൾ. പശു മൂത്രമൊഴിക്കുന്ന ശ്രുതി മധുരമായ ശബ്ദം കേട്ടവൻ നോട്ടം പശുവിന്റെ നേരെ ഫോക്കസ് ചെയ്തു..ഒഴിക്കുന്ന മൂത്രത്തിന്റെ അളവ് കറക്കുന്ന പാലിനേക്കാൾ എത്രയോ കുറവാണെന്നവന് തോന്നി.പശുവിന്റെ മേലെ ചില കൊക്കുകൾ വന്നിരിക്കുന്നുണ്ടായിരുന്നു..കൊക്കുകൾക്കൊരു നേരംപോക്കും പശുവിനൊരു കടി..ഏയ്‌ അങ്ങനെയാവില്ല.പരസ്പരം കഥകൾ പറഞ്ഞു കൊക്കുകളും പുല്ലിനോടു സ്വകാര്യം പറഞ്ഞെവന്റെ  പശുവും നേരം തള്ളി നീക്കി..തള്ളി നീക്കാൻ ഒന്നും കിട്ടാഞ്ഞ് ഒരു പുല്ലെടുത്തു വായിലിട്ടു ചവച്ചു അവനിരുന്നു..ദൂരെ ഒരു ചേര തലയുയർത്തി നോക്കുന്നതവൻ കണ്ടു..കുറെ നേരം നോക്കി മടുത്തിട്ടാവണം ചേര തന്റെ പാട്ടിനു പോയി..വന്നു വന്നു ചേരയ്ക്ക് പോലും നമ്മളെ വേണ്ടാതായിരിക്കുന്നു എന്നവൻ ആത്മഗതം മൊഴിഞ്ഞു.


ദൂരെ സൂര്യൻ തന്റെ ഒരു ദിവസത്തെ ജോലിയുടെ ക്ഷീണം തീർക്കാൻ കടലിലേക്കൊരു മുങ്ങിക്കുളി പാസ്സാക്കാൻ പോവുന്നുണ്ടായിരുന്നു.പ്രാവുകൾ തങ്ങളുടെ സർക്കീട്ട് മതിയാക്കി കൂട്ടിലേക്ക് മടങ്ങുന്നത് കണ്ടപ്പോളവന് പ്രാവുകളെ വളർത്തിയാൽ കൊള്ളാമെന്നു തോന്നി.ക്ഷണികമായ ആഗ്രഹങ്ങൾ - അതാണല്ലോ ഏതൊരു  മനുഷ്യന്റെയും ഒരിത്..ഏത് ? കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഡിക്ഷ്ണറിയിൽ നിന്നും പെറുക്കി ദൂരെ കളഞ്ഞതിന് ശേഷം വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒരു അപൂർണത അവനു തോന്നി തുടങ്ങിയിരുന്നു.


പശുവിനെ കെട്ടഴിച്ചവൻ നടന്നു..ദൈവത്തിന്റെ ജി.പി.എസ് ഉള്ളിലുള്ളത് കൊണ്ടാവണം പശു വഴി തെറ്റാതെ അവനെയും കൊണ്ട് വീട്ടിലേക്ക് നടന്നു .പോകുന്ന വഴിക്ക് വഴിലിരുന്നു ഗോട്ടി കളിക്കുന്ന  കുട്ടനോട് പ്രാവിനെയെവിടെ കിട്ടുമെന്നന്വേഷിച്ചു.മൂന്നു കിലൊമീറ്ററപ്പുറത്തുള്ള പണിക്കരുടെ വീട് പറഞ്ഞു തന്നവൻ വീണ്ടും കളിയിലേക്ക് ഊളയിട്ടു .

