Monday 3 November 2014

ഇൻഗ്ലോറിയസ്‌ കൂലിപ്പണിക്കാരൻ - ക്വിന്റിൻ ടാറന്റീനോ.

            
       
   

           ചാപ്റ്റർ 1 - ഞെട്ടിക്കൽ

"രാഖ്വേട്ട്‌.. ഒരു കാര്യം പറയാനിണ്ട്‌."

"എന്താണ്ടാ.."

"ഇങ്ങക്ക്‌ പ്രജീഷിനെ അറിയൂലെ?"

"ഏത്‌?"
"സദാന്നേട്ടന്റെ മോൻ.."

"ഏത്‌ സദാന്നൻ?"

"ഇങ്ങള്‌ കക്കൂസുംകുഴി വട്ടത്തിൽ കുഴിച്ചതിന്‌ പോർക്കെണ്ണിയ സദാന്നേട്ടൻ.."

"ഇമ്പളെ സദാന്നേട്ടൻ..വട്ടത്തിലുള്ള കുഴി ചതുരത്തിലാക്കാൻ എളുപ്പാണ്ടോ..അറ്റത്ത്ന്ന് കുറച്ച്‌ മണ്ണെടുത്താതി."

"അയിന്‌ വട്ടത്തിനേട്യാ അറ്റം?"

"ചെലക്കാണ്ട്‌ കാര്യം പറയെടൊ.."

"സദാന്നേട്ടന്റെ മോള്‌ പ്രിയ മുണ്ടയ്ക്കലെ ഏതൊ ചെക്കനായിട്ട്‌ അടുപ്പത്തിലാണ്‌"

"വിനയൻപ്പടത്തിനും ബ്ലാക്കില്‌ ടിക്കറ്റോ?"

"പ്രജീഷ്‌ ഇങ്ങളോടൊന്ന് ഓനെ ഞെട്ടിക്കാൻ പറഞ്ഞിണ്ട്‌."

"ഞാനൊറ്റയ്ക്കോ?"

"അല്ല.. അതിർത്തീന്ന് ഇതിനായിറ്റ്‌ കുറച്ച്‌ പട്ടാളക്കാരെ വിളിക്ക്യാ..മത്യോ?"

"കുപ്പി ശര്യാക്കാൻ പറഞ്ഞി ഓനോട്‌. ഇമ്പക്ക്‌ ശനിയാഴ്ച്ച നോക്കാ."

         

         ചാപ്റ്റർ 2 - ഫോൺ നമ്പർ

കാരന്തൂര്‌ സീട്ടെക്ക്‌ കോളേജിനെതിർവശം.ബുക്കും പേപ്പറും സൈലൻസറുമില്ലാത്ത തന്റെ സീഡി നൂറിൽ രാഖു വന്നിറങ്ങി.

"പോരുന്നോ? കുഴിമന്തി വാങ്ങിത്തരാ"

"ചെലെക്കാണ്ട്‌ പോടോ.."

ചുരുട്ടിക്കൂട്ടിയ കടലാസ്‌ അവൾക്ക്‌ നേരെ നീട്ടി രാഖു പറഞ്ഞു :

"നമ്പറാണ്‌. വിളിക്കണം. കാത്തിരിക്കും"

"ആങ്ങളേന്റടുത്ത്‌ കൊടുക്കാ. നമ്പറ്‌ ഓൻ വിളിച്ചോളും."

            

              ചാപ്റ്റർ 3 - കടൽ

കോഴിക്കോട്‌ കടപ്പുറം.

"എനിക്കൊരുപാടിഷ്ടായി."

"എനിക്കും. നല്ല കടല. ഒരു കുമ്പിള്‌ കൂടി വാങ്ങ്യാലോ?"

"രൻജിയേട്ടാ.."

"എന്തേ.."

"ഈ കടലിനപ്പുറത്തെന്താ?"

"കടലിനപ്പുറത്ത്‌ കര."

"അപ്പൊ കരയ്ക്കപ്പുറത്തോ?"

"കടല്‌"

"ഇതിനിടേലൊന്നൂല്യേ?"

"ഇത്‌ പോലെ വല്ല ബീച്ചും കാണും."

"എട്ടനറിഞ്ഞാ എന്നെ തല്ലും"

"എന്തിന്‌? ഇടയ്ക്ക്‌ ബീച്ചുള്ളതിനോ?"

"അല്ല. നമ്മടെ കാര്യമറിഞ്ഞാ എന്നെ തല്ലുമെന്ന്.."

"എന്നേം തല്ലും."

"അതിന്‌ രൻജിയേട്ടൻ ഒറ്റമോനല്ലേ?എട്ടനില്ലല്ലോ?"

"അന്റെ ഏട്ടൻ ഇന്നെ തല്ലുന്ന കാര്യാ പറഞ്ഞത്‌.."

            

              ചാപ്റ്റർ 4 - യുദ്ധം

കാരന്തൂരങ്ങാടി.

"രാഖ്വേട്ട്‌..കാവിമുണ്ടൊക്കെ ഉടുത്ത്‌ ഗുമ്മായിക്കിന്നല്ലോ? യുവമോർച്ചക്കാരനാ?"

"കാവിമുണ്ടുടുത്തവനൊക്കെ യുവമോർച്ചക്കാരനാണോ?"

"എന്റെയറിവിലല്ല."

"എന്നാ ചെല നിർത്ത്‌."

"രാഖ്വേട്ട്‌..ഇതാണ്‌ പ്രജീഷ്‌..ഇവന്റെ പെങ്ങളാണ്‌ പ്രിയ. ഓളെ മറ്റോനെയാണ്‌ ഇമ്പക്ക്‌ ഞെട്ടിക്കണ്ടത്‌.."

"മറ്റോനോ?"

"ലൈന്‌ ന്ന്.ഓനിപ്പ ഇവ്ടെ വരും"

"പ്രജീഷെ മോൻ പേടിക്കണ്ട. വീട്ടിൽ പോയി കുപ്പി എടുത്ത്‌ നിന്നോ.. വർക്ക്‌ കഴിഞ്ഞ്‌ വിളിക്കാം"

"ഓ"

"രാഖ്വേട്ട്‌ ഇങ്ങളെ മോള്‌ വന്നിക്കിന്ന്"

"ഏടെടോ?"

"കൂൾബാറിന്റെ മുന്നിലതാ നിക്കുന്ന്"

"അപ്പൊ പ്രജീഷെ ഇയ്യ്‌ വിട്ടോ. സീൻ ഞങ്ങള്‌ ഡീല്‌ ചെയ്തോളാം"

"ഓ"

"ഇവനെന്താണ്ടോ ഒരുമാരി വാർഡ്‌ മെംബറെ പോലെ  എന്ത്‌ പറഞ്ഞാലും ഓ ഓ എന്ന് പറഞ്ഞോണ്ടിരിക്കുന്നത്‌? ഹാന്റിക്യാപ്പ്ഡാ?"

"എന്ത്‌?"..

"വിക്കുണ്ടോ ന്ന്"

"ഇല്ല."

"മോളൂ"

"പോടാ ചെറ്റെ.."

"നൈസ്‌.. ഐ ലൈക്കിറ്റ്‌. ഷാർജ്ജ വാങ്ങിത്തരട്ടെ..?"

"കുറച്ച്‌ വിഷം വാങ്ങിത്താ..ഇതിലും ഭേദം അതാണ്‌.. എമ്മാ വെർപ്പിക്കലാണ്‌.."

