Thursday 22 January 2015

ലങ്കാദഹനം

ഇതൊരു കഥയല്ല. അത്‌ കൊണ്ട്‌ തന്നെ ഇതിനൊരു ക്ലൈമാക്സില്ല. ഇതിലേ നായകനെ നിങ്ങളറിയും. നിങ്ങൾക്ക്‌ പരിചയമുള്ള പലതും ഇതിലെവിടെയോയൊക്കെയൊ ഉണ്ടാവും.

കല്യാണ വീട്ടിലെ ആംപ്‌ വെച്ച മേശയ്ക്കടുത്തിരുന്ന് സുമേഷ്‌ പട്ടി ബിസ്കറ്റിന്റെ പെട്ടിയിലിട്ട്‌ വെച്ച സീഡികൾ തിരഞ്ഞു.

"എന്താണ്ടോ സുമേഷേ ഇയ്യിതൊക്കെ വലിച്ച്‌ വാരിടുന്നത്‌ ? തരിപ്പാണെങ്കില്‌ ആടെയേടെം പോയിരിക്ക്‌. സൊയ്‌ര്യക്കേട്‌ണ്ടാക്കല്ലെ ചെങ്ങായി"

"തരിപ്പെന്റെച്ചൻ ചന്ദ്രന്‌. ഒരു പരിപാടിക്ക്‌ വന്നാ സുമേഷത്‌ കഴ്യാണ്ട്‌ വെള്ളം തൊടൂല."

"ന്താണ്‌ സുമേഷെ.. അന്നെ വിളമ്പ്‌ന്നേട്‌ത്തേക്ക്‌ മനോജേട്ടൻ വിളിച്ചിണ്ട്‌. അങ്ങോട്ട്‌ ചെല്ല് , ഞാനൊന്ന് പണിട്ക്കട്ടെ."

"പ്‌ഫാ എരപ്പെ.. പന്തലിട്ടത്‌ സുമേഷാണെങ്കില്‌ അതഴിക്കുന്നത്‌ വരെ സുമേഷിവിടിരിക്കും."

സുമേഷ്‌ തുടർന്നു :

"വെർതെയിരുന്ന് സീഡി മാറ്റിടാ..ഭാവം കണ്ടാ തോന്നും ഷങ്കരന്റെ അടുത്ത സിനിമക്ക്‌ പാട്ടെഴ്‌താണെന്ന്. വേണ്ടടോ അന്റെ ഒലക്കേമ്മലെ സീഡി."

"ശങ്കരനല്ല സുമേഷേട്ടാ ഷങ്കറാണ്‌."

അടുത്തിരുന്ന കുരിപ്പ്‌ പറഞ്ഞു.

പരിപാടി കഴിയാതെ സുമേഷ്‌ വെള്ളം തൊടാറില്ല. ഡ്രൈയടിക്കാറാണ്‌ പതിവ്‌. മൈക്കിൾ ജാക്സ്‌ന്റെ മൂൺ വാക്ക്‌ റിവേഴ്സടിച്ച്‌ സുമേഷ്‌ മുന്നോട്ട്‌ നീങ്ങി.

"സുമേഷെ കൊറച്ച്‌ സാധനിട്‌.. വെക്കട്ടെ.."

"എന്ത്‌ സാനം?"

"ഹാൻസ്‌"

"സുമേഷിനതല്ല പണി. അന്റ കാർന്നോരടിച്ച്‌ കിണ്ട്യായി ആ മേത്തലെ വീടിന്റെ ഉമ്മറക്കോലായില്‌ കെടക്‌ൿണ്ട്‌. ചെതലരിക്‌ൿന്നേന്‌ മുൻപ്‌ എട്‌ത്ത്‌ കൊണ്ട്‌ പോയ്ക്കോ.. യെമ്മാരി കുടിയാനാണ്ടോ ? നന്നായിക്കൂടെ ? "

"ആർക്ക്‌? "

"അനക്ക്‌. സൊന്തായിട്ട്‌ വാങ്ങി വെക്കാമ്പറ്റുന്നില്ലെങ്കില്‌ ഇപ്പണിക്ക്‌ നിക്കരുത്‌. ഇന്നാ തട്ടീട്ട്‌ വേം കൊണ്ടാ. ഇത്‌ കണ്ടിക്ക്യാച്ചാ ഇപ്പൊ വരും തേങ്കുടിക്കാൻ തേനീച്ച വരുമ്പോലോരോന്ന്."

