Friday 26 April 2013

പ്രസംഗം : വിഷയം (പൂച്ച)

പൂച്ചകള്‍ മനുഷ്യന്‍റെ ഓമന മൃഗമാണ് . പൂച്ചക്ക് വല്യ നഖങ്ങളുണ്ട്. എന്‍റെ ടീച്ചര്‍ക്കും നഖങ്ങളുണ്ട്. ടീച്ചറുടെ മുഖത്ത് കണ്ണടയുണ്ട്,എന്നാല്‍ പൂച്ചയുടെ മുഖത്ത് അതില്ല.ടിന്‍റുമോന്‍ കറുത്ത കണ്ണട വെക്കും. എന്നുവെച്ചു കറുത്ത കണ്ണട വെക്കുന്നവരെല്ലാം ടിന്‍റുമോനാവില്ല.കറുപ്പിന് ഏഴഴകാണ്.പക്ഷേ എനിക് കറുപ്പ് ഇഷ്ടല്ല.എനിക്കു സ്നേഹയെയും ഇഷ്ടല്ല.സ്നേഹയുടെ അച്ഛന് എന്നെ ഇഷ്ടമാണ്.പക്ഷേ അയാള്‍ക്ക് കള്ളുകുടിയും ഇഷ്ടമാണ്.കള്ളുകുടിക്കാന്‍ പൈസ വേണം.ഗാന്ധിജി എല്ലാ നോട്ടിലുമുണ്ട്.എന്‍റെ നോട്ടില് മാത്രമില്ല.ടീച്ചറുടെ വെട്ടും തെറ്റും മാത്രം.തെറ്റുകള്‍ മനുഷ്യസഹജമാണ്.ഏത് പൊലീസുകാരനും ഒരു തെറ്റൊക്കെ പറ്റും.പോലീസുകാര്‍ നല്ലവരാണ്. അവര്‍ കള്ളന്മാരെ പിടിക്കും.കള്ളന്മാരുടെ വീട് ജയിലാണ്.അവിടെ നല്ല സുഖമാണത്രേ.പൊറാട്ടയും കോഴിക്കറിയും കിട്ടും.സുകുമാരേട്ടന്‍റെ പീട്യേലെ കോഴിക്കറി എനിക്കിഷ്ടല്ല.എരിവ് കൂടുതലാണ്.പൂവന്‍ കോഴി മുട്ടയിടില്ല.അതെന്താന്നു എനിക്കറിയില്ല.അഹങ്കാരം.. അല്ലാണ്ട് എന്താ പറയാ..പണ്ട് ബൈജു എന്നെ പറ്റിച്ചു.റോസാ ചെടിക്ക് മോളില്‍ പൂവന്‍ കോഴി മുട്ടയിട്ട് ,അത് എന്തായിട്ടും താഴത്ത് വീണില്ല ന്നു പറഞ്ഞ്..റോസാ പൂവിന് ചുവപ്പ് നിറമാണ്.ചുവപ്പ് കമ്മ്യൂണിസ്റ്റുകാരുടെ നിറമാണ്.ചോരയുടെ നിറവും ചുവപ്പാണ്.ചോര കൊടുത്താല്‍ "മാ" കിട്ടും.അത് കുടിക്കാന്‍ നല്ല ടേസ്റ്റ് ആണ്.എത്രെയോ ആള്‍ക്കാര്‍ ഇങ്ങനെ ചോര കൊടുത്തിട്ടാനത്രേ നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്.ഓര്‍ക്ക്  "മാ" കൊടുക്കാന്‍ ആരുമില്ലായിരുന്നു.സ്വാതന്ത്ര്യം  ഓരോ മനുഷ്യന്‍റെയും അവകാശമാണ്.വെള്ളക്കാര്‍ ആയിരുന്നു ഭാരതം പണ്ട് ഭരിച്ചിരുന്നത്.ഇപ്പോ കൊങ്ഗ്രെസ്സുകാരാണ് മുടിച്ചു കൊണ്ടിരിക്കുന്നത്."വെള്ളക്കാര്‍ പോയി..കൊള്ളക്കാര്‍ വന്നു..". പഴഞ്ചൊല്ലില്‍ പതിരില്ല. എന്നാലോ റേഷന്‍ പീട്യേലെ അരിയില്‍ മുഴുവന്‍ പതിരാണ്.പെങ്കുട്ടികള്‍ക്ക് എന്തോ പതിരോക്കെ വേര്‍തിരിക്കാന്‍ പറ്റണമെന്ന് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്.പതിരു വേര്‍തിരിക്കുന്നതിലും നല്ലത് അരി വേര്‍തിരിക്കുകയാവും.അതാവുമ്പോ എണ്ണത്തില്‍ കുറവായിരിക്കും.സ്ത്രീകള്‍ അബലകളാണ്.അതുകൊണ്ടു തന്നെ അവര്‍ തബല പഠിക്കാന്‍ പാടില്ല.അത്രേ നിര്‍ബന്ധമാണെങ്കില്‍ വയലിനോ ഗിറ്റാരോ പഠിക്കട്ടെ.

