Thursday 13 February 2014

ഒരു സാധാരണ ഇന്ത്യൻ പ്രണയകഥ

രണ്ട്  വർഷം  മുന്പ് :


നാളെ വാലൈന്റിൻസ് ഡേ.എല്ലാ കോഴികൾക്കും വാല് മുളയ്ക്കുന്ന ദിവസം.തനിക്കത്‌ പതിവ് പോലെ ഒരു വെള്ളിയാഴ്ച മാത്രമായിരിക്കുമെന്ന അറിവ് അവനെ വേദനിപ്പിച്ചു.കടുത്ത മാനസിക സംഘർഷം .ഇരുപത്തിരണ്ടു വയസ്സായിട്ടും ഇത് വരെ ഒരു പെണ്ണിനെ ചാലാക്കാൻ കഴിയാഞ്ഞതിലുള്ള വിഷമം മൂക്കിലൂടെ ഒലിച്ചിറങ്ങി.സീൻ കോണ്ട്ര - ജലദോഷം.പെണ്ണിനെ വളയ്ക്കാൻ കണ്‍വേസ് ഷൂസും ചുരുണ്ട മുടിയും മാത്രം മതി ,ബുദ്ധിയൊട്ടും വേണ്ടെന്നു പറഞ്ഞ് തന്ന കുട്ടനെ മനസ്സിൽ പഞ്ഞിക്കിട്ട് അവനെണീറ്റു.മേശപ്പുറത്തിരിക്കുന്ന തൊഴിൽവാർത്തയെടുത്ത് മറിച്ചു..എന്നിട്ട് മനസ്സില് പറഞ്ഞു - ജനറൽ കാറ്റഗറിക്കാരൊക്കെ ഇനി മുപ്പത് വയസ്സ് വരെ ജീവിച്ചാ മതിയെന്നൊരു ഓർഡിനൻസു കൂടിയിറങ്ങണം..എന്തിനാ വെറുതെ.....

പഠിക്കുന്ന കാലത്ത് സപ്പ്ളി വാരിക്കൂട്ടുന്ന തിരക്കിലായത് കൊണ്ട് കൂടെ പഠിക്കുന്ന പെണ്‍കുട്ടികളുടെ മൊഞ്ചും മുഖവുമൊന്നും നോക്കാൻ സമയം കിട്ടിയിരുന്നില്ല.വാരിക്കൂട്ടിയ സപ്പ്ളികൾ എഴുതിയെടുത്തു ഒന്ന് സെറ്റായി വരുന്നെന് മുന്പ് മൊഞ്ചത്തികളെ ഓരോ ഇംതിയാസുമാർ സലാലയാക്കിയിരുന്നു.ചുരുണ്ട മുടിയിലൂടെ വിരലുകളോടിച്ച് അവൻ ഉമ്മറക്കോലായിലിരുന്നു.ഇൻസ്ട്രുമെന്റ് ബോക്സിലെ ഡിവൈഡറു പോലെ ഒരു ജന്മം...കണ്ടു പരിചയമുള്ള ഒരു രൂപം ഗേറ്റ് കടന്നു വരുന്നത് കണ്ടു - കുട്ടൻ.

"ഹൈ മച്ചാ..സുഖല്ലേ ?"

"ഫ്രീക്കെ നിന്റെ വണ്ടിയൊന്ന് വേണം, ടൌണ്‍ വരെ പോണം..ചിക്കിന് ഗിഫ്റ്റ് വാങ്ങണം.."

ഉള്ളീന്ന് അമ്മ വിളിച്ച് ചോദിച്ചു :

"ആരാ മോനെ?"

"ഒന്നുമിലല്ലമ്മാ .. മുറ്റത്തെ നെല്ല് ചിക്കാൻ കോഴി വന്നിട്ടുണ്ട് ..എടുത്തകത്ത് വെക്കണോ ?"

"ഞാൻ വരാം "

കുട്ടൻ അരീക്കൽ കാവിലെ തിറയ്ക്ക് വാങ്ങിയ ബാബുമോൻ ബ്രാൻഡ് സണ്‍ഗ്ളാസ് ഊരി  കോലായിലേക്ക് കയറി.