"ഹാൻസിന്റെ പേക്കിന്റെ കളറൊക്കെ മാറീക്കിന്നല്ലോ സുമേഷെ.."

"എപ്പളെങ്കിലും സൊന്തായിട്ട്‌ വാങ്ങണം. എരന്ന് വെച്ചാ കളറും മറ്റതൊന്നും മാറിയതറിയാമ്പറ്റൂല."

ഇത്‌ കണ്ട്‌ സീനിലേക്ക്‌ വന്ന ഭാസ്കരേട്ടൻ :

"അനക്കീ കുടി നിർത്തിക്കൂടെ സുമേഷേ.."

"ഭാസ്കരേട്ടാ..ഇങ്ങള്‌ ബഷ്ണം കഴ്‌ച്ചോ?

"ഓ കഴിച്ച്‌ മോനെ.."

"ന്നാ പിന്നെ തട്ടിത്തടഞ്ഞ്‌ നിക്കാണ്ട്‌ വീട്ടില്‌ പോയിക്കൂടെ. വെർതെ വെർപ്പിക്കാൻ വരാ.."

തിരക്കേറിയ ജീവിതങ്ങൾക്കിടയിലൂടെ സുമേഷ്‌ സ്ലോ മോഷനിൽ നടന്ന് നീങ്ങി.

"മനോയേട്ടാ.. ലിക്കറ്‌ണ്ടൊ?? "

"ഇല്ല്യടോ.. ടെറസിന്റെ മോൾന്ന് അടിക്കിണ്ട്‌ എല്ലാരും. "

"മനോയേട്ടാ.."

"എന്താ സുമേഷേ ?"

"ഇന്നെ ഒന്ന് അങ്ങോട്ട്‌ നീക്കി വെക്കോ"?

"സമയല്യ സുമേഷെ.. അട്‌ക്കളേന്റത്താണ്‌ കോണി. ചെല്ല്."

ഗുരുവായൂരമ്പലത്തിന്‌ ചുറ്റും അടി വെച്ച്‌ നടക്കുന്ന പെമ്പിള്ളേരെപ്പോലെ സുമേഷ്‌ വീടിന്‌ ചുറ്റും നടന്നു.

ഇരുട്ടത്തൊറ്റയ്ക്ക്‌ നിൽക്കുന്ന കല്യാണ ചെക്കന്റെ പെങ്ങളെ കണ്ട സുമേഷ്‌ വഴി ചോദിക്കാനങ്ങോട്ട്‌ നീങ്ങി.

"മോളേ.. ഡഡുക്കള ഏട്യാ..?"

"എന്ത്‌?"

"ഡഡുക്കള"

"അടുക്കളയാണോ?"

"അന്റെ സൗണ്ട്‌ മാറ്യോ..അപ്പ്‌ളേക്കും ആണുങ്ങളെ സൗണ്ടായൊ."

അപ്പഴാണ്‌ ഇരുട്ടത്ത്‌ നിൽക്കുന്ന മറ്റൊരാത്മാവിനെ സുമേഷ്‌ കണ്ടത്‌.

"ഏതാടി ഇവൻ"

"കസിനാണ്‌ സുമേഷേട്ടാ.."

"ഓ.. കസിനേട്ടൻ സുമേഷിനെ ഒന്ന് കോണിപ്പടി കേറ്റിത്താ."

കോണിപ്പടി കയറുന്നിതിനിടയ്ക്ക്‌ സുമേഷ്‌ കസിനോട്‌ ചോദിച്ചു :

"കസിൻ വെള്ളടിക്കോ?"

"ഇല്ല."

"നന്നായി. ഇപ്പത്തന്നെ ഒരു കുപ്പീം പത്ത്‌ നൂറ്‌ ആൾക്കാരുണ്ട്‌. അനക്ക്‌ കൂടെ തന്നാ പുണ്യാഹം തന്ന പോലാവും. ഇയ്യ്‌ പോയ്ക്കൊ."

"ഹായ്‌ ഫ്രൻസ്‌ , റോമൻസ്‌ , സീസർസ്സ്‌ , കർദ്ദിനാൾസ്‌ ആൻഡ്‌ കണ്ട്രി എം.എച്ച്‌ പീപിൾസ്‌..ഏതാണ്‌ നിങ്ങടെ ബ്രാന്റ്‌ ? സുമേഷിനോട്‌ പറയൂ തൊട്ട്‌ നക്കാനുള്ള അച്ചാറ്‌ ഫ്രീയായിട്ട്‌ നേടൂ.."