വയലിന് കമ്പിയുണ്ട്. ഈ കമ്പി ഭാരത്തില്‍ കൊണ്ട് വന്നത് ബ്രിട്ടീഷുകാരാണ്.ഈ കമ്പിയില്‍ കൂടെ  ആയിരുന്നു പണ്ട് അമ്മാവന്‍ മരിച്ചതും, കുട്ടി ജനിച്ചതും ഒക്കെ അറിയിച്ചിരുന്നത്.ഈ കമ്പി പിന്നെ തുരുംബെടുത്തപ്പോ മുറിച്ചു വയലിനില്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് ചരിത്രം.ചരിത്രം പരിശോധിച്ചാല്‍ ഭയങ്കര കോമടിയാണ്.വാസ്കോ ഡ  ഗാമ കാപ്പാട് കടപ്പുറത്താണ് കാലുകുത്തിയത്.ശംങ്ങുമുഖത്തും ബേപ്പൂരും ഒക്കെ മൂപ്പര് പോയി നോക്കിയെങ്കിലും ആടെ ഇള്ള അലംബ് ചെങ്ങായിമാര് അയാളെ അവ്ടെ കാല് കുത്താന്‍ സമ്മതിച്ചില്ല.

എലികള്‍ പൂച്ചയുടെ ശത്രുവാണ്. ഇന്ത്യയുടെ ശത്രു പാകിസ്താനെന്ന പോലെ.പൂച്ച എലിയെ പിടിക്കും. എന്നാല്‍ ഇന്ത്യ പാകിസ്ഥാനെ പിടിക്കില്ല. ക്രികറ്റ് കളിയിലും തോല്ക്കും. ക്രികറ്റ് കളി ആദ്യം കളിച്ചത് വെള്ളക്കാരാണ്.അതോണ്ട് ആദ്യം വെള്ള തൊപ്പിയും വെള്ള പന്തും വെള്ള വീക്കെറ്റും ഒക്കെ ആയിട്ട് ഓര്‍ക്ക് തോന്നുംബോലെ ആയിരുന്നു കളി.ഓര് ജയിക്കും വരെ കളിച്ചു കൊണ്ടേയിരിക്കും. അതിനു "ടെസ്റ്റ്" എന്നായിരുന്നത്രെ പേര്.ഇന്നിപ്പോ കുറച്ചു ഭേദണ്ട്.ഇപ്പോ നല്ല മിന്നിച്ച കളറിലോക്കെ ചെക്കനമാര്‍ കളിക്കിന്നിണ്ട്.ഫൂട്ബോളിന്റെ കഥയാണ് കഷ്ടം. നൈജീരിയന്‍ താരം കൊണാപ്പിയും ഘാന താരം സിനാപ്പിയും ഒക്കെ വന്നു മലപ്പുറത്തെയും കോയിക്കോട്ടെയും ഗ്രൌണ്ടില്‍ കളിക്കണതല്ലാതെ ഇമ്പടെ ഇവ്ടെ നിന്ന്‍ ഏതെലും ചെക്കന്‍മാര്‍ ഓലെ നാട്ടില്‍ ചെന്ന്‍ സെവെന്‍സ് കളിക്കിണ്ടോ? അതിനു  ഇവിടെ ചെലര് പറയുന്ന കാരണം അവിടെ സെവെന്‍സ് ഇല്ല, ഡബിള്‍സ് എ ഉള്ളൂ , അത് കളിച്ചാ ഞമ്മളെ പയ്യന്‍മാര്‍ക്ക് ഒരു ഏയിം കിട്ടൂല എന്നൊക്കെയാണ്.    

"ഏയിം" തീപ്പെട്ടി  എന്തു പറഞ്ഞാലും ഉഷാര്‍ സാധനമാണ്.കഥകളി തീപ്പെട്ടിയെക്കാളും പെട്ടെന്ന്‍ കത്തും. കഥകളി തീപ്പെട്ടി പച്ച നെറത്തിലുള്ള പെട്ടീലാണ് വരുന്നത്.സ്വാഭാവികമായും അത് ലീഗുകാരുടെ തീപ്പെട്ടിയാണ്.ഏയിം മഞ്ഞ നെറത്തിലുള്ള പെട്ടീലാണ് വരുന്നത്..അത് എസ്.എന്‍.ഡി.പി ക്കാരുടെ തീപ്പെട്ടിയാണ്.തീപ്പെട്ടിയുടെ അറ്റത്തു  എന്‍റെ പൂച്ചയുടെ മുഖത്തുള്ളത് പോലെ ഒരു കറുത്ത പൊട്ടുണ്ട്.അത് കാണുമ്പോ എനിക്കു എന്‍റെ പൂച്ചയെ ഓര്മ വരും.നിങ്ങള്‍ നിങ്ങളുടെ പൂച്ചയെ സ്നേഹിക്കണം. പൂച്ചയില്ലാതെ നമുക്കെന്താഘോഷം..

Thursday 25 April 2013

വെണ്ണയും പാലും..

"ഉളുപ്പില്ല്യഡോ അനക്ക് ഞാനൊരു  തള്ള കഷ്ടപ്പെട്ടുണ്ടാക്കുന്നത് വാരി മുണുങ്ങി നടക്കാന്‍? അന്നോട് ഒരു കല്യാണം കയിക്കാന്‍ എത്ര കാലായി ഞാന്‍ തത്ത ചെലക്കുമ്പോലെ പറയാന്‍ തൊടങ്ങീട്ട്?"

ബാബുവിന്‍റെ ആ ദിവസം തുടങ്ങിയത് ഈ ഡയലോഗിലാണ്.

"ഞാനെന്തു ചെയ്യാനാന്ന് ഇങ്ങളീ പറയുന്നത്? ഇനിക് പെണ്ണ് കിട്ടണ്ടേ... കൊറേ ഞാന്‍ ഇങ്ങളറിയാണ്ട് ഒറ്റക്ക് പോയി നോക്കിക്കിന്ന്.."

"പോയിറ്റ് എന്തായി ?"

"പോയത് മുയ്മന്‍ ന്ടെ പൈസ്യാ.. ഒന്നും അങ്ങോട്ടു കബൂലായില.."