"പുറമേക്ക്‌ ഞാൻ വളരെ ടഫ്ഫാണെങ്കിലും ഉള്ളിൽ ഭയങ്കര റോട്ടോമാക്കാണ്‌"

"അതൊരു പെന്നല്ലേ രാഖ്വേട്ട്‌?"

"ഒരാള്‌ ചെലച്ചാ മതി വാസ്വോ.."

"രാഖ്വേട്ട്‌ ഓൻ വന്നിക്കിന്ന്..ആ ബുള്ളറ്റിമ്മലിരിക്കുന്നോനാ"

പ്രണയം വഴിഞ്ഞൊഴുകുന്ന കണ്ണുകളിടിഞ്ഞ്‌ ക്രോധത്തിന്‌ വഴിമാറി..സ്ലോമോയിൽ രാഖു തിരിഞ്ഞു..ബുള്ളറ്റ്‌ ഹാന്റിലിൽ പിടിച്ച കൈവണ്ണം കണ്ടതോടെ ഭയം ക്രോധത്തിനെ ഓവർടെക്ക്‌ ചെയ്തു.

" വാസ്വോ..ചെറ്റെ... ആര്‌ ആർക്കാണ്ടൊ ക്വൊട്ടേഷൻ കൊടുത്തത്‌?"

"രാഖ്വേട്ട്‌ തടി മാത്രെള്ളൂ. കേറി ചാമ്പിക്കോളി. ഞാനിണ്ട്‌.. വയ്യില്‌"

       

          ചാപ്റ്റർ 5 - ക്ഷണനം.

ജിമ്മിലേക്ക്‌ കയറിപ്പോകുന്ന കോണിപ്പടിയിൽ രാഖു  കൽപ്പണിക്കാരുടെ ഉരസിപ്പലക പോലുള്ള ഫോണിലേക്ക്‌ കണ്ണും നട്ടന്തിച്ചിരിക്കുന്ന ഒരു സാഹ്‌യാനം.പുതുമഴയ്ക്ക്‌ പൊട്ടിമുളച്ച തകര പോലെ കോഴി വാസു എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു.

"എന്താണ്‌ സീൻ രാഖു ഭായി?"

" സീനായിട്ടില്ല വാസ്വോ..ഓനും ഓളുംകൂടി റൂമിലേക്ക്‌ കടക്കുന്നതേ ള്ളൂ." ഫോണീന്ന് കണ്ണെടുക്കാതെ രാഖു മറുപടി നൽകി.

"ബെസ്റ്റ്‌. രാഖ്വേട്ടാ ഇങ്ങളിതിനാ ഈ വല്യക്കാട്ടെ ഫോണ്‌ വാങ്ങ്യത്‌?"

ഹലാക്കിന്റവിലും കഞ്ഞി. പേസ്ബുക്ക്‌ നോക്കാൻ  വാങ്ങ്യതേനി. ഇതിപ്പ പീസ്‌ കണ്ട്‌ വെടി തീരുമെന്ന് തോന്ന്ണ്ട്‌."

"അയിനിപ്പൊ എല്ലാരും വാട്സാപ്പിലാ രാഖ്വേട്ടാ."

"അതെന്താണ്ടോ?"

"സരിതേന്റെ ക്ലിപ്പൊക്കെ കാണിക്കുന്ന സംഗത്യാ.."

"അന്റട്‌ത്ത്‌ണ്ടൊ ഒന്നെടുക്കാൻ?"

"എന്ത്‌?"

"വാട്സാപ്പ്‌"

"രാഖ്വേട്ട്‌ അത്‌ സ്റ്റോറിൽ ന്ന് ഡൗൺലോഡ്‌ ചെയ്യണം."

"പറഞ്ഞത്‌ നന്നായി. തള്ള അരി വാങ്ങാൻ സ്റ്റോറില്‌ പോകാൻ പറഞ്ഞിക്കിന്ന്. സൈര്യം തരൂല കിട്ടീക്കില്ലേൽ.."

"അല്ല ഇയ്യെന്താ ഇവ്‌ടെ.?"

"ജിമ്മില്‌.. കട്ട ഇണ്ടാക്കാൻ"

"മുട്ടയാണ്‌"

"എന്ത്‌?"

"ഇവ്‌ടെ കൊടുക്കുന്ന പൈസയ്ക്ക്‌ മുട്ട വാങ്ങി തിന്ന് വാസ്വോ."

"അങ്ങനെ."

"രാഖ്വേട്ട്‌.. ഇന്നല്ലെ സദാന്നേട്ടന്റെ മോളെ പാർട്ടി? ഇങ്ങക്ക്‌ ക്ഷണനം ഇല്ല്യേ?"

"ഇണ്ട്‌. ഞാൻ വരും."

           ചാപ്റ്റർ 6 - അവീൽ

കല്യാണവീട്ടിലെ ഭക്ഷ്ണപ്പന്തൽ.

"രാഖ്വേട്ട്‌ ഇങ്ങക്കിഷ്ടപ്പെട്ട സാധനം വരുന്നുണ്ട്‌."

"അവീലാണോ?"

"കോപ്പാണ്‌. ഇങ്ങളെ മോളതാ വരുന്ന്"

"അതൊന്നും ശര്യാവൂല വാസ്വോ. ഞാൻ വിട്ട്‌."

"കാളനില്ല്യടോ സദ്യക്ക്‌?"

"കാലൻ വരുന്നുണ്ട്‌. അതാ ഓൾടെ സൈഡിലാങ്ങള."

"വാസ്വോ.. സ്കൂട്ട്‌."

        

        ചാപ്റ്റർ 7 - ക്ലൈമാക്സ്‌

"വാസ്വോ.. കല്യാണപ്പെണ്ണിന്റെ കൂടെ മണ്ടപത്തിലിരിക്കുന്ന കൊശവനെ ഏടെയോ കണ്ട്‌ പരിചയണ്ടല്ലോ?"

"രാഖ്വേട്ട്‌.. പ്രജീഷ്‌ തല്ലാനേൽപ്പിച്ച ഹിമാറ്‌ തന്നാണത്‌. "

"വാസ്വോ.."

"എന്തേ.."

"വിട്ട്‌ നിന്നോ.. പെരഡി ഞാൻ തിരിക്കും. ഇതിനാണ്ടോ ഇയ്യ്‌ ഇന്നെ കൂട്ടിക്കൊണ്ടോയത്‌? അടീം കിട്ടി മറ്റേ പെണ്ണിന്റെ മുന്നിൽ നാണം കേടേം ചെയ്ത്‌."

"രാഖ്വേട്ട്‌ മോള്‌ ഇങ്ങളെ നോക്കുന്നുണ്ട്‌.ഇങ്ങളീ മൊതലിനെ എന്ന് തൊട്ടാ പ്രേമിക്കാൻ തൊടങ്ങ്യത്‌?"

"എട്ടാങ്ക്ലാസിൽ ഫൈനലിയറിന്‌ പഠിക്കുമ്പോ."

"അതിനെട്ടാങ്ക്ലാസ്‌ ഒരു കൊല്ലല്ലേ ഇള്ളൂ"

"മാഷമ്മാരത്‌ മനസിലാക്കാഞ്ഞാ ഞാനെന്ത്‌ ചെയ്യാനാ? റബ്ബറിന്റേം സ്കെയിലിന്റേം മേത്തൊക്കെ ഓളെ പേരേനി വാസ്വോ.."

"ഞാൻ വിശ്വസിക്കൂല."

"പേരെഴുത്യതോ?"