നന്ന രാവിലെ കട്ടൻ ചായയും  അമുൽ റസ്കും തിന്നവൻ പണിക്കരുടെ വീട്ടിലേക്കോടി.കഞ്ചാവടിച്ച ഒരു പൂവൻ കോഴി തന്നെ തുറിച് നോക്കുന്നതവൻ കണ്ടു .പണിക്കരുടെ കോഴിയല്ലേ ,വല്ല കാരണവും കാണും എന്നവൻ മനസ്സില് പറഞ്ഞു.ആ സമയത്താണ് ഒരു പെണ്‍കുട്ടി പുറത്തേക്ക് വന്നത്..ചോദ്യമൊന്നും  ചോദിച്ചില്ല..കേറിയിരിക്കാൻ പറഞ്ഞു ..പുറത്തെ കോഴി നോട്ടം അപ്പോഴും മതിയാക്കിയിരുന്നില്ല.സിപ്‌ ഇട്ടിട്ടുണ്ടല്ലോ...

"വരൂ ഇരിക്കൂ ,കയ്യൊന്നു കാണിക്കു "

പണിക്കരോടെതിർത്തൊന്നും പറയാൻ തോന്നിയില്ല.കൈ നീട്ടി..ഇതിനു മുന്പവൻ കൈ നീട്ടിയത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം ടീച്ചർ പറഞ്ഞപ്പോളായിരുന്നു .അന്ന് കവിതയുടെ ആസ്വാദന കുറിപ്പെഴുതാൻ പറഞ്ഞപ്പോൾ അതിനു പകരം കവിത കൊണ്ട് വന്ന പത്തിരിയുടെയും മുട്ടക്കറിയുടെയും ആസ്വാദന കുറിപ്പെഴുതിയതിനായിരുന്നു അത്.
പ്രാവിനെ വാങ്ങാൻ വന്ന തന്റെ ഭാവിയെ ഈ ഭൂതം ചോദ്യം ചെയ്യുന്നതിന്റെ ഗുട്ടന്സവന് മനസിലായില്ല..വന്നു കുടുങ്ങി..ഏതായാലും കേട്ടിട്ട്  പോവാം..

"കഷ്ടകാലമാണ്‌ , ആറു മാസമായി ശനി ദശ തുടങ്ങിയിട്ട് ,സൂക്ഷിക്കണം "

ശനി ദശയുടെ ഡീറ്റൈൽസ് അറിയില്ലായിരുന്നെങ്കിലും  കഷ്ടകാലം ,അത് ജനിച്ചപ്പോ ദൈവം തന്ന ബണ്ടിൽട് ഓഫെറാണെന്ന് അവനറിയാമായിരുന്നു.

"ജീവിതത്തിലേക്കൊരു പെണ്ണ് വരും ഉടനെ..."

"ജീവിതം ഉണ്ടെങ്കിലല്ലേ വരൂ പണിക്കരെ"

ഭാവി കേട്ട് കഴിഞ്ഞപ്പോ അവനൊരു കാര്യം ഉറപ്പായി - അടുത്തൊന്നും രക്ഷപെടുന്ന ചാൻസില്ല ..

നൂറിന്റെ നോട്ടും പത്തിന്റെ ഒരഞ്ചു നോട്ടും താലത്തിലേക്കിടുന്ന മാത്രയിൽ പണിക്കരോട് ചോദിച്ചു :

"പണിക്കരെ പ്രാവ് "

"മോളോട് ചോദിച്ച മതി.."

"ഓ"

മോളുടെ പ്രാവിനെക്കൾ ഭംഗി മോൾക്ക്‌ തന്നെയാണ് പണിക്കരെ എന്നയാളുടെ പുറത്തു തട്ടി കോമ്പ്ളിമെന്റാൻ തോന്നി അവനു മോളെ കണ്ടപ്പോൾ ..ഒരു സബ്ജയെ വാങ്ങി സുബ്രമണ്യപുരം സ്റ്റൈലിലവൻ സ്ലോ-മോ യിൽ നടന്നു നീങ്ങി.. 