"അതെങ്ങന്യ.. അനക്ക് ആരേം ഒക്കൂലല്ലോ..  ബാബോ.. ആന തൂറുന്നത് കണ്ട് അണ്ണാന്‍ തൂറാന്‍ നിക്കരുത് മോനേ..കീറി പോവും.."

"ഇങ്ങളെക്കൊണ്ട് വല്യ എടങ്ങേറായിക്കിണല്ലോ തള്ളേ.. ഇന്‍റെ നെലക്കും വേലയ്ക്കും ഒരു പെണ്ണിനെ കണ്ടാ അന്ന് ഞാന്‍ കല്യാണം കഴിക്കും..അത് വരെ ഇങ്ങളൊന്ന് തൊള്ള മൂടി.. "

"അല്ല ബാബോ.. അതിനേനക്ക് എട്യാണ്ടോ വെല ? ഇന്‍റെ കഷ്ടപ്പാട്..അല്ലാണ്ട് എന്താ പറയാ..അന്‍റെ കല്യാണോം അപ്പര്‍ത്തേ വീട്ടിലെ കൊഴിക്ക് മൊല വരലും ഒരുമിച്ചാവുംന്നാണ് ഇനിക്ക് തോന്നുന്നത്.."  

ബാബുവിനെ കല്യാണം കഴിപ്പിക്കാന്‍ സരോജിനിയെടത്തി ഒരുപാട് ശ്രമിച്ചെങ്കിലും  ഒന്നും നടന്നിരുന്നില്ല. രണ്ടാം ക്ലാസ്സും ഗുസ്തിയും വിവരക്കേടും മാത്രം കൈമുതലായിട്ടുള്ള ബാബുവിനെ ആരും പണിക്കു തന്നെ വിളിച്ചിരുന്നില്ല.പിന്നെയാ കല്യാണം.ബാബുവിന്‍റെ ഉള്ളിലും ഉണ്ടായിരുന്നു ആ മോഹം. ഒരു സുന്ദരിയായ പെണ്ണിനെ കല്യാണം കഴിക്കുക എന്ന അതിമോഹം..പെണ്ണിനും മോഹമുണ്ടാവില്ലെ..അതുകൊണ്ടു തന്നെ  ആ പരിപ്പ് ബാബുവിന്‍റെ കലത്തില്‍ വേവാതെ കിടന്നു.

"ബാബോ.. ഇയ്യ് എവ്ടാണ്ടോ..അന്നെ ഇപ്പോ കാണാനെ കിട്ടുന്നില്ലലോ..?"

"ഇന്നെ കണ്ടാ അനക്ക് പൊരെലേക്ക് അരി വാങ്ങാള്ള പൈസ കിട്ടോ? അന്ന് കള്ളുടിക്കാന്‍ അന്നോട് ഒരയിമ്പത് ഉറുപ്പ്യ ചോയ്ച്ചപ്പോ അനക്ക് വല്യ എടങ്ങേര്‍ ആയിന്യല്ലോ ..."

"ഇല്ലായിട്ടല്ലേ ബാബോ..ഇണ്ടെങ്കില്‍ ഞാന്‍ തരാതെ നിക്കോ..അതും അനക്ക്? ഇയ്യിങ്ങോട്ട് വാ .. ഒരു കാര്യം പറയാണ്ട്.."

ബ്രോക്കര് ശിവന്‍ ബാബുവിനെയും കൊണ്ട് പീടിക തിണ്ണമേലേരിന്നു.

"നല്ല വെണ്ണ പോലത്തെ സ്വഭാവം..പാല് പോലത്തെ വെള്ള നെറം..നല്ല ഐശ്വര്യം.. എന്താ നോക്കല്ലേ ഇമ്പക്ക്?"

"പശൂനെ വാങ്ങാന്‍ തള്ള സമ്മേക്കൂല.."

"പശൂന്‍റെ അല്ല ബാബോ..അന്‍റെ കാര്യാ പറയ്ന്നത്..അന്‍റെ കല്യാണത്തിന്റെ കാര്യാ ഞാന്‍ പറഞ്ഞത്.."

"കേക്കാന്‍ സുഗൊക്കെ ഇണ്ട്.. ഇതേഡ്യാ സ്ഥലം?"

"കുറ്റിക്കാട്ടൂര്‍..നാളെ ഇമ്പള് രാവിലെ പൊവ്ന്ന്..എന്താ.."

"ഓ ആയിക്കോട്ടെ.."

അങ്ങനെ നാളെയായി.. ബാബു ഒരു നീണ്ട ഇടവേളക്ക് ശേഷം അന്നാദ്യമായി വെള്ളം കണ്ടു.

"ഇയ്യെങ്ങോട്ടാ ബാബോ രാവിലെ തന്നെ?"

"ശിവന്‍ ഇപ്പോ വരും.. ഓന്റെ കൂടെ ഒരു സ്ഥലം വരെ പോണം.."

"അപ്പോ ഇയ്യ് ഇന്നും പണിക്കു പോണില്ല ല്ലേ ബാബോ.. മിശ്ചരും ചായുമ് കുടിക്കാന്‍ പോവാ ല്ലേ.?"

"ഈനുള്ള മറുപടി ഞാന്‍ വന്നിട്ട് തരുണ്ട്.."

അങ്ങനെ ശിവനും ബാബുവും കൂടെ കുറ്റിക്കാട്ടൂരെക്കുള്ള ബസ്സില്‍ കയറി.

" ഇതെങ്കിലും നടക്കോ ശിവാ?""

"പിന്നെ നടക്കാണ്ട്?"