"അല്ല. പെൻസിലും പുസ്തകോമില്ലാത്ത ഇങ്ങക്ക്‌ റബ്ബറും സ്കെയിലും ഇണ്ടേനി ന്നുള്ളത്‌."

"മങ്ക്‌.തല്ല് കൊണ്ടത്‌ മിച്ചം.ആ കള്ള സുവറ്‌ പ്രജീഷിനെ ഈ തെരക്കൊക്കെ കഴിഞ്ഞിട്ട്‌ ഞാനൊന്ന് കാണുന്നുണ്ട്‌."

"രാഖ്വേട്ട്‌ ഓള്‌ വരുന്നുണ്ട്‌.ഞാമ്പോണ്‌"

"എന്താ ഇപ്പൊ കാണാത്തത്‌?"

"വർക്കിലായിരുന്ന്"

"കിടപ്പിലായിരുന്നു എന്നാണല്ലോ ഞാനറിഞ്ഞത്‌?"

"വർക്കിനിടയിൽ കയ്യൊന്ന് തിരിഞ്ഞു"

"കയ്യ്‌ പിടിച്ച്‌ തിരിച്ചതല്ലേ..ഞാൻ കണ്ടിരുന്നു. ആരാന്റെ കാര്യത്തിന്‌ പോയിട്ടല്ലേ!? എഫ്ബി റിക്വസ്റ്റ്‌ അയച്ചിട്ടുണ്ട്‌."

അവൾ മന്ദഹസിച്ചു  തിരിഞ്ഞു നടന്നു.

"രാഖ്വേട്ട്‌..ഓള്‌ ആങ്ങളേനെ കൂട്ടാൻ പോയതാവും. വിട്ടാലോ.."

"വേണ്ട വാസ്വോ.. തല്ല് കൊണ്ടത്‌  വെറുത്യായില്ല. ഷീ ഫെൽ. അവള്‌ വീണ്‌"

സ്പീക്കറിലൂടെ പണ്ടെങ്ങോ കേട്ട്‌ മറന്ന തമിഴ്‌ ഗാനം അലയടിച്ചു.

Sunday 24 August 2014

നെടുവീർപ്പ്..

"ആരാടെ രാവ്ലെ തന്നെ ഫോണ്ക്കൂടെ പാറപ്പുറത്ത് ചെരട്ടയൊരക്കുന്നത് ?"

"കുണ്ടനഭിയാണ് മച്ചാ.. ഇപ്പ വരും."

"എന്തിനാണ്ടോ കണ്ട പോർക്കുകളെയൊക്കെ വിളിച്ചോണ്ട് എന്റെ മുന്നില് ഹാജര് വെപ്പിക്കുന്നത് ?"

"മച്ചാ ഓനെക്കൊണ്ടാവശ്യമുണ്ട് . മച്ചാന്റെ പെണ്ണിനെ ഓൻ നോക്കണത് കാര്യാക്കണ്ട. മൊണ്ണയാണ് .മച്ചാന്റത്ര വെവരമില്ല."

തെക്കെപ്പറമ്പത്ത് ഗോവിന്ദന്റെ ആദ്യത്തെയും അവസാനത്തെയും സന്തതി നാരങ്ങ രാഹുല് നടത്തിയ സൈക്കോളജിക്കൽ മൂവിൽ ബീഡി ശ്രീരാജ് ഒന്നടങ്ങി.തന്റെ പെണ്ണിനെ വളയ്ക്കാൻ നടക്കുന്ന കമ്പിപ്പണിക്ക് പോണ അഭിയെന്ന കുണ്ടനഭി ശ്രീരാജിന്റെ ശത്രുവാണ്.

"മച്ചാ കുണ്ടനഭി വരുന്നതാ ".. സ്ളോ മോഷനിൽ തന്റെ ആക്റ്റീവയിൽ നൂറിന് രണ്ട് റേബാൻ വെച്ചഭി വന്നു.

"അഭി മച്ചാ .. സുഖമാണോ ?" നാരങ്ങ തന്റെ പ്രീണനനയം പുറത്തിട്ടോണ്ട്  അഭിയുടെ തോളിൽ കൈവെച്ചു "

ഈ ***രൻ ശരിക്കും ആരുടെ കൂടാണ് ? ശ്രീരാജ് ചിന്താമഗ്നനായി.

"എന്താണ്ടാ അഭ്യേ .. ബെൻസിന്റെ ചിന്നം സ്കൂട്ടറിൽ തല തിരിച്ചൊട്ടിച്ചത് ? "

"ബെൻസിന്റല്ല സീരാജേ ... അത് പീസിന്റെ ചിന്നാണ് "

പീസിന് ഞാനറിയാത്തൊരു ചിന്നം .. അതെപ്പോ . ശ്രീരാജ് വീണ്ടും മഗ്നനായി.

"അഭ്യേ കമ്പി വളയ്ക്കാൻ പോണോൻ കമ്പി വളച്ചാതി. ന്റെ പെണ്ണിനെ വളയ്ക്കണ്ട." ശ്രീരാജ് ഫോമായി.

"അഭി വളച്ചിട്ട് വളയാത്ത കമ്പിയുമില്ല പെണ്ണുമില്ല. ചെലനിർത്തി പോട് ".

പ്രശ്നം യൂത്ത് കോണ്ഗ്രസ്സിന്റെ ജില്ലാ മാർച്ച് പോലെ കൈവിട്ടു പോണതിനുമുമ്പ് നാരങ്ങ ചാടി വീണു.

"ന്താണ് അഭി മച്ചാ.. ഇങ്ങള് വരി. ഒരു കാര്യം പറയാണ്ട്."

നാരങ്ങ അഭിയേയും കൂട്ടി ആക്ടീവയുടെ മൂട്ടിലേക്ക് നീങ്ങി.

"മച്ചാ .. ആ ചെങ്ങായി പൊട്ടനാണ്‌. ഓനിങ്ങളെ പെണ്ണിനെ കിട്ടൂല. ഓക്ക് ഇങ്ങളെയാണ് ഇഷ്ടം പഷേ ഓളെ അച്ഛൻ സത്യൻ ഓളെ ഒരു പട്ടാളക്കാര്നോ കൊടുക്കുള്ളൂ. ഇങ്ങള് കമ്പീം വളച്ചിരുന്നാ ഓള് ഓളെ പാട്ടിന് പോവും "

"ഏത് പാട്ട് "

"മ.. മറ്റേടത്തെ .. ന്റെ മച്ചാ കമ്പി വളച്ച് വളച്ച് ഇങ്ങളെ കയ്യും കാലും ഗുമ്മായിക്കിന്ന്. ഇങ്ങളിപ്പ ചെന്നാ അപ്പ പട്ടാളത്തിലെട്ക്കും."

"അങ്ങനൊക്കെ ഇണ്ടെടോ ? അമ്മോൻ പറഞ്ഞത് ഇയ്യിപ്പോ പട്ടാളത്തില് പോണ്ടാ. പഹയൻ മോഡിയെങ്ങാൻ പ്രധാനമന്ത്രിയായി  യുത്തം പ്രഖ്യാപിച്ചാ പിന്നെ മീമ്പിടിക്കുന്ന ഈരിഴ തോർത്ത്‌ പോലാവും ശരീരം ന്നാണല്ലോ ?"

"ഈരിഴ തോർത്തോ ?"

"ആണ്ടോ.. ഉണ്ട കൊണ്ട് തൊള വീണട്ട് "

"ഇങ്ങളെ അമ്മോൻന്ന് പറയണതാ പാമ്പ്‌ സോമനല്ലേ ? അയാള് അട്ടേന്റെ കണ്ണ് കണ്ട പഹയനാണ് മച്ചാ. അയാടെ വീടുപണിക്ക് ഫ്രീയായി കമ്പിപ്പണിക്ക് ഇങ്ങളെ ഇവ്ടെ നിർത്താനുള്ള അടവാണ് മച്ചാ."