വാങ്ങി രണ്ടു ദിവസം തികഞ്ഞില്ല..പ്രാവ് പ്രാവിന്റെ പാട്ടിനു പോയി..അതെത് പാട്ടെന്നു അന്തിചിരിക്കുംബോഴാണ് ഗോട്ടി കളിക്കുന്ന കുട്ടൻ പ്രാവ് പണിക്കരുടെ വീട്ടില് തന്നെയുണ്ടെന്ന് വന്നു പറഞ്ഞത്..കോപാകുലനായി അവൻ കുട്ടനെയും കൂട്ടി തന്റെ പഴയ രാല്ലീസ് സൈക്കിൾ ആഞ്ഞു ചവിട്ടി..കാറ്റ് കുറവായിരുന്നിട്ടും ബ്രേക്ക്‌ തീരെയില്ലാഞ്ഞത് കൊണ്ട് നീക്കത്തിനൊരു കുറവുമവന് അനുഭവപ്പെട്ടില്ല . 

സൈക്കിൾ സ്ലോ മോയിൽ സൈഡ് സ്റ്റാന്റാക്കി  നടക്കാൻ തുടങ്ങ്യപ്പോൾ പിറകിൽ  നിന്നൊരു ശബ്ദം കേട്ടു... റാലീസ് സൈക്കളിന് സൈട് സ്റ്റാൻന്റ് ഇല്ലായിരുന്നു എന്ന കാര്യം അവനറിഞ്ഞു .കുട്ടനോട് സൈക്കിൾ എടുത്ത് വെക്കാൻ പറഞ്ഞു അവൻ നടന്നു. പണിക്കരുടെ കോഴി അപ്പോഴും അവനെ നോക്കി അതെ സ്ഥലത്ത് അതെ പോസിൽ നിൽക്കുന്നതവൻ കണ്ടു ..

പ്രാവിന് തീറ്റ കൊടുക്കുന്ന പണിക്കരുടെ മോളോട് ഘനഗാമ്ഭീര്യ ശബ്ദത്തിൽ ശബ്ദമുണ്ടാക്കി :

" ഹ്"

"എന്താ വന്നത് ?"

"ഇന്നാളു വാങ്ങിയ പ്രാവ് പറന്നിവിടെക്ക് വന്നൂന്ന് കുട്ടൻ പറഞ്ഞു ,അതിനെ തിരികെ കൊണ്ടോവാൻ വന്നതാ.."

"സോറി ട്ടോ.. പ്രാവിവിടെ തന്നെയിണ്ട് ..ഇപ്പൊ തരാം .."

പ്രാവിനെ കൂട്ടിൽ നിന്നറക്കി കയ്യിൽ  തരുമ്പോൾ അവളുടെ കൈകൾ അവന്റെ കൈകളുമായി കൂട്ടിമുട്ടി..ആ കൂട്ടിമുട്ടലിന്റെ പ്രതിഫലനമെന്നോണം അവരുടെ കണ്ണുകൾ കൂട്ടിമുട്ടി ..അവളുടെ മുപ്പത്തി രണ്ടു പല്ലുകൾ വീണ്ടും മിഴിതുറന്നു ..

പോകുന്ന വഴിക്ക് അവൻ കോഴിയെ ചൂണ്ടി  അവളോട് ചോദിച്ചു :

"ആ കോഴിക്ക് ഒന്നും തിന്നാൻ കൊടുക്കാറില്ലേ?"

അത് കേട്ടവൾ പല്ല് മുപ്പത്തിരണ്ടും  കാട്ടി ചിരിച്ചു 

"അയ്യോ അത് കോഴിയല്ല ,മയിലാണ് ,പിന്നെ അതിനു ജീവനില്ല..കൊങ്ക്രീട്ടാണ് .."

കോഴിയെയും മയിലിനെയും തിരിച്ചറിയാത്ത വിധം അധപധിച്ചു പോയ തന്നോട് തന്നെ അവനു പുച്ഛം തോന്നി ..അത് പറഞ്ഞു തന്ന അവളോട് എന്തോ ഒരിഷ്ടവും ..