"സുമേഷെ..ഇരിക്ക്‌..അടിക്ക്‌"

"ഇയ്യാരാടോ സുമേഷിനെ കുടിപ്പിക്കാൻ? ഒഴിക്കെടൊ"

"സുമേഷെ സ്കോച്ചാ..അനീഷ്‌ ഇമ്പക്ക്‌ വേണ്ടി പ്രത്യേകം കൊണ്ടൊന്നതാ"

"ഓൻ നല്ലോനാ"

"നായിന്റെ മോൻ സ്കോച്ചിന്റെ കുപ്പീല്‌ കർദ്ദിനാള്‌ വാങ്ങി ഒഴിച്ച വെച്ചാ ആരും കണ്ട്‌ പിടിക്കൂലാന്ന് കര്‌ത്യോ?"

"ങേ സുമേഷെ , ഇത്‌ സ്കോച്ചല്ലെ?"

"ഇയ്യൊക്കെ എന്ത്‌ കിണ്ടീലെ കുടിയനാണ്ടോ? കുടിക്കണ സാനം ഏതാന്ന് നിച്ചല്ലാത്ത ഊളകൾ."

***********************************************

"ആരാ ഇന്നെ ഇങ്ങോട്ട്‌ കൊണ്ടോന്നത്‌? "

"സുബി"

"ഓനോടാരാ ഇന്നെ കല്യാണത്തിന്‌ കൊണ്ടോരാൻ പറഞ്ഞത്‌ ? ഡോ സുബ്യേ.. അനക്കാവ്ന്ന പണിയെട്‌ത്താ പോരെ. ഇനിക്കവ്ടെ  ഒരുപാട്‌ പണിണ്ട്‌."

"സുമേഷേട്ടാ കല്യാണം കയിഞ്ഞ്‌. ചെക്കന്റെ കൂടെ നിന്ന് ഫോട്ടോയെട്‌ക്കാൻ വിളിക്കുന്നുണ്ട്‌"

***********************************************

"ഇതാരാണ്ടാ അനീഷെ.."

"അമ്മായിയമ്മ "

"പഹയാ..ചോറ്‌ മാത്രല്ല ലേ ചക്കപ്പുഴുക്കും ഇണ്ടല്ലൊ.. കോളടിച്ച്‌."

ഇത്‌ കേട്ട പെണ്ണിന്റച്ചൻ വാ പൊളിച്ച്‌ നിന്നുപോയി.

"ഈല്‌ ഒച്ച കിട്ടോ? "

"ഇല്ല. " ക്യാമറമാൻ പറഞ്ഞു.

"സുവറെ.. സ്കോച്ചും കുപ്പീല്‌ കർദ്ദിനാള്‌ വെച്ചേന്‌ അനക്ക്‌ ഞാൻ വെച്ചിണ്ട്‌ ട്ടാ"
***********************************************

"സുബ്യേ.. വീടെത്ത്യോ?"

"ഓ"

"ഇന്നിട്ടെന്താ വണ്ടി നിർത്താത്തത്‌?"

"വണ്ട്യോക്കെ നിർത്തീട്ട്‌ കൊറെ നേരായി"

***********************************************"സുമേഷെ.. ഇന്റെ മോന്റെ പെണ്ണെങ്ങനണ്ട്‌?? "

"പുല്ലുങ്കെട്ടിന്‌ പെയിന്റടിച്ചാരി ഇണ്ട്‌."

ചെക്കന്റമ്മ സയലന്റ്‌.

വീണ്ടും പട്ടി ബിസ്കറ്റിന്റെ പെട്ടിക്കടുത്തെത്തിയ സുമേഷ്‌ അതിലേക്കൂളയിട്ടു.

"രജ്ഞിത്തെ.. ഇയ്യ്‌ ഇനീം തടഞ്ഞാ പെരടി ഞാൻ തിരിക്കും.ഇനിക്കൊരു പാട്ട്‌ ഇടണം."
***********************************************
വിരുന്ന് കഴിഞ്ഞ്‌ കണ്ണും തുടച്ച്‌ പെണ്ണിന്റെ വീട്ടുകാര്‌ പോവാനിറങ്ങുമ്പോൾ സ്പീക്കറതിലുമൊച്ചത്തിൽ കരഞ്ഞു

"മറ്റൊരു സീതയെ കാട്ടിലേക്കയക്കുമ്പോൾ.."