"ന്നാലും സോമനമ്മോൻ...". ഇത്തവണ മഗ്നനായത് അഭിയാണ്. ആട്ടിന്താടിക്ക് കയ്യും കൊടുത്തഭി ശ്രീരാജിനെ നോക്കി. ചെക്കൻ മൊഞ്ചനാണ്. കമ്പി വളച്ചിരുന്നാ പെണ്ണിനെ പഹയൻ വളയ്ക്കും. മഗ്നത തുടർന്നു.

ശ്രീരാജ് തെങ്ങിന്റെ മണ്ടയിലും നാരങ്ങയുടെ മോന്തയിലും ദൃഷ്ടി പതിപ്പിച്ച് നടപ്പാലത്തിന് മോളിലിരുന്നു. അഭി മൊണ്ണയാണെങ്കിലും ഉശിരനാണ്. തന്നെപ്പോലെ ഫസ്റ്റ് ക്ളാസ്‌ എഞ്ചിനിയറിംഗ് ഡിഗ്രിയില്ലേലും പഹയനൊരു ജോലിയുണ്ട്. ഇങ്ങനെ പോയാ ഓള് ഓനടിക്കും.

നാരങ്ങ അഭിയുടെ ചിന്തയെ തടസപ്പെടുത്തി.

"അഭി മച്ചാ.. കുടുമ്മക്കാരെ നമ്പാൻ പറ്റൂല. കാട് വീടായാല് ആശാരി പൊറത്താണ്. ഓല് ഇമ്പളെ തട്ടും. ഇങ്ങളാലോയ്ക്ക്."

അഭി വീണ്ടും താടി ചൊറിഞ്ഞു.

"മച്ചാ പൊരേ പോയി ആലോയ്ക്ക്. ഇവ്വെയിലത്ത് നിന്നാലോയ്ച്ചാ ഇങ്ങടെ നെറത്തിന് കറുപ്പ്ന്നുങ്കൂടി പറയാൻ പറ്റൂല"

അഭി ആക്ടീവയെടുത്ത് സ്ളോ മോഷനിൽ ഓടിച്ച് പോയി.

"മച്ചാ .. ഓന്റെ ഒരു കാര്യം." നാരങ്ങ ശ്രീരാജിന്റെ അടുത്തെത്തി. "ഓനിണ്ടല്ലോ മച്ചാ ..ഇങ്ങളെ പെണ്ണെന്നല്ല ഇന്റെ പെണ്ണെന്നല്ല ഒരുത്തന്റെ പെണ്ണിനേം കിട്ടൂല. അത്രയ്ക്ക് മൊണ്ണയാണ് "

"അതിന് അനക്ക് പെണ്ണില്ലല്ലോ രാഹുലെ ?"

"ഇല്ല . അതല്ലേ മച്ചാ കിട്ടൂല ന്നു പറഞ്ഞത് .. ഇങ്ങളൊരു മാരി.."

"ഇയ്യെന്താ ഓനോട്‌ പറഞ്ഞത് ?" ശ്രീരാജ് നാരങ്ങയോടു വിവരമാരാഞ്ഞു.

"ഒന്നുല മച്ചാ..ഓൻ പട്ടാളത്തില് പോവ്വാണ്. ഇങ്ങള് കൈച്ചിലായി."

"പട്ടാളത്തില് കിട്ടിയോ പഹയന് ? പണിയായല്ലോ രാഹുലെ.. ഞാൻ ***ഞ്ചേണ്ടി വരോ ? ഓള് ഓനെ കെട്ടോ ?"

ശ്രീരാജിന്റെ മുഖത്ത് ഒരാന്തല് ഇതള് വിരിഞ്ഞു.

"ഇന്റെ മച്ചാ.. ഓളെ അച്ഛൻ സത്യനില്ലേ .. മൂപ്പര് ന്താ പറഞ്ഞത് ന്ന് ഇങ്ങള് കേട്ട്ക്കാ ?"

"ഇല്ല "

"മൂപ്പര് പറഞ്ഞത് ഇന്റെ മോളെ പട്ടാളക്കാർക്കൊന്നും കൊടുക്കൂല. മോഡിയെങ്ങാൻ പ്രധാന മന്ത്രിയായി വന്ന്  യുദ്ധം പ്രഖ്യാപിച്ചാ പട്ടാളക്കാരുടെ ശരീരം ഈരിഴ തോർത്ത്‌ പോലാവും ന്ന് "

"ഈരിഴ തോർത്തോ ?"

"ആ മച്ചാ .. ഉണ്ട കൊണ്ട് തൊള വീണിട്ട് "

ശ്രീരാജിന്റെ മുഖത്ത് വിരിഞ്ഞ ആന്തൽ ഫ്ളിപ്പ്കാർട്ടിൽ ഷയോമി വിൽക്കാൻ വെച്ച സ്റ്റോക്ക് പോലെ മാഞ്ഞു.

"പഷേ മച്ചാ ഇങ്ങക്ക് പണിയില്ല.അതൊരടിയാണ് . ഒരു മേസ്തിരീം എഞ്ചിനിയറിംഗ് പഠിച്ചോനും ഒരുമിച്ച് പെണ്ണ് കാണാൻ ചെന്നാ എഞ്ചിനിയറിങ്ങ് പഠിച്ചോനെ ആട്ടി വിട്ടിട്ട് മേസ്തരിക്ക് പെണ്ണ് കൊടുക്കുന്ന കാലാണ് "

"റിസെഷനാണ് രാഹുലെ.."

"ആയിനെന്താ മച്ചാ .. ദാ തെങ്ങിന്റോട്ടില് ഒഴിച്ചോളി. ആരും കാണൂല."

"എന്ത് ?"

"റിസഷൻ "

**ര്. "അത് വിട് രാഹുലെ .. ഞാനെന്താണ് ചെയ്യ ?"

"ഇങ്ങള്  പൊറത്ത് പോയി പഠിക്ക് . പണി ഒറപ്പാ. കപ്പൽന്റെ എന്തോ പഠിച്ചാ പണി കിട്ടൂന്ന് ആരൊക്കയോ പറേണ്ണ്ട് ."

"അതും ശരിയാണ്. ഞാനോന്നന്വേഷിക്കട്ടെ രാഹുലെ "


ഒരു കൊല്ലം ഫാസ്റ്റ് ഫോർവേഡ് .


കുണ്ടനഭി പട്ടാളത്തിൽ ചേരാൻ പോയി കറങ്ങി തിരിഞ്ഞ് അവിടുന്ന് ചാടിപ്പോന്ന് നാട്ടിലെത്തിയ ദിവസം.ബസ് സ്റ്റോപ്പിൽ നഖം കടിച്ചിരിക്കുന്ന ശ്രീരാജിനെ കണ്ട അഭി പേടിച്ചു. ഇനിയിവനെങ്ങാൻ അവളേ കെട്ടിയോ ?

" ഡാ സീരാജെ .."

"അഭ്യേ ..ലീവിന് വന്നതാണോ ? "

"അല്ലടാ .. ചാടി പോന്നതാ."

"ഇന്യെന്താ പരിപാടി ?"