തിരിച്ചു പോകുമ്പോൾ പ്രാവിനോടവൻ മന്ത്രിച്ചു :

"വരണമെന്ന് തോന്നുമ്പോഴൊക്കെ ഇവിടെ വന്നോ.. നിനക്ക് നിന്റെ ഇണയെയും കാണാം എനിക്കാ പെണ്ണിനേയും ...ഒരു മ്യുചൽ അണ്ടർസ്റ്റാന്റിംഗ്  .."

കുട്ടനേം കൂട്ടി തിരിച് ചവിട്ടുമ്പോ പണിക്കരോടവൻ മനസ്സില് പറഞ്ഞു :

"ജീവിതത്തിലേക്ക് പെണ്ണ് വന്നാശാനേ ...."

പണിക്കരുടെ വീട്ടിലേക്ക് പ്രാവ് തിരിച്ചു പറക്കുന്ന ദിവസത്തിനായി അവന്റെ മനസ്സ് വീണ്ടും കൊതിച്ചു കൊണ്ടെയിരുന്നു ..

Thursday 17 October 2013

നാഴികകല്ലുകൾ

"പ്രവചനങ്ങൾ പ്രതീക്ഷകളായും പ്രതീക്ഷകൾ ജീവിക്കാനുള്ള പ്രേരണയാവുകയും ചെയ്യുന്നു"

2 0 0 7 മാർച്ച്‌ :

നിറം മങ്ങിയ ക്ലാസ് മുറിക്കുള്ളിൽ കാലൊടിഞ്ഞ ബെഞ്ചിലിരുന്നു പെന്സില് കൊണ്ട് തല ചൊറിയുമ്പോൾ വായുവിലൂടെ ഒഴുകിയെത്തിയ ക്ലാസ്സ്‌ ടീച്ചറുടെ ശ്രുതി മധുരമായ സ്വരം :

"പത്താം ക്ലാസ്സ്‌ എന്നത് നിങ്ങൾ വിദ്യാർഥികളുടെ ജീവിതത്തിലെ നാഴികകല്ലാണ് , ഇവിടെ വിജയിച്ചാൽ നിങ്ങൾ ജീവിതം വിജയിച്ചു "

നിറം മങ്ങിയ ക്ലാസ്സ്‌ റൂമിൽ നിറം മങ്ങിയ ഭാവിയുമായി എന്നെപോലുള്ള ഒരുപാടൊരു പേർക്ക് ഈ ഉപദേശം കാര്യമായ മാറ്റമോന്നുമുണ്ടാക്കിയതായി എനിക്ക് തോന്നിയില്ല, മാത്രമല്ല ബുദ്ധിക്ക് ആരെക്കാളും രണ്ടിഞ്ച് കനമുണ്ടായിരുന്ന ടീംസിനൊക്കെ ഈ ഉപദേശം ഭാവിയെന്ന ക്യാൻവാസിൽ കുറച്ചു പുതിയ നിറങ്ങളെ സമ്മാനിക്കുകയും ചെയ്തു. എന്നെത്തയും പോലെ അവരടെ തലകൾ ക്ലാസ്സിൽ ഉയർന്നു  കണ്ടു .

2 0 0 9 മാർച്ച്‌ :

പത്താം ക്ലാസ്സിലെ നാഴികകല്ല് താണ്ടിയിട്ടു രണ്ടു കൊല്ലമാവാറായിരുന്നു . പ്ലസ് ടു എന്നായിരുന്നു അടുത്ത നാഴികകല്ലിന്റെ പേരത്രേ. പ്ലസ്‌ ടു എന്ന് വെച്ചാൽ ആ ടൈമിൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞു രണ്ടു വർഷം അധികം എന്നായിരുന്നു അല്ലാതെ ഇന്നത്തെ പോലെ പോലെ പത്താം ക്ലാസ്സിലെ എല്ലിന്റെ എണ്ണത്തിൽ  നിന്നും രണ്ടെണ്ണം കൂടി എന്നായിരുന്നില്ല .