"നടന്ന അനക്ക് നല്ലത് ... ഇല്ലേല്‍ അന്‍റെ ചെള്ള ഞാന്‍ മൂളിക്കും ശിവാ..ഇയ്യ് പറഞ്ഞ വെണ്ണയും പാലും കേട്ടിട്ടാ ഞാനീ പണിക്കു എറങ്ങിയത്..അവ്ടെ ചെന്ന്‍  ചാണകും പുളിച്ച മോരുമാണ് ഞാന്‍ കാണുന്നത് ന്നു വെച്ചാ അന്‍റെ ബിസ്മി ഞാന്‍ അവ്ടെ വെച്ചന്നെ ചൊല്ലും.."  

"ഇയ്യ് ബേജാറാവല്ലേ ബാബോ.. എല്ലാം ഇമ്പക്ക് ശരിയാക്കാം..ടിക്കെട്ട് ഞാനെടുക്കണോ അതോ.."

"ടിക്കെട്ടോക്കെ ഞാനെടുക്കാം..തിരിച്ചു വരുംബോള്‍ത്തേക്ക് അനക്കുള്ള  ആംബുലന്‍സ് ഇയ്യ് ഇപ്പ്ളെ വിളിച്ചു പറഞ്ഞോ.."

അങ്ങനെ ബസ്സിറങ്ങി ശിവന്‍ അടുത്ത പീടികയില്‍ നിന്ന്‍ ഒരു വലി വാങ്ങി കത്തിച്ചു..

"പോവല്ലെ ബാബോ..?" പുക ചുരുളുകളായി പുറത്തേക്ക് വിടുന്നതിനിടക്ക് ശിവന്‍ ചോദിച്ചു..

"കൊറേ നടക്കാണ്ടോ?"

"ഇല്ല്യഡോ..കഷ്ടിച്ച് ഒരു മൂന്നു-നാല് കിലോമീറ്റര്‍.."

പോകുന്ന വഴിക്കു ശിവന്‍ വഴി ചോദിച്ചു:

"അതേ ഈ റോമനോവ് ചന്ദ്രേട്ടന്റെ വീട്ടിലേക്ക് ഈലെ തന്നെ അല്ലേ പോവാ..?"

" നേരെ നടന്നാ മതി.."

"വല്യുപകാരം.."

"അല്ല ശിവാ ഏതാ റോമനോവ് ചന്ദ്രന്‍?"

"അന്‍റെ അമ്മായി അച്ഛന്‍..അല്ലാണ്ട് ആരാ..മൂപ്പര് റോമനോവ് മാത്രേ കഴിക്കൂ..അതാ ആ പേര്.."

"അത് ശരി.. അപ്പോ ഇന്‍റെ ബ്രാണ്ടല്ല.."

"വാറ്റ് ചാരായടിക്കുന്ന അനക്കെന്ത് ബ്രാന്‍ഡ് ബാബോ.. ചെലെക്കാണ്ട് നടന്നൂട്.." 

അങ്ങനെ അവര്‍ വീടെത്തി.

"ചന്ദ്രേട്ടാ ഇതാണ് ബാബു..ബാബോ ഇതാണ് ചന്ദ്രേട്ടന്‍..ചന്ദ്രേട്ടാ പെണ്ണിനെ വിളിക്ക്..കാണിക്ക്.."

"ആദ്യം ഇങ്ങളിരിക്ക്.."

അങ്ങനെ അവരിരുന്നു.. 

"മോളെ ...."

അകത്തു നിന്നൊരു ശബ്ദമുയര്‍ന്നു..

"വേണ്ടച്ചാ..അയാളെ എനിക്കു വേണ്ട.. പോയിക്കോളാന്‍ പറയൂ.."

ബാബുവിന്‍റെ നെഞ്ചിന്‍കൂട് തകര്‍ന്നു. ഒന്നു കാണുക പോലും ചെയ്യാതെ...

"ബാബോ ഓല്‍ക്ക് വെണ്ടോലെ അന്നെ.. ഇമ്പക്ക് പോവാ.. ഇനിക്ക് ഉച്ചക്ക് ഒരു പോരെകൂടലുണ്ട്.ചന്ദ്രേട്ടാ വല്യ നന്ദി.. ചായാ വേണ്ടാന്ന് പറഞ്ഞേക്കി പെണ്ണുങ്ങളോട്.."

ബാബു കത്തുന്ന കണ്ണുകളോടെ ശിവനെ നോക്കിയെങ്കിലും ശിവന്‍ മുഖം തിരിച്ചു..

ഇറങ്ങാന്‍ നേരത്ത് പുറത്തു ഓല മടയുന്ന പെണ്ണിനെ നോക്കി ശിവന്‍ ചന്ദ്രേട്ടനോട് ചോദിച്ചു:

"ഇതാരാ ചന്ദ്രേട്ട?"

"അതിവിടുത്തെ പണിക്കാരിയാ"

"കല്യാണം കയിച്ചതാ?"

"അല്ല.."

"ന്ന ബാബോ ഇമ്പക്ക് ഓളെ അങ്ങോട്ടാലോചിച്ചാലോ..അനക്ക് പറ്റും.. വല്യ പടിപ്പുമില്ല..സൌന്ദര്യവുമില്ല.. അനക്ക് മാച്ചാ..ഇയ്യെന്ത് പറയിന്ന്?"

ആംബുലന്‍സിന്റെ നിലവിളി ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി കൊണ്ടേയിരുന്നു..
 

Wednesday 24 April 2013

ഒന്നുമില്ലായ്മയില്‍ നിന്നും ഒരു ബ്ലോഗ്..