"സോമനമ്മോന്റെ വീട് പണി നടത്തണം. ഞാമ്പോയേന് ശേഷം അമ്മോൻ വീട് പണിഞ്ഞിട്ടില്ല. അമ്മായി വേറാരയേലും കൂടെ പോയാലും പ്രശ്നല്ല പൈസ കയ്യീന്ന് പോണത് മൂപ്പര്ക്ക് സഹിക്കൂല"

ശ്രീരാജ് നഖംകടി തുടർന്നു .

"സീരാജെ ഓളെ ഇയ്യ്‌ കെട്ടിയോ ?"

"ഇല്ല."

"ആവൂ."

"ഓളെ ആ നാരങ്ങ കെട്ടി."

"അയ്യോ "

രണ്ടു പേരും ചേർന്ന് നഖം കടി തുടർന്നു.

നിശബ്ദത ഭേദിച്ച് അഭി  : " ആ ****യിന്റെ  മോനാണ് എന്നെ പട്ടാളത്തിലേക്ക് പറഞ്ഞയച്ചത്. "

"അതേ ****യിന്റെ മോനാണ് എന്നെ കപ്പല് കടല് എന്നൊക്കെ പറഞ്ഞ് പിരി കേറ്റി വിട്ടത് "

"എന്നിട്ട് ?"

"എന്നിട്ടെന്താവാൻ.**ഞ്ചി ".

"ഓനിപ്പോ എന്താ പണി സീരാജെ ?"

"തേങ്ങവലി "

അന്നേരമാണ്  നാലായിരത്തി എഴുന്നൂറിന് ഒന്നിന്റെ റേബാനും വെച്ച് നാരങ്ങ രാഹുൽ തന്റെ പെണ്ണിനേം വെച്ച് പള്സറിൽ വന്നത്.

"ഹായ് മച്ചാൻസ്.. ഇവള്ടെ ചേച്ചിയുടെ കുട്ടീന്റെ പിറന്നാളാണ്. പോയി വരാം. വൈന്നേരം കാണാം."

ബൈക്ക് മുന്നോട്ടെടുത്ത് ഒരു സഡൻ പിടിച്ച് നാരങ്ങ അഭിയോടു പറഞ്ഞു : " മച്ചാ സോമേട്ടന്റെ വീട് ഒന്ന് വേഗം തീർത്ത് കൊടുക്കി. പാവാണ്‌. വേണേൽ ശ്രീരാജ് മച്ചാനേം കയ്യാളായി കൂട്ടിക്കോ. മച്ചാന് വെറുതെയിരുന്ന് ബോറടിക്കുന്ന്ണ്ടാവും"

മുന്നോട്ട് കുതിക്കുന്ന ബൈക്കിനെ നോക്കി രണ്ടു പേരും നെടുവീർപ്പിട്ടു..













Saturday 17 May 2014

ഉജാലക്കുപ്പി

"സാർ ഞാനിന്നലത്തെ ഹോം വർക്ക്  ചെയ്തിട്ടില്ല"

"അതെന്തേ ?"

"സാർ ഞാൻ ഇന്നലെ വീട്ടിലില്ലായിരുന്നു"

"അതൊന്നുമെനിക്കറിയണ്ട.. കൈ നീട്ടിക്കോ.."

"ഇല്ല സാർ..നീട്ടില്ല "

"അതെന്താ ?"

"ആരുടേം മുന്നില് കൈ നീട്ടരുത് എന്നാണച്ചൻ പറഞ്ഞത് "

"ങേ..അച്ഛനെന്താ പണി ?"

"സൂര്യോദയ ബസ്സിലെ കണ്ടക്റ്ററാണ് "

*ചൂരല് ചന്തിക്കുരയുന്ന ശബ്ദം ഒന്ന് , രണ്ട് , മൂന്ന് .. മൂന്ന് വട്ടം.*

പെരിങ്ങൊളം സ്കൂളിലെ പ്ളസ് ടൂ വിദ്യാർഥിയാണ് കിച്ചു.അറാംപെറപ്പിന്റെ ഹോൾസേൽ മാർക്കറ്റ്.അടയ്ക്കാക്കുരുവിയുടെ വലുപ്പവും ചീവീടിന്റെ ശബ്ദവും  ഒത്ത് ചേർന്നാലത് കിച്ചുവായിടും എന്നവന്റെ പ്രോഡക്ഷൻ കണ്ട്രോളറു് ദാസേട്ടൻ തന്നെ ക്വോട്ട് പറഞ്ഞതാണ്.ഒറ്റ മോനായത്‌ ഈ സൈസ് അറാംപെറപ്പ് രണ്ടാമതൊന്നും കൂടെ കുടുമ്മതോട്ട് വരണ്ട എന്ന ദാസേട്ടന്റെ  ദീർഘദർശനമാണെന്നാണ് നാട്ടുകാര് പറയുന്നത്.തന്റെ ഒറ്റ മോനായത്‌ കൊണ്ടും സൂപ്പർ ലോട്ടോ നിർത്തലാക്കിയത് കൊണ്ടും ദാസേട്ടന്റെ ഏക പ്രതീക്ഷ കിച്ചുവിലായിരുന്നു.ആകെ മനസിരുത്തി വായിക്കുന്ന പുസ്തകങ്ങൾ ക്രൈമും ഫയറുമാണെന്ന്‌ മാത്രം.നന്നാവാൻ വേണ്ടിയാണ് ട്യൂഷന് വിട്ടത്.കിച്ചു വന്നതോടെ ഒട്ടു മുക്കാൽ കുട്ടികൾക്കും നന്നാവാൻ ട്യൂഷൻ വിടേണ്ടി വന്നെന്ന് മാത്രം.

ട്യൂഷൻ ക്ളാസിലെ അശ്വതിയെ കാണാനും സംസാരിക്കാനും കിച്ചുവെന്നും ട്യൂഷൻ ക്ളാസിൽ വന്നോണ്ടിരുന്നു.ക്ളാസുകൾ നടന്നു കൊണ്ടിരുന്നു.അശ്വതി പഠിചോണ്ടിരുന്നു.കിച്ചു ചൊറിഞ്ഞോണ്ടിരുന്നു.മാഷ്‌ കിച്ചുവിനെ തേമ്പിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ കിച്ചുവിന് സ്കൂളിൽ നിന്ന് സസ്പെൻഷൻ കിട്ടി.

"അമ്മേ എനിക്ക് സസ്പെൻഷൻ കിട്ടി.."

"ആണോ..എനിക്കറിയായിരുന്നു ഇയ്യി മനസിരുത്തി ശ്രമിച്ചാൽ എല്ലാം നടക്കൂന്ന്.ആട്ടെ സസ്പെൻഷൻ ഏത് വിഷയത്തിനാ ? വാർഷികത്തിന് സ്റ്റേജില് അന്റെ പേര് വിളിക്കോ മോനെ ?"

"പിന്നേ ..വിളിക്കാണ്ട് ..പഷേ അയിന് മുന്പ് അമ്മേനെ സ്കൂളിലേക്ക് വിളിപ്പിക്കും."

അതും പറഞ്ഞ് കിച്ചു സ്കൂട്ടായി.സസ്പെൻഷൻ കിട്ടിയത് വിറ്റാണ്.

സ്കൂളിൽ പുതിയതായിയുണ്ടാക്കിയ സ്റ്റേജിന് പിറകുവശത്തായിരുന്നു ഇടവേളകളിൽ കിച്ചുവിന്റെ മൂത്രമൊഴിപ്പ്.തുടങ്ങി വെച്ചതോടെ ബാക്കിയുള്ള ഫ്രീക്കുകളും ഒഴിക്കാൻ തുടങ്ങി.എം.എൽ.എ ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് നിർമിച്ച മൂത്രപ്പുര ആർക്കും വേണ്ടാതായി.ആയിടയ്ക്കാണ് പരാതി ഹെഡ് മിസ്ട്രസിന്റെ അടുത്തെത്തിയത്.അന്ന് തന്നെ നോട്ടീസടിച്ച് സ്റ്റേജിന് പിന്നിൽ പതിക്കാൻ അവരുത്തരവും കൊടുത്തു.