"പ്ലസ് ടു ആണ് മക്കളെ നിങ്ങടെ ജീവിതഗതി തന്നെ മാറ്റിമറിക്കാൻ പോണത് , സൂക്ഷിച്ചാൽ ദുഖിക്കേണ്ട "

രണ്ടാമത്തെ നാഴികകല്ലിലേക്ക്  ഒരു മാസത്തെ ദൂരം മാത്രമുണ്ടായിരുന്ന സമയത്ത് ജീവിതത്തിന്റെ ഗതി മാറ്റിമറിക്കാൻ ഞാനും കുറച്ച പേരും ഇറങ്ങി പുറപ്പെട്ടു. ഒരു മാസം കൊണ്ട് യെവനൊക്കെ എത്രത്തോളം ഗതി മാറ്റുമെന്നു ഞങ്ങള്ക്കൊന്നു കാണണം എന്ന പുഛഭാവം നിഴലിച്ചു നിന്നവരുടെ കണക്കെടുക്കാൻ ഞങ്ങൾ മിനക്കെട്ടില്ല.അച്ഛൻ പഠിക്കാഞ്ഞിട്ടാണ് ഞങ്ങളുടെ ജീവിതം ഊംബിയത് എന്നെന്റെ മക്കൾ പറയാൻ ഇട വരുത്തരുത് എന്നതായിരുന്നു  ലക്‌ഷ്യം. കൂടെയുള്ളവർക്ക് ബെൻസ്‌ കാർ വാങ്ങാനും,സുന്ദരിയായ വധുവിനെ ലഭിക്കാനും , അമ്മോന്റെ മുഖത്തേക്ക് പൈസ വലിച്ചെറിയാൻ എന്നിങ്ങനെ നാനാവിധമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരുന്നു.

പഠിക്കാൻ വേണ്ടി അധികമാരും പഠിക്കാറില്ല . എത്ര വലിയ പഠിപ്പിസ്റ്റ് ആണെങ്കിലും വിദ്യ ആർജിക്കുക എന്നതിലുപരി സ്വാർഥമായ തന്റെ ലക്ഷ്യതിലെക്കുള്ള കുറുക്കുവഴി എന്നതിലുപരി പഠനം ഒന്നുമല്ല. മറിച്ച് പഠിക്കാൻ വേണ്ടി പഠിച്ചവർ മിക്കവാറും മെസ്ത്രിയുടെ കൂടെ കുമ്മായം കൂട്ടാനും വെയിലത്ത്‌ കമ്പി വളയ്ക്കാനും എത്തിപെടുകയും ചെയ്യുന്നു .


2 0 0 9 സെപ്റ്റെംബർ :

ജീവിതത്തിലെ രണ്ടു നാഴികല്ലുകൾ ഇതിനകം പിന്നിട്ടിരിക്കുന്നു എന്ന ചിന്ത മനസിനോരാശ്വാസം നല്കിയിരുന്നു - എന്റെയും എന്റെ മാതാപിതാക്കളുടെയും. രണ്ടാമത്തെ നാഴികല്ല് താണ്ടുന്നതിനു മുന്പ് ശംഭു നമ്പൂതിരി ജപിച് തന്ന ഏലസ്സ് കാരണമാണ് ഞാൻ പാസ്സായത് എന്ന വിശ്വാസം രൂഡമൂലമായി കഴിഞ്ഞ അവരുടെ മനസ്സിൽ ഞാനെന്തു പറഞ്ഞാലും കയറില്ലായിരുന്നു. ഒരു മാസം ഗതി മാറ്റിമറിക്കാൻ ഞാൻ മാറ്റി വെച്ച എനിക്കേറ്റവും പ്രിയപ്പെട്ട ഉറക്കം, ഞാൻ മാറ്റി വെച്ച ക്രിക്കറ്റ്‌ മാച്ചുകൾ, ഇതിനെല്ലാം പുറമേ പഠിക്കണം , പാസ്സാവണം എന്ന ചിന്ത - എല്ലാത്തിന്റെയും ക്രെഡിറ്റ്‌ ഒരു നിമിഷം കൊണ്ട് ശംഭു നമ്പൂതിരിയുടെ ഏലസ്സ് കൊണ്ട് പോയപ്പോൾ വല്ലാത്തൊരു ഇത് മനസ്സില് നിറഞ്ഞു. ദേഷ്യം , സങ്കടം , വെറുപ്പ് - സമ്പ്രധായങ്ങളെ ഫക്കടിച് കാണിക്കാൻ ആദ്യം തോന്നിയത് അപ്പോളാണ്. രണ്ടാമത് ഫക്കടിക്കാൻ തോന്നിയത് റിസൾട്ട് വന്നതിനു ശേഷം സ്കൂളിൽ സർട്ടിഫികറ്റ് വാങ്ങാൻ ചെന്നപോളായിരുന്നു . കുശലം ചോദിക്കാൻ വന്ന കെമിസ്ട്രി മാഷ്‌ "എന്തായെടോ , പണിക്ക് പോവാനോക്കെ തൊടങ്ങിയോ ?" എന്ന് ചോദിച്ചപ്പോളായിരുന്നു അത്.