"മച്ചാ ഡെസ്പാവല്ലേ..നമുക്ക് സബൂറാക്കാം.നിനക്ക് വേണ്ടി ഞാനൊന്നിനെ കഷ്ട്ടപെട്ട് പറഞ്ഞ് വെച്ചിട്ടുണ്ട്..അമ്പലപ്പടിക്കലാണ് വീട് ..കനത്തിലുള്ള ഒരു ഗിഫ്റ്റും വാങ്ങി നാളെ ചെല്ല്.ഓള് അനക്ക് സൂട്ടാവും. കുട്ടന്റൊറപ്പ് പൊട്ടാറില്ല.."

"പൊട്ടിയാൽ കുട്ടന്റെ ചെള്ള ഞാൻ മൂളിക്കും..അത്രെയെയുള്ളൂ.."

"എന്താണ് മച്ചാ ഇങ്ങനെ..ചീർ അപ്പ്..."

"ചീർപ്പില്ല..അല്ലേലും മൊട്ട തല്യ്ക്കെന്തിനാ ചീർപ്പ് ?"

ബുദ്ധിക്കൊരു ലേശം കമ്മിയുണ്ടെങ്കിലും ഉടായിപ്പിന്റെ ഉസ്താദായ കുട്ടന്റെ വിവരക്കേടിൽ അവനൊരു സംശയവുമുണ്ടായിരുന്നില്ല.പ്രേമിക്കാൻ അത്യാവശ്യം വേണ്ട എല്ലാ കിടുതാപ്പും തന്റെ കൈവശമുണ്ട് - ബൈക്ക്,ചുരുണ്ട മുടി, കോണ്‍വേസ് ഷൂസ്,വാട്സപ്പുള്ള ഫോണ്‍...പെണ്ണ് മാത്രമില്ല.മൃഗശാലയിലെ കുരങ്ങിന് വരെ ഇണയുണ്ട്..സർക്കാർ വക..നാട്ടിലെ കുട്ടന് ഇണയുണ്ട്..അത് മേലേടത്തെ ശങ്കരേട്ടൻ വക..പപ്പടപണിക്കാരനായ ശങ്കരേട്ടന്റെ മോളെ കുട്ടൻ വളച്ചത്‌ വളരെ ഐതിഹാസികമായിട്ടായിരുന്ന്.തനിക്ക് സങ്കടം വരുമ്പോഴെല്ലാം കുട്ടനെം കൂട്ടി പുഴക്കരയിൽ പോയിരുന്നു അവനെക്കൊണ്ടാ കഥ പറയിപ്പിക്കും..ഈ മണ്ടന് വരെ പെണ്ണ് കിട്ടിയെന്ന് കേൾക്കുമ്പോ മനസ്സിനൊരാശ്വാസം തോന്നും.

അവന് തന്റെ കാമുകിയെപറ്റി ഒരുപാട് സങ്കല്പ്പങ്ങളുണ്ടായിരുന്നു..പ്രേമിക്കുന്നത് പെണ്ണിന്റെ പണം കണ്ടാവണം.മുഖം കണ്ട്‌ പ്രേമിച്ചവനൊക്കെ മൂഞ്ചിയ ഒരുപാട് കഥകൾ കാലം തന്റെ മുന്നിലേക്കിട്ട് തന്നിട്ടുണ്ട്..കുട്ടൻ പറഞ്ഞ പെണ്ണിന്റെ ഡീറ്റൈൽസ് അറിയാൻ തന്നെ തീരുമാനിച്ച് .

"അമ്മേ ഞാനിറങ്ങുന്നു..കുട്ടാ വാ.."


ബീച്ചിലെ മണല്പ്പരപ്പിലിരുന്നു ദീർഘനിശ്വാസം വിട്ട് കുട്ടൻ പറഞ്ഞു :

"തിരയെണ്ണുക എന്ന സംഗതി എളുപ്പമാണ്..മിനുട്ടിൽ എത്ര തിരയുണ്ടെന്ന് നോക്കീറ്റ് അതിനെ അറുപതോണ്ട് ഗുണിച്ച്‌ പിന്നൊരു ഇരുപത്തിനാലുകൊണ്ട് ഗുണിച്ചാ..."

മണല് വാരി കുട്ടന്റെ അണ്ണാക്കിലിടാൻ തോന്നിയെങ്കിലും ഒന്നും ചെയ്യാതെ അവനിരുന്നു.

"ആ മച്ചാ വന്ന കാര്യം.. പെണ്ണ് അമ്പലപടിക്കലാണ് ..പെണ്ണിന്റഛൻ സൌദീലും.."

"അമ്മയോ...?"