"ഇവിടെ മൂത്രമൊഴിക്കരുത്. ഹെഡ് മിസ്ട്രസ് പിടിക്കും "

അഞ്ച് മിനിട്ട് കഴിഞ്ഞതെയുള്ളൂ , വേറൊരു നോട്ടീസവിടെ പ്രത്യക്ഷപ്പെട്ടു :

"ഹെഡ് മിസ്ട്രസ് പിടിച്ചാൽ മാത്രം പോരാ.പിടിക്കാണേൽ അടിച്ചും കൂടെ തരണം "

ശേഷം ചിന്ത്യമാണ്.

ഏതായാലും ഒരാഴ്ച്ചത്തേക്ക് സ്കൂളിന്റെ പടിക്കലേക്കില്ല.അശ്വതിയെ വളയ്ക്കാനാണേൽ അടുത്ത പഞ്ചായത്തീന്ന് വരെ ചെക്കന്മാര് വരുന്നുമുണ്ട്.ജീീവിത നിലവാരം കൂട്ടിയില്ലേൽ അശ്വതി തന്റെ മനസ്സില് തീ കോരിയിട്ട് പോവും.

അച്ഛന്റെ തൊഴിഞ്ഞ യമഹയെടുത്ത് ട്യൂഷൻ ക്ളാസിൽ പോവാൻ കിച്ചു നിശ്ചയിച്ചു.അഭിപ്രായാമാരാഞ്ഞത്  സുഹൃത്തായ കുട്ടൂസനോടാണ് :

"കുട്ടൂസ് ..ഡാഡിയുടെ വണ്ടിയെടുത്ത് ട്യൂഷന് ചെന്നാൽ അശ്വതി വീഴുമോ ഡ്യൂട് ?"

"കിച്ചൂസ് ..ആ വണ്ടിയെടുത്ത് പോയാൽ അശ്വതി വീഴുമോ എന്നറിയില്ല..ഇയ്യി വീഴുമെന്നുറപ്പാണ്.അതിന്റെ ബ്രേക്ക് മുണ്ടിക്കൽതാഴത്തെ വർഷാപ്പിൽ പണയത്തിലാണ് ഡ്യൂട് "

"പ്രേമിക്കാനെന്തിനാണ്ടാ ബ്രേക്ക് .. "

"മോനേ ഇയ്യാ വണ്ടിയെടുത്ത് ആ വഴിക്ക് പോണ്ടാ..ഓള് കാർക്കിച്ച് തുപ്പും "

"ഇന്റെ വണ്ടി കണ്ടീഷനാ..യമഹ കമ്പനി ചോദിച്ചതാ ഈ വണ്ടി ഞങ്ങക്ക് തരുന്നോന്ന് "

"കമ്പനി ചോദിച്ചിട്ടുണ്ടാവും.ഇത് പോലൊരു വണ്ടി റോഡുമ്മിലോടിയാൽ കുറവ് കമ്പനിക്കാ "
പിറ്റേന്ന് ശനി.കിച്ചു വണ്ടിയെടുത്ത് റൈസാക്കി.സ്പൈഡർമാന്റെ ചിത്രമുള്ള ബാഗും തൂക്കി പറന്ന് .പ്രേമത്തിന് ബ്രേക്ക് ആവശ്യമില്ലായിരുന്നു.എന്നാൽ ബൈക്കിനു ബ്രേക്ക് അത്യാവശ്യമായിരുന്നു.കിച്ചു ബൈക്കേതോ കവുങ്ങിനിടിച്ച് സലാാലയായി.കിച്ചു കവുങ്ങും തോട്ടത്തിൽ വെള്ളമെടുക്കാൻ കുഴിച്ച കുഴിയിൽ സമാധിയുമായി.ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

കുട്ടൂസൻ കയ്യിലെ പ്ളാസ്റ്റർ നുള്ളി പൊളിക്കുന്ന കിച്ചുവിനോട് ചോദിച്ചു :

"ഇപ്പഴെന്തായി ?"

"ഇപ്പൊഴൊന്നുമായില്ല.സ്കൂളിൽ പോവാത്തതിനൊരു  കാരണവുമായി ,അശ്വതിയുടെ അടുത്ത് സിമ്പതിയുമായി. ഇയ്യി ഓളോട് പറയണം കിച്ചു ആക്സിടന്റ്റ് പറ്റി കിടപ്പിലാണെന്ന്.ഓള് വീഴും "

പിറ്റേന്ന് കുട്ടൂസൻ ട്യൂഷൻ സെന്ററിന്റെ അടുത്ത് :

"കിച്ചു ആക്സിടന്റ്റ് പറ്റി കിടപ്പിലാണ് "

"ആ പട്ടി ചത്താലും എനിക്കൊന്നൂല്യ "

ഫാസ്റ്റ് ഫോർവേഡ് :

"അമ്മേ..ഇനിമുതൽ നന്നായി പഠിക്കും.പഠിച്ചു പരീക്ഷക്ക് നല്ല മാർക്ക് വാങ്ങും "

"ആര് ?"

"ഞാൻ"

"എനിക്ക് തോന്നണില്ല "

കിച്ചു പഠിച്ചു.ഫസ്റ്റ് ക്ളാസടിച്ചു. കോളേജിൽ അഡ്മിഷൻ കിടച്ചു.അശ്വതിയും അതേ കോളേജിലാണെന്നറിഞ്ഞപ്പോളവന്റെ മനസ്സ് പെടച്ചു.

കോളേജിലെ ബുദ്ധ പ്രതിമയുടെ ചോട്ടിൽ കിച്ചുവിരുന്നു. വെളിവില്ലാത്ത ബുദ്ധൻ മേലെയും വെളിവില്ലാത്ത കിച്ചു താഴെയും.അശ്വതിയെ ഏതോ സീനിയർ ചൂണ്ടിക്കൊണ്ട് പോണത് കണ്ട് വിമ്മിഷ്ടപ്പെട്ടിരിക്കുന്ന കിച്ചുവിനോട് ക്ളാസ്‌മേറ്റ്‌ ചോദിച്ചു :

"എന്താ അളിയാ .. കിളി പോയോ ?"

"പോയി .. ഇനിയടുത്ത കിളിയെ തപ്പണം..."

"ഏതാ കൂട് ?"

"ക്രിസ്ത്യൻ കോളേജ് ഫസ്റ്റ് പ്രിഫെറെൻസ് , ദേവഗിരി കോളേജ് സെക്കന്റ്‌ ആൻഡ്‌ ആർട്സ് തേർഡ് "

"അതിന് ഇയ്യിപ്പോ ഗുരുവായൂരപ്പൻ കോളേജിലല്ലേ?ഇവിടുന്ന് കിട്ടുന്ന തല്ല് ഡിസ്കൗണ്ട് ചെയ്യാൻ വേണ്ടി ഇത്രയ്ക്ക് റിസ്കെടുക്കണോ ?"

"അതല്ല ഡ്യൂട് .. ഉജാല കുപ്പിയുടെ സ്ട്രക്ച്ചറുള്ള ഒരു പെണ്ണ് - അതാണ്‌ കിച്ചു വിഭാവനം ചെയ്ത സ്വപ്നം.അതിവിടെയില്ല.."