കാലം കടിഞ്ഞാണ്‍ വിട്ട കുതിരയെ പോലെ കുതിച്ചു. കൂടെയുള്ളവരൊക്കെ എന്ട്രന്സ് എന്ന കല്ല്‌ പെറുക്കാനായി വിട്ട തുംബികളായി മാറി കഴിഞ്ഞിരുന്നു. കല്ലു പെറുക്കാൻ ഇഷ്ടമില്ലാഞ്ഞത് കൊണ്ടോ എന്തോ ശംഭു നമ്പൂതിരിയുടെ എലസ്സെനിക്ക് റാങ്ക് ലിസ്റ്റിൽ ഒരു സ്ഥലം വാങ്ങി തന്നിരുന്നു. അങ്ങനെ മലയാളികൾ കടല് കടന്നു ദുബൈയിൽ പോകുന്ന പോലെ ഞാൻ വീടിന്റെ പടി കടന്നു എന്ജിനിയരിംഗ് കോളേജിൽ പോയി.

എന്ജിനിയറിംഗ് കോളേജ് ഗിയറുള്ള ഒരു വാഹനമായിട്ടാണ് എനിക്ക് തോന്നിയത്. ആകെയുള്ള വ്യത്യാസം ആകെ രണ്ടു ഗിയരെ ഈ വാഹനത്തിനുള്ളൂ എന്നതാണ്. ആദ്യത്തെ കൊല്ലം ഫസ്റ്റ് ഗിയറിലിങ്ങനെ മെല്ലെ മെല്ലെ മൂളിയും നിരങ്ങിയും ജീവിതം പോവും, രണ്ടാമത്തെ കൊല്ലമാവുംബോഴേക്കും നേരെ ടോപ്‌ ഗിയറിലെക്ക് ഷിഫ്റ്റ്‌ ചെയ്യും . ഇടയ്ക്ക് മാറ്റാൻ ഗിയറൊന്നും കാണില്ല. ബ്രേക്ക്‌ ചവിട്ടാനായി എന്ന് ചിന്ത മനസ്സില് തോന്നി തുടങ്ങുന്ന നിമിഷം യാത്ര അവസാനിക്കുകയും ചെയ്തിരിക്കും .

സപ്പ്ളികളും അപ്പ്ളികളുമായി നാലാം വർഷമെത്തി തണുത്തുറഞ്ഞ ഒരു സുപ്രഭാതത്തിൽ .