"അത് പറയാൻ പറ്റൂല..വീട്ടിലുണ്ടാവേണ്ടതാണ്"

"വളയുമോ ?  "

"വളയും..ഒറപ്പ്. എന്റെ കൂടെ വാ ഗിഫ്റ്റ് വാങ്ങ്..നാളെ ചെല്ല് ..ഗിഫ്റ്റ് കൊട്..ഓള് വീഴും..ഇല്ലേൽ കുട്ടൻ വീഴ്ത്തും."

"പെണ്ണിന്റെ ഫോട്ടോ ഇണ്ടോ ?"

"ബേജാറാവണ്ട..പോണ വഴിക്ക് ഓളെ വീടിന് മുന്നിക്കൂടെ പോവാം..എന്തേയ്?"

"മം..."

കുട്ടനെം കൊണ്ടവൻ പ്യുവർ സൌത്തിൽ കേറി..ബില്ല് വന്നപ്പോളത് ആയിരത്തിന്റെ നോർത്തിലേക്കായിരുന്നു.

ഗിഫ്റ്റും വാങ്ങി സിനിമയും  കണ്ട് ഓവർ ബ്രിഡ്ജിറങ്ങി വരുമ്പോഴാണ് പോലീസുകാർ കൈവീശിയത് ..നൂറവിടെ പൊട്ടി..ചിലവേറെയാണെങ്കിലും പെണ്ണിന് വേണ്ടിയല്ലേ എന്നോർത്തവൻ സമാധാനിച്ചു.

വണ്ടി അമ്പലപ്പടിക്കലെത്തി. സൈഡ് സ്റ്റാന്റിലിട്ടു ഒതുക്കി നിർത്തി അവനിറങ്ങി.കുട്ടന്റെ മുഖത്തേക്ക് നോക്കി.

"മച്ചാ അത് തന്നെ വീട് .." - വെള്ള പെയിന്റടിച്ച ഒരടാറു് വീട് ചൂണ്ടി കുട്ടൻ പറഞ്ഞു.

ഇലവേഷൻ ശരിയല്ല .സാരമില്ല കല്യാണം കഴിഞ്ഞിട്ട് ഡാഡിയെ കൊണ്ട് മാറ്റി പണിയിക്കാം.

ആലിഞ്ചുവട്ടിൽ വച്ച ഫ്ലെക്സിങ്ങനെ പറഞ്ഞു : ആസിയാൻ കരാർ അറബിക്കടലിൽ ...ആണവകരാർ,ആസിയാൻ കരാർ,കമ്പ്യൂട്ടർ,ജെ.സി.ബി- കമ്മ്യൂണിസ്റ്റ് പാർട്ടി അറബിക്കടലിൽ കൊണ്ട് തള്ളിയ സാധങ്ങളുടെ കണക്കെടുത്താൽ വിറ്റാണ്.ചിരിച്ചു ചാവും.

"കുട്ടിയെവിടെ കുട്ടാ?"

"ദിപ്പോ ശരിയാക്കാം"

കുട്ടൻ തേപ്പ് പണിക്കാരുടെ ഉരസിപ്പലക പോലുള്ള തന്റെ ഫോണെടുത്ത് നമ്പർ കുത്തി ആരോടോ സംസാരിച്ച് .

"ഒരു അര മണിക്കൂർ..അവളിവിടെ എത്തും.ഡർ മത്  കരോ "

കുട്ടന്റെ കണക്ഷൻസ്‌ അപാരം തന്നെ.

"കുട്ടാ നീ ഹിന്ദി പഠിച്ചോ ?"

"ഞാനോ ? ഹിന്ദിയോ ? കിണ്ടി പഠിച്ചു "

"പിന്നിപ്പൊ ഹിന്ദി പറഞ്ഞത് ?"

"ദത് ദിന്നാള് മഹാഭാരതം സീരിയൽ കണ്ടപ്പോ കിട്ടിയതാ.."

സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു.. ഫൈനൽ സെമ്മിലെ റെഫ്രിജിറെഷൻ ആൻഡ്‌ എയർ കണ്ടീഷനിംഗ് പരീക്ഷക്ക് ഹാളിലിലിരുന്ന അതേ സ്പീഡിൽ..അവൻ വാച്ച് നോക്കി.ഏതോ ഒരു ഒമ്പതേ മുക്കാലിന് അകാലമരണം സംഭവിച്ച സൂചികൾ അവനെ നോക്കി പുഞ്ചിരിച്ചു .