മണ്ണാങ്കട്ട... കുറെ നേരമായി ഈ വെളുത്ത സ്ക്രീനില്‍ നോക്കി അന്തിച്ചിരിക്കുന്നു..എന്തെഴുതും? പ്രണയവും വിരഹവും സന്തോഷവും ഒരുവിധം എല്ലാം എഴുതി കഴിഞ്ഞിരിക്കുന്നു.. കവിത എഴുതാന്‍ നോക്കി.. പറ്റുന്നില്ല.. സ്പെല്ലിങ് അറിയുന്ന വാക്കുകളുടെ അര്‍ത്ഥം അറിയില്ല..അര്‍ത്ഥം അറിയുന്ന  വാക്കുകളുടെ സ്പെല്ലിങ്ങും അറിയില്ല..പേരറിയാത്ത ആ ടീച്ചര്‍ മലയാളം പഠിപ്പിക്കുന്ന സമയത്ത് അട്ടം നോക്കിയിരുന്നതിന്‍റെ പരിണിത ഫലം..ടീച്ചറുടെ  കാര്യം പറഞ്ഞപ്പോളാണ് , ഞാന്‍ എന്‍റെ സ്കൂളിനെ പറ്റി പറഞ്ഞിട്ടില്ലല്ലോ?

എന്‍റെ ജീവിതത്തിലെ പതിനാല് കൊല്ലവും ഞാന്‍ ഒരു സ്കൂളിലാണ് കഴിച്ചു കൂട്ടിയത്. എല്‍.കെ.ജി. തൊട്ട് പ്ലസ് ടൂ വരെ. അത്  എന്‍റെ കാഴ്ചപാടില്‍ രണ്ടായി തിരിക്കാം. പത്താം ക്ലാസ്സ് വരെയും പിന്നെ പ്ലസ് ടൂ വും. പത്താം ക്ലാസ്സ് വരെ എന്താ പറയാ കണ്ണു കെട്ടിയ കുതിരയെ പോലെ നേരെ മാത്രം നടന്നു. സൈഡിലുള്ള കാഴ്ചകളൊക്കെ  കാണാന്‍ പറ്റിയില്ല. മറന്നതല്ല..കാഴ്ചകള്‍ ഇല്ലെന്നറിയാഞ്ഞിട്ടുമല്ല..അതായിരുന്നു ആ സമയത്തെ എന്‍റെ ഒരവസ്ഥ..എന്‍റെ മാത്രല്ല.. എന്‍റെ കൂടെ പടിച്ചവരുടെയും.. കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളായിരുന്നു അത്..അപ്പോ ഏകദേശം അറിയാലോ ഒരു മൊത്തം സെറ്റ്അപ്പ്.ഒരു വിധം തള്ളി നീക്കി പത്തു കഴിഞ്ഞു.എങ്ങനെയോ കറങ്ങി തിരിഞ്ഞു ഞാന്‍ പ്ലസ് ടൂ വിന് ആ സ്കൂളില്‍ തന്നെ ചേര്‍ന്നു.പക്ഷേ അതൊരു ഒന്നോന്നൊര ചേരലായിരുന്നു.വിഷുവും പള്ളിപെരുന്നാളും ഒരുമിച്ച് വന്ന പോലത്തെ ക്ലാസ്സ്.

ക്ലാസ്സ് തുടങ്ങി അഞ്ചാമത്തെ ദിവസം ആ സ്കൂള്‍ അതിന്‍റെ 18 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു സംഘട്ടനം നേരില്‍ കാണുകയുണ്ടായി. സംശയിക്കേണ്ട ആ പരിപാടിയും സ്പോണ്‍സെറെഡ് ബൈ എന്‍റെ ക്ലാസ്സ്.കാരണം എന്നു പറയാന്‍  മാത്രം ഒരു കാരണവുമുണ്ടായിരുന്നില്ല. ഉച്ചത്തെ ഫുഡ് കഴിച്ചു കൈ കഴുകാന്‍ ചെന്നപ്പോ ടാപ്പില്‍ നിന്നും കൈ കഴുകയായിരുന്ന ഒരു പത്താം ക്ലാസ്സുകാരന്‍ എന്‍റെ ഒരു ദോസ്തിന്‍റെ  മേല്‍ വെള്ളമാക്കി..അത് ചോദിച്ചപ്പോള്‍ ചെക്കന്‍ എന്തോ കൊത്തു പറഞ്ഞു.എന്താ എനക്ക് വെള്ളലര്‍ജിയാ ന്നോ മറ്റോ.പിന്നെ ഞാന്‍ കാണുന്നത് ചെക്കന്‍റെ ചെള്ളയ്ക്ക് ഒന്നു പൊട്ടുന്നതാണ്. ആ കേസില്‍ ഞാന്‍ സാക്ഷിയായിരുന്നു. പ്രിന്‍സി വിസ്താരത്തിന്നു വിളിച്ചപ്പോ ഞാന്‍  ഒന്നും കണ്ടില്ലെന്ന്‍ പറഞ്ഞു. പോവാന്‍ നേരം മൂപ്പത്തി എന്നെ നോക്കി  പറഞ്ഞു:

"മെച്ചപ്പെട്ടു..."

അതെന്തു അര്‍ഥത്തിലാണ് പറഞ്ഞതെന്ന് എനിക്കു മനസിലായിട്ടില്ല. അന്നും ഇന്നും.