"അപ്പോ അശ്വതിയോ ?"

"ഡ്യൂട് ഉജാലക്കുപ്പിയും പെപ്സിയുടെ രണ്ട് ലിറ്റർ ബോട്ടിലും തമ്മിൽ വല്യ വ്യത്യാസമുണ്ട്."

പെട്ടെന്നാണ് ഒരു കൈ കിച്ചുവിന്റെ തോളത്ത് വന്നു വീണത്. നേരത്തെ അശ്വതിയുടെ കൂടെ കണ്ട സീനിയർ.

"നീയാണോ അച്ചുവിനെ ശല്യപ്പെടുത്തുന്നവൻ ?"

"ഏതച്ചു ?"

"നിനക്കേതൊക്കെ അച്ചുവിനെ അറിയാം ?"

"കീലേരി അച്ചു "

ചെള്ള മൂളിച്ചൊരടി....

"അശ്വതിയാണോ ഏട്ടാ ? ഇങ്ങള് നല്ല മാച്ചാണ് ..അല്ലേട്ടാ ഇങ്ങള് സൈസാണല്ലോ ..പട്ടാളത്തിൽ പൊയ്ക്കൂടെ ?പണി കിട്ടിയാൽ അശ്വതിയെ ഇങ്ങക്കെന്നെ കെട്ടാം"

"ഹും...ഇനി മേലാൽ അന്നെ ഓൾടെ മുന്നില് കണ്ട് പോവരുത് "

അതും പറഞ്ഞവൻ തിരിഞ്ഞ് നടന്നു.

"അല്ലെടോ ഇയ്യെന്തിനാ ഓനോട്‌ പട്ടാളത്തിലൊക്കെ ചേരാൻ പറഞ്ഞത് ? പണി കിട്ടിയാലോൻ ഓളേ കെട്ടൂലെ ?"

"പണി കിട്ടട്ടെ ..മോഡി അധികാരത്തിൽ വന്ന് ഒരു ഭ്രാന്തിന് യുദ്ധം പ്രഖ്യാപിക്കുമ്പോ ഈ എരപ്പനൊക്കെ മുന്നിലുണ്ടാവണം.."

ഫാസ്റ്റ് ഫോർവേഡ് :

"കിച്ചു ഐ  ലവ് യു .."

"മച്ചാ ഫസ്റ്റ് ഡീസീലെ പ്രി യങ്കയെന്നോട് ഐ ലവ് യു പറഞ്ഞ്..."

"അതിനവൾ ഉജാലക്കുപ്പി പോലെയല്ലല്ലോ.."

"ഉജാലക്കുപ്പി പോട്ട് ..കിച്ചുവിന് അഞ്ഞൂറ് എമ്മെലിന്റെ പെപ്സി കുപ്പി മട്ടും പോതുമെടാ..."




Thursday 13 February 2014

ഒരു സാധാരണ ഇന്ത്യൻ പ്രണയകഥ

രണ്ട്  വർഷം  മുന്പ് :


നാളെ വാലൈന്റിൻസ് ഡേ.എല്ലാ കോഴികൾക്കും വാല് മുളയ്ക്കുന്ന ദിവസം.തനിക്കത്‌ പതിവ് പോലെ ഒരു വെള്ളിയാഴ്ച മാത്രമായിരിക്കുമെന്ന അറിവ് അവനെ വേദനിപ്പിച്ചു.കടുത്ത മാനസിക സംഘർഷം .ഇരുപത്തിരണ്ടു വയസ്സായിട്ടും ഇത് വരെ ഒരു പെണ്ണിനെ ചാലാക്കാൻ കഴിയാഞ്ഞതിലുള്ള വിഷമം മൂക്കിലൂടെ ഒലിച്ചിറങ്ങി.സീൻ കോണ്ട്ര - ജലദോഷം.പെണ്ണിനെ വളയ്ക്കാൻ കണ്‍വേസ് ഷൂസും ചുരുണ്ട മുടിയും മാത്രം മതി ,ബുദ്ധിയൊട്ടും വേണ്ടെന്നു പറഞ്ഞ് തന്ന കുട്ടനെ മനസ്സിൽ പഞ്ഞിക്കിട്ട് അവനെണീറ്റു.മേശപ്പുറത്തിരിക്കുന്ന തൊഴിൽവാർത്തയെടുത്ത് മറിച്ചു..എന്നിട്ട് മനസ്സില് പറഞ്ഞു - ജനറൽ കാറ്റഗറിക്കാരൊക്കെ ഇനി മുപ്പത് വയസ്സ് വരെ ജീവിച്ചാ മതിയെന്നൊരു ഓർഡിനൻസു കൂടിയിറങ്ങണം..എന്തിനാ വെറുതെ.....

പഠിക്കുന്ന കാലത്ത് സപ്പ്ളി വാരിക്കൂട്ടുന്ന തിരക്കിലായത് കൊണ്ട് കൂടെ പഠിക്കുന്ന പെണ്‍കുട്ടികളുടെ മൊഞ്ചും മുഖവുമൊന്നും നോക്കാൻ സമയം കിട്ടിയിരുന്നില്ല.വാരിക്കൂട്ടിയ സപ്പ്ളികൾ എഴുതിയെടുത്തു ഒന്ന് സെറ്റായി വരുന്നെന് മുന്പ് മൊഞ്ചത്തികളെ ഓരോ ഇംതിയാസുമാർ സലാലയാക്കിയിരുന്നു.ചുരുണ്ട മുടിയിലൂടെ വിരലുകളോടിച്ച് അവൻ ഉമ്മറക്കോലായിലിരുന്നു.ഇൻസ്ട്രുമെന്റ് ബോക്സിലെ ഡിവൈഡറു പോലെ ഒരു ജന്മം...കണ്ടു പരിചയമുള്ള ഒരു രൂപം ഗേറ്റ് കടന്നു വരുന്നത് കണ്ടു - കുട്ടൻ.

"ഹൈ മച്ചാ..സുഖല്ലേ ?"

"ഫ്രീക്കെ നിന്റെ വണ്ടിയൊന്ന് വേണം, ടൌണ്‍ വരെ പോണം..ചിക്കിന് ഗിഫ്റ്റ് വാങ്ങണം.."

ഉള്ളീന്ന് അമ്മ വിളിച്ച് ചോദിച്ചു :

"ആരാ മോനെ?"

"ഒന്നുമിലല്ലമ്മാ .. മുറ്റത്തെ നെല്ല് ചിക്കാൻ കോഴി വന്നിട്ടുണ്ട് ..എടുത്തകത്ത് വെക്കണോ ?"

"ഞാൻ വരാം "

കുട്ടൻ അരീക്കൽ കാവിലെ തിറയ്ക്ക് വാങ്ങിയ ബാബുമോൻ ബ്രാൻഡ് സണ്‍ഗ്ളാസ് ഊരി  കോലായിലേക്ക് കയറി.

"മച്ചാ ഡെസ്പാവല്ലേ..നമുക്ക് സബൂറാക്കാം.നിനക്ക് വേണ്ടി ഞാനൊന്നിനെ കഷ്ട്ടപെട്ട് പറഞ്ഞ് വെച്ചിട്ടുണ്ട്..അമ്പലപ്പടിക്കലാണ് വീട് ..കനത്തിലുള്ള ഒരു ഗിഫ്റ്റും വാങ്ങി നാളെ ചെല്ല്.ഓള് അനക്ക് സൂട്ടാവും. കുട്ടന്റൊറപ്പ് പൊട്ടാറില്ല.."