അമ്പലത്തിലേക്ക് നോക്കി കുട്ടൻ അവനോട് പറഞ്ഞു :

"വല്ല ദൈവവുമായി ജനിച്ചാ മതിയായിരുന്ന് .."

"എന്തേ ?"

"അല്ല എല്ലാ ദിവസവും ഗുളിക കുടിക്കുന്നത് പോലല്ലേ ചരക്കുകൾ രാവിലേം വൈകീട്ടും വന്ന് തൊഴുതിട്ട്  പോണത് ..നമ്മളൊക്കെ ഇങ്ങനെ...."

പെട്ടെന്നാണ് അവളെ അവൻ ശ്രദ്ധിച്ചത് ..

"കുട്ടാ അവളാണോ ?"

"മച്ചാ പെണ്ണത് തന്നെ..മുട്ടിക്കോ"

അവൻ അവളുടെ അടുത്തേക്ക് ചെന്നു ..കുട്ടനും കൂടെ വന്നു.

"ഹായ് "

"ഹെലോ..വന്നിട്ട് കുറെ നേരമായോ ?"

"ഇല്ല.."

"എന്നെ കാണാൻ വന്നതാണെന്നറിഞ്ഞു.. സോ.. കണ്ടില്ലേ..?"

"സോ കണ്ടില്ല ..റോങ്ങ്‌ ടേണ്‍ കണ്ടു.സൂപ്പറാണ് " - അവൻ കുട്ടന്റെ മുഖത്തേക്കൊന്ന് കടുപ്പിച്ച് നോക്കി.

"ഞാനിപ്പ വരാം.." കുട്ടൻ സ്കൂട്ടായി.

"ഒന്നും പറയാനില്ലേ? അമ്മേടെ കൂടെ പുറത്ത് പോണം..ഇയാളെപറ്റി ഒരു ചെറിയ ഐഡിയ തന്നാൽ....."

"അതിനെന്താ..എനിക്കൊരു ജീവിതമുണ്ടായിരുന്നു.  അങ്ങനെയിരിക്കെ ഞാൻ ബി.ടെക്ക് പാസായി.അങ്ങനെ എനിക്കെന്റെ ജീവിതം     പോയിക്കിട്ടി."

മുപ്പത്തിരണ്ട് പല്ലും കാണിച്ചുള്ള അവളുടെ ചിരിയിലവൻ മയങ്ങി വീണു.

"ഐ ആം ഇമ്പ്രെസ്സ്ട്...വരട്ടെ..കാണാം..ടേക്ക്  കെയർ "

അവൾ നടന്നു നീങ്ങി...അവന്റെ ഹൃദയത്തിലേക്ക് ..

"കുട്ടാ....ലവ് യൂ ഡാ മുത്തേ ..."

വണ്ടിയെടുത്ത് ഒരു രാജമല്ലി വിടരുന്ന പോലെ പാടിയവൻ ആക്സിലെററേറ്റർ തിരിച്ചു..അഞ്ഞൂറ് മീറ്റർ പിന്നിട്ടപ്പോഴേക്കും അവന്റെ മനസ്സിൽ അവൾ വീണ്ടും വന്നു..അവളുടെ മുപ്പത്തിരണ്ട് പല്ലുകൾ അവനെ അത്രയേറെ ആകർഷിച്ചിരുന്നു..വണ്ടി തിരിക്കലും ഒരോട്ടോ വന്നുമ്മ വെച്ചതും പെട്ടന്നായിരുന്നു...


മുപ്പത്തി രണ്ടു സ്റ്റിച്ച് ശരീരത്തിന്റെ പല ഭാഗത്തുമായി സമ്മാനിച്ച ഒരുമ്മ ...കുട്ടന്റെ കാലിന്റെ തോലും പോയികിട്ടി...രണ്ടാൾക്കും വാലന്റൈന്സ് ഡേ നഷ്ടമായി...


ഫാസ്റ്റ് ഫോർവേർഡ് :

ഇന്നാ മുപ്പത്തിരണ്ടു പല്ലും അവനു സ്വന്തം...കുട്ടൻ തന്റെ പ്രണയം പൊട്ടിയ നിരാശയിൽ ഗൾഫിൽ പോയി.പുതിയൊരു പ്രണയം നാംബിടുന്നത് വരെ കുട്ടനവിടെ കാണും.