ഞങ്ങള്ക്ക് അന്ന് ഒരു ദിവസത്തില്‍ എട്ട് അവര്‍ ഉണ്ടായിരുന്നു. ഒരു അവര്‍ ന്നു  വെച്ചാ ഒരു മണിക്കൂറല്ല ട്ടോ.  നാല്‍പ്പത് മിനുട്ട് വീതമുള്ള എട്ട് അവര്‍.എന്‍റെ പരിപാടിയെന്താണെന്ന് വെച്ചാല്‍ രാവിലെ സ്കൂളിലേക്ക് വരുമ്പോ താഴത്തുള്ള ഇക്കാന്‍റെ പീടികയില്‍ നിന്നു രണ്ട് ഉറുപ്പ്യക്ക് നാലു പുളിയിഞ്ചി വാങ്ങും. ആരെയും കാണിക്കാതെ പാന്‍റിന്റെ കീശയിലിട്ട് ക്ലാസ്സില്‍ കയറും.ഒരു അവറും ഓരോന്ന്‍ വീതം ഗുളിക കഴിക്കുന്നത് പോലെ അകത്താക്കും.ക്ലാസ്സെടുക്കുന്ന ടീച്ചറും കൂടെയിരിക്കുന്ന ദോസ്തുക്കളും കാണാതെ വന്‍ സന്നാഹങ്ങളോടെ അത് അകത്താകുമ്പോള്‍ കിട്ടുന്ന ഒരു നിര്‍വൃതി..അവര്‍ണ്ണനീയം. ഈ നിര്‍വൃതി, അവര്‍ണ്ണനീയം എന്നീ വാക്കുകള്‍ പണ്ട് മാതൃഭൂമിയിലെ രാമായണം തിരക്കഥ    വായിച്ചപ്പോള്‍ കിട്ടിയതാണ്.ഒരു മരുന്നിന് പോലും രാമായണം  മനസിലായില്ലേലും ഇങ്ങനത്തെ കുറച്ചു വാക്കുകള്‍ ഫ്രീ ആയി കിട്ടി. അതിനു എന്‍റെ ഹൃദയം നിറഞ്ഞ നന്ദി കേരള ഫയര്‍ ഫോര്‍സിനും ..ക്ഷമിക്ക്ണം മാതൃഭൂമിക്ക് ഈയവസരത്തില്‍ ഞാന്‍ അറിയിച്ചു കൊള്ളുന്നു.ഉച്ചത്തെ ഇന്റെര്‍വലിന് താഴത്ത് പോയി പിന്നേം നാലു എണ്ണം വാങ്ങും.

കന്യാസ്ത്രീകളുടെ സ്കൂളാണെന്ന് പറഞ്ഞല്ലോ. അതോണ്ട് രാവിലെ എന്തൊക്കെയോ പ്രാര്‍ഥനകള്‍ ഉണ്ടായിരുന്നു.ഇംഗ്ലിഷ് ആയത് കൊണ്ട് എനിക്കോ , എന്‍റെ കൂടെയുള്ളവര്‍ക്കോ ഒന്നും മനസിലാവുമായിരുന്നില്ല.പിന്നെടെപ്പോളോ പടിപ്പ് കഴിഞ്ഞു സ്കൂള്‍ ഡയറി  എടുത്ത് മറിച്ചപ്പോളാണ് ഞാന്‍ കേട്ട വാക്കുകളും യഥാര്ത്ഥ പ്രാര്‍ഥനയും തമ്മില്‍ ആനയും  കുഴിയാനയും തമ്മിലുള്ള വ്യത്യാസം ഉണ്ടായിരുന്നെന്ന് മനസിലായത്. ഞാന്‍ ആ പ്രാര്‍ത്ഥന ചൊല്ലിയിരുന്നെങ്കില്‍ ദൈവം എന്നെ ശപിച്ചെനെ. പ്രാര്‍ത്ഥന കഴിഞ്ഞു ഉറുംബരിക്കും പോലെ ക്ലാസില്‍ കയറി പിറകിലത്തെ ബെഞ്ചില്‍ സ്ഥാനം പിടിച്ചാല്‍ എന്‍റെ ഒരു അധ്യയന ദിനം ആരംഭിക്കുകയായി.

അന്ന് ഞങ്ങള്ക്ക് ഇംഗ്ലിഷ് പഠിക്കാനും അറിവ് കൂടാനും "ദി ഹിന്ദു" പത്രം വരുത്താറുണ്ടായിരുന്നു എല്ലാ ക്ലാസ്സിലും. പക്ഷേ അതിന്‍റെ യഥാര്ത്ഥ ഉപകാരം ഞങ്ങളെ പോലുള്ള ലാസ്റ്റ് ബെഞ്ച് ടീംസീനായിരുന്നു. ചോറ് കഴിക്കുമ്പോ അടിയില്‍ വിരിക്കാനും പിന്നെ സുഡോക്കു കളിക്കാനും കാര്‍ടൂണ്‍ വായിക്കാനും.ഒരിക്കല്‍ ഓര്‍ഗാനിക് കെമിസ്ട്രി ക്ലാസ്സില്‍ ഞാന്‍ സാര്‍ ഈഥൈനും മീഥൈനും പറയുമ്പോള്‍ ഞാന്‍ സുഡോക്കുവില്‍ കൊടുംബിരി കൊണ്ട് ഇരിക്കുന്നതു കണ്ട് എന്നെ എണീപ്പിച്ച് നിര്‍ത്തിയത് എനിക്കോര്‍മയുണ്ട്.