അപ്പോഴും ക്ലാസ്സ്‌ റ്റ്യുട്ടർ മൊഴിഞ്ഞു :

"ഉപദേശിക്കണ്ട പ്രായമല്ല നിങ്ങളുടെത് എന്നെനിക്കറിയാം , എന്നാലും പറഞ്ഞു പോവുകയാണ് ഇത് വരെ പഠിച്ച പോലെയായിരുന്നില്ല ഇത്. അവസാന വർഷമാണിതെന്ന ചിന്ത നിങ്ങളെവർക്കും വേണം. കളിക്കാം ഈ വര്ഷം കൂടെ കഴിഞ്ഞാൽ നിങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ഒരു ലോകമാണ് "

അടുത്ത നാഴികകല്ലു ചൂണ്ടി കാണിച്ചു അയാള് മുറി വിട്ടു പോയി. പഠിക്കുവാനുള്ള പഠിത്തം അന്യം നിന്ന് പോയിരുന്നു. കോഴ്സ് കഴിഞ്ഞു ബാപ്പ കാണിച്ചു തരുന്ന പെണ്ണിനെ കെട്ടി ഓൾടെ ബാപ്പ കൊടുക്കുന്ന ഇന്നോവയിൽ ചുറ്റുക, ഷോർട്ട് ഫിലിം ഡയറക്റ്റ് ചെയ്യുക , കഞ്ചാവു കൃഷി നടത്തുക -  സ്വാർഥമായ ലക്ഷ്യങ്ങളുടെ ചീഞ്ഞ മണം അവിടെയും തളം കെട്ടി നിന്നു .

ഒന്നോത്താൽ മൂന്നോത്തു എന്നാണാല്ലോ ചൊല്ല് - അത് കൊണ്ടിനി മൂന്നാമത്തെ നാഴികകല്ല്‌ മാത്രമായിട്ട് വിട്ടു കളയാൻ മനസ്സ് അനുവദിച്ചില്ല. പഠിച്ചു - വേണ്ടതും വേണ്ടാത്തതും വേണ്ടതിലധികവും . ഫസ്റ്റ് ക്ലാസിൽ പാസ്സാവുകയും ചെയ്തു . എല്ലാം കഴിഞ്ഞ് പുറത്തെ ലോകത്തേക്കിറങ്ങി അവസരങ്ങളെ കണ്ടുമുട്ടാൻ .

പലതും കാണേണ്ടി വന്നു , പക്ഷെ അതിലൊന്നും അവസരങ്ങളുണ്ടായിരുന്നില്ല . അങ്ങാടിയിലെ മസാല പീടികയിൽ വറ്റൽ മുളക് വാങ്ങണമെങ്കിൽ പോലും കച്ചവടക്കാരൻ  തരുന്ന എന്ജിനിയരിംഗ് ക്വസ്റ്യനൈർ പൂരിപ്പിച്ചു കൊടുക്കേണ്ടതായി വന്നു.ജോലി കിട്ടിയോ, കിട്ടുമോ കിട്ടിയാൽ പോകുമോ.. ചോദ്യങ്ങൾ അനവധിയായിരുന്നു.

"ഇത്രയൊക്കെ പഠിച്ചിട്ടും ജോലി കിട്ടാത്തത് നിന്റെ മാത്രം കുഴപ്പമാണ് , താല്പര്യം വേണം , അതെങ്ങനെയാ തെണ്ടി നടക്കാനല്ലേ ഇഷ്ടം "

വീട്ടുകാരുടെയും കുടുംബക്കാരുടെയും കുത്ത് വാക്കുകൾ കേൾക്കുമ്പോൾ നിശബ്ദനായി ഒരാള് ചിരിക്കുന്നുണ്ടെന്ന്  എനിക്ക് തോന്നി - ശംഭു നമ്പൂതിരി ജപിച് കെട്ടിയ അരയിലെ ഏലസ്സ് .


2 0 1 3 ഒക്ടോബർ :


"കൊട്ട് മുഴുവൻ ചെണ്ടയ്ക്കും , പണം മുഴുവൻ മാരാർക്കും "


സമ്പ്രധായത്തെ ഒന്ന് കൂടെ ഫക്കടിച് കാണിച്ചു കൊണ്ട് നിർത്തട്ടെ ..

                                                                             ശുഭം