പിന്നെ എനിക്കാദ്യമായി ഒരു പ്രണയ ലേഖനം കിട്ടുന്നത് ആ ക്ലാസ്സില്‍ വെച്ചാണ്. സത്യം.. നിങ്ങള്‍ വിശ്വസിക്കണം. അതും തീരെ പ്രതീക്ഷിക്കാത്ത ഒരാളുടെ അടുത്തു നിന്നു. ആ ലേഖനം വായിച്ചത് ഞാനും എന്‍റെ ഒരു സുഹൃത്തും കൂടെയാണ്. ആ സുഹൃത്ത് ഈ ബ്ലോഗ് വായിക്കാറില്ല.ബ്ലോഗ് ഉണ്ടെന്ന്‍ തന്നെ പഹയനറിയില്ല.ഇല്ലേല്‍ കണ്‍ഫേം ആക്കാമായിരുന്നു. ഈ - മെയിലിന്റെയും  വാട്സാപ്പിന്റെയും ഈ കാലത്ത് യെന്ത് ലേഖനം. ബട്ട് അതിനുള്ള ഭാഗ്യം അടിയനുണ്ടായി.പ്രേമ ലേഖനം എന്നു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഒക്കെ നെറ്റി ഒന്നു ചുളിഞ്ഞു.. കാര്യം ഞാന്‍ പറയാം. സബ്ജെക്റ്റ് പ്രേമം ആയിരുന്നു. പക്ഷേ അതിലൂടെ അവളെന്നെ വിളിച്ച തെറികള്‍ കഠിനം തന്നെയായിരുന്നു. കൊടുങ്ങല്ലൂര്‍ ഭരണി പാട്ട് എന്നു കേട്ടിട്ടേയുള്ളൂ..എന്നാലും.. ഇങ്ങനെയൊക്കെ ചെയ്യാമോ..നമ്മള് പിന്നേം കാണണ്ടേ..ആ ലേഖനം എട്ടായി മടക്കി കീശയിലിട്ട് ഞാന്‍ അടുപ്പിലിട്ട് കത്തിച്ചു. ആ കത്തിയത് വെറും കടലാസായിരുന്നില്ല. എന്തായാലും നല്ല കത്തലായിരുന്നു. അതിലുള്ള തെറികള്‍ കാരണമാണോ എന്നറിയില്ല ശരിക്കും ആളി കത്തി..

പിന്നെയുള്ള ഓര്‍മ ഒരു ബസ്സ് സമര കാലത്തെയാണ് . നടന്നു വീടിലേക്ക് പോകുന്ന ഒരു വൈകുന്നേരം.. എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ വൈന്നേരം.. നല്ല ചേലന്‍ മാങ്ങ തൂങ്ങി നില്ക്കുന്ന ഒരു മാവു കണ്ണില്‍ പെട്ടത്. എറിയലും അപ്പുറത്തുന്നു ഒരു ശബ്ദം ഉയര്‍ന്നു വന്നു..

"ഏത് നായിക്കളാണ്ട മാവിന് കല്ലെറിയുന്നത്?.."

"നായി അന്‍റെ വാപ്പാ.." ന്നും പറഞ്ഞു ഞാന്‍ ഓരോട്ടം.


വാല്‍കഷ്ണം: അന്നത്തെ കാലത്തെ തോന്നിവാസം അവസാനിക്കുന്നത് ബ്ലൂ ഫിലിമില്‍ ആണ് ..ഇന്നത്തെ കാലത്തെ തോന്നിവാസം ആരംഭിക്കുന്നതും അതില്‍ തന്നെ.


വാല്‍കഷ്ണം: അന്നത്തെ കാലത്തെ തോന്നിവാസം അവസാനിക്കുന്നത് ബ്ലൂ ഫിലിമില്‍ ആണ് ..ഇന്നത്തെ കാലത്തെ തോന്നിവാസം ആരംഭിക്കുന്നതും അതില്‍ തന്നെ.

 ഈ പോസ്റ്റ് മുക്കാല്‍ ഭാഗം എഴുതി നില്‍കുമ്പോള്‍ കറണ്ട് പോയി.. സമയം തെറ്റി വന്ന പവര്‍ കട്ട്. വീണ്ടും രണ്ടാമത് എഴുതി എടുത്തതാണ്. തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് പെട്ടെന്ന്‍ എഴുതി തീര്‍ത്തത് കൊണ്ടാണ്.


മറക്കാനാവാത്ത ചില ഡയലോഗുകള്‍



1) "കള്ള്കുടി ..അതില്ല..കിഡ്നി പോവും..
    സിഗറേറ്റ് വലി.. അതുമില്ല.. ലങ്സ് അടിച്ചു പോവും...
    പിന്നെ ഉള്ളത് പെണ്ണ് പിടി..അത് വേണേല്‍ നോക്കാം..പോവല്ലെ    ഗുണ്ടല്‍പ്പെട്ടക്ക്?"

2) "കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇപ്പോ എക്സാമിന് തുണ്ട് വെച്ചാല്‍ ബാറിങ് പരിപാടി നിര്‍ത്തി.. ഇപ്പോ തുണ്ട് വെച്ച പേപ്പര്‍ മാത്രം എഴുതിയാ മതി.. ആയിരത്തി അഞ്ഞൂറു ഉലുവ.. ഒരു പേപേരിന്  ട്യൂഷന്‍ ഫീസ് രണ്ടായിരത്തി അഞ്ഞൂറു.. അപ്പോ എങ്ങനെ നോക്കിയാലും ആയിരം ലാഭം.. അപ്പോ എങ്ങനാ? ടെക്സ്റ്റ് ബുക്ക് റീസൈസ് ചെയ്തെടുക്കല്ലേ സൈമാ?"

3)" അല്ല.. നമ്മടെ  ആയുധങ്ങളൊക്കെ കണ്ണൂരെ  കളരിയില്‍ നിന്നും വരുത്തണ്ടേ?"

4)"നൂറോ? മെമ്മറി കാര്ഡ് ഞാന്‍ അയിമ്പത് ഉറുപ്പ്യക്ക് വാങ്ങി തരാം..
   വാങ്ങും .. കച്ചോടം അന്‍റെ അച്ഛനായിരികണം...ന്നാ കിട്ടും.."

5)" മോളെ.. ഈ ലൈബ്രറിയിലേക്കുള്ള  വഴി ഏതാ?"

5) "ആര്‍ക്കെലും എന്തേലും സംശയം ചോദിക്കാനുണ്ടെല്‍ ഇപ്പോ ചോദിക്കാം..
    ഉണ്ട് സാര്‍...
    എന്താ ചോദിക്കൂ?
    പീരിയഡ് കഴിഞ്ഞില്ലെ സാര്‍? ഞങ്ങള്‍ പോട്ടെ?"

6) "സാര്‍ , ഇതെങ്ങനെയാ ഇവിടെ സീറോ വന്നത്?
    അതോ.. അത് ഞാന്‍ പറഞ്ഞു തരം..കാല്‍ക്കുലേറ്റര്‍ എടുക്ക്..
    എടുത്തു സാര്‍..
    ഞാന്‍ പറയുന്നത് പോലെ ചെയ്യ്
    ചെയ്യാം സാര്‍..
    ഫൈവ് ഇന്‍ടു  ....
    സര്‍,ഫൈവ് ഇന്‍ ടു....
    ഫൈവ് ഇന്‍ടു സീറോ.., ഇപ്പോ എത്ര കിട്ടി?
    സീറോ..
   മനസിലായില്ലേ ഇപ്പോ? വേറെന്തിലും ഡൌട്ട്..?
   ഇല്ല സാര്‍.."

7) "ഏട്ടാ  കാലിക്കറ്റ് യൂണിവേസിറ്റിയുടെ  എം4 ടെക്സ്റ്റ് ഉണ്ടോ?
   ഉണ്ടല്ലോ..
   അതൊന്ന്‍..
   മോനേ...
   എന്താ ഏട്ടാ?
   എന്നാ പരീക്ഷ ?
   നാളെ..
   നല്ലത്.. മോന്‍  കെ. എം. സി. ടിയിലാണോ  പടിക്കുന്നത്..?
   അതേ ഏട്ടാ , എന്താ?
   അല്‍ഭൂതമില്ല..."

8) " അല്ല.. ഇന്ന് സ്ട്രയിക്കുണ്ടോ  ?
     ഉണ്ട്..
     കൈച്ചിലായി.."

9) "അല്ല ഇന്ന് ബിരിയാണി ആക്കല്ലേ ?
   പൈസ ഇല്ല്യാഡോ..
   യെന്ത് പൈസ.. പണം പോട്ടെ പവര്‍ വരട്ടെ.."

10) " ഇതെന്താ സാര്‍, ശ്രുതി പെട്ടിയോ?
      അല്ല.. അതാണ് വാട്ട് മീറ്റര്..."

11)" ദ  ലാസ്റ്റ് ഡേയ്റ്റ് ഫോര്‍ സബ്മിറ്റിങ് യുവര്‍ അസൈന്‍മെന്‍റ് ഇസ് ടുഡെ.. ബട്ട് ടൊമാരോ ഇസ് തേര്‍സ്ഡേ..സോ യു മസ്റ്റ് സബ്മിറ്റ് ഫ്രൈഡേ.."

12) "സമയം കഴിഞ്ഞു.. സമയം കഴിഞ്ഞു.. 12.30 വരെയേ എക്സാം ടൈം   ഉള്ളൂ..
    സാര്‍ അതിനിപ്പോ സമയം പന്ത്രണ്ടേ മുക്കാലായിട്ടേ  ഉള്ളൂ..   ?
   ആണോ? എന്നാ ഒരു കാ മണിക്കൂറ് കൂടെ എഴുതിക്കോളൂ ..."

13)"സാര്‍ ഓന്‍ പ്രോക്സി അടിക്കുന്നു.."

14)"മിസ്സ്.. എക്സ്ട്രാ പെപ്പെര്‍...
   എന്തിനാ?
   പട്ടം പറത്താന്‍..എനിക്കു വേണ്ട.."

15) "എനിക്കു പ്ലേസ്മെന്‍റ് കിട്ടി.."
    എവിടെ?
    നാട്ടില്‍  തന്നെ
    എന്തായിട്ട്?
    ടൂള്‍ റൂം ടെക്നീഷ്യന്‍ ..
    ആ..ശാ..രി..പ..ണി.."

16)" അല്ല സാര്‍.. ഫസ്റ്റ് ഇയറിലെ   കുട്ടികളൊക്കെ എങ്ങനെണ്ട്?
   ഓ..പോരെഡോ..ഒരു ഭീകരത ഇല്ല ഇപ്പ്രാവശ്യം.."

17) "ക്ലാസ്സില്‍ ഇരിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പോകാം.. അറ്റെന്‍ഡെന്‍സ് തരാം..
    ..............
   എല്ലാരും പോവാണോ?
   അതേ സാര്‍..
  എഡൊ.. ഞാന്‍ വെറുതെ പറഞ്ഞതാ .. ക്ലാസ്സിലിരിക്ക്.."

18) "നീ പോണോ അതോ മാഷായ ഞാന്‍ ഇറങ്ങി പോണോ? നിനക് ഡിസൈഡ് ചെയ്യാം..
   ഞാന്‍ പോണില്ല.. സാര്‍ പൊയ്ക്കൊ..
  അങ്ങനെ പറയാന്‍ പറ്റില്ല..."