"പൊട്ടിയാൽ കുട്ടന്റെ ചെള്ള ഞാൻ മൂളിക്കും..അത്രെയെയുള്ളൂ.."

"എന്താണ് മച്ചാ ഇങ്ങനെ..ചീർ അപ്പ്..."

"ചീർപ്പില്ല..അല്ലേലും മൊട്ട തല്യ്ക്കെന്തിനാ ചീർപ്പ് ?"

ബുദ്ധിക്കൊരു ലേശം കമ്മിയുണ്ടെങ്കിലും ഉടായിപ്പിന്റെ ഉസ്താദായ കുട്ടന്റെ വിവരക്കേടിൽ അവനൊരു സംശയവുമുണ്ടായിരുന്നില്ല.പ്രേമിക്കാൻ അത്യാവശ്യം വേണ്ട എല്ലാ കിടുതാപ്പും തന്റെ കൈവശമുണ്ട് - ബൈക്ക്,ചുരുണ്ട മുടി, കോണ്‍വേസ് ഷൂസ്,വാട്സപ്പുള്ള ഫോണ്‍...പെണ്ണ് മാത്രമില്ല.മൃഗശാലയിലെ കുരങ്ങിന് വരെ ഇണയുണ്ട്..സർക്കാർ വക..നാട്ടിലെ കുട്ടന് ഇണയുണ്ട്..അത് മേലേടത്തെ ശങ്കരേട്ടൻ വക..പപ്പടപണിക്കാരനായ ശങ്കരേട്ടന്റെ മോളെ കുട്ടൻ വളച്ചത്‌ വളരെ ഐതിഹാസികമായിട്ടായിരുന്ന്.തനിക്ക് സങ്കടം വരുമ്പോഴെല്ലാം കുട്ടനെം കൂട്ടി പുഴക്കരയിൽ പോയിരുന്നു അവനെക്കൊണ്ടാ കഥ പറയിപ്പിക്കും..ഈ മണ്ടന് വരെ പെണ്ണ് കിട്ടിയെന്ന് കേൾക്കുമ്പോ മനസ്സിനൊരാശ്വാസം തോന്നും.

അവന് തന്റെ കാമുകിയെപറ്റി ഒരുപാട് സങ്കല്പ്പങ്ങളുണ്ടായിരുന്നു..പ്രേമിക്കുന്നത് പെണ്ണിന്റെ പണം കണ്ടാവണം.മുഖം കണ്ട്‌ പ്രേമിച്ചവനൊക്കെ മൂഞ്ചിയ ഒരുപാട് കഥകൾ കാലം തന്റെ മുന്നിലേക്കിട്ട് തന്നിട്ടുണ്ട്..കുട്ടൻ പറഞ്ഞ പെണ്ണിന്റെ ഡീറ്റൈൽസ് അറിയാൻ തന്നെ തീരുമാനിച്ച് .

"അമ്മേ ഞാനിറങ്ങുന്നു..കുട്ടാ വാ.."


ബീച്ചിലെ മണല്പ്പരപ്പിലിരുന്നു ദീർഘനിശ്വാസം വിട്ട് കുട്ടൻ പറഞ്ഞു :

"തിരയെണ്ണുക എന്ന സംഗതി എളുപ്പമാണ്..മിനുട്ടിൽ എത്ര തിരയുണ്ടെന്ന് നോക്കീറ്റ് അതിനെ അറുപതോണ്ട് ഗുണിച്ച്‌ പിന്നൊരു ഇരുപത്തിനാലുകൊണ്ട് ഗുണിച്ചാ..."

മണല് വാരി കുട്ടന്റെ അണ്ണാക്കിലിടാൻ തോന്നിയെങ്കിലും ഒന്നും ചെയ്യാതെ അവനിരുന്നു.

"ആ മച്ചാ വന്ന കാര്യം.. പെണ്ണ് അമ്പലപടിക്കലാണ് ..പെണ്ണിന്റഛൻ സൌദീലും.."

"അമ്മയോ...?"

"അത് പറയാൻ പറ്റൂല..വീട്ടിലുണ്ടാവേണ്ടതാണ്"

"വളയുമോ ?  "

"വളയും..ഒറപ്പ്. എന്റെ കൂടെ വാ ഗിഫ്റ്റ് വാങ്ങ്..നാളെ ചെല്ല് ..ഗിഫ്റ്റ് കൊട്..ഓള് വീഴും..ഇല്ലേൽ കുട്ടൻ വീഴ്ത്തും."

"പെണ്ണിന്റെ ഫോട്ടോ ഇണ്ടോ ?"

"ബേജാറാവണ്ട..പോണ വഴിക്ക് ഓളെ വീടിന് മുന്നിക്കൂടെ പോവാം..എന്തേയ്?"

"മം..."

കുട്ടനെം കൊണ്ടവൻ പ്യുവർ സൌത്തിൽ കേറി..ബില്ല് വന്നപ്പോളത് ആയിരത്തിന്റെ നോർത്തിലേക്കായിരുന്നു.

ഗിഫ്റ്റും വാങ്ങി സിനിമയും  കണ്ട് ഓവർ ബ്രിഡ്ജിറങ്ങി വരുമ്പോഴാണ് പോലീസുകാർ കൈവീശിയത് ..നൂറവിടെ പൊട്ടി..ചിലവേറെയാണെങ്കിലും പെണ്ണിന് വേണ്ടിയല്ലേ എന്നോർത്തവൻ സമാധാനിച്ചു.

വണ്ടി അമ്പലപ്പടിക്കലെത്തി. സൈഡ് സ്റ്റാന്റിലിട്ടു ഒതുക്കി നിർത്തി അവനിറങ്ങി.കുട്ടന്റെ മുഖത്തേക്ക് നോക്കി.

"മച്ചാ അത് തന്നെ വീട് .." - വെള്ള പെയിന്റടിച്ച ഒരടാറു് വീട് ചൂണ്ടി കുട്ടൻ പറഞ്ഞു.

ഇലവേഷൻ ശരിയല്ല .സാരമില്ല കല്യാണം കഴിഞ്ഞിട്ട് ഡാഡിയെ കൊണ്ട് മാറ്റി പണിയിക്കാം.

ആലിഞ്ചുവട്ടിൽ വച്ച ഫ്ലെക്സിങ്ങനെ പറഞ്ഞു : ആസിയാൻ കരാർ അറബിക്കടലിൽ ...ആണവകരാർ,ആസിയാൻ കരാർ,കമ്പ്യൂട്ടർ,ജെ.സി.ബി- കമ്മ്യൂണിസ്റ്റ് പാർട്ടി അറബിക്കടലിൽ കൊണ്ട് തള്ളിയ സാധങ്ങളുടെ കണക്കെടുത്താൽ വിറ്റാണ്.ചിരിച്ചു ചാവും.

"കുട്ടിയെവിടെ കുട്ടാ?"

"ദിപ്പോ ശരിയാക്കാം"

കുട്ടൻ തേപ്പ് പണിക്കാരുടെ ഉരസിപ്പലക പോലുള്ള തന്റെ ഫോണെടുത്ത് നമ്പർ കുത്തി ആരോടോ സംസാരിച്ച് .

"ഒരു അര മണിക്കൂർ..അവളിവിടെ എത്തും.ഡർ മത്  കരോ "

കുട്ടന്റെ കണക്ഷൻസ്‌ അപാരം തന്നെ.

"കുട്ടാ നീ ഹിന്ദി പഠിച്ചോ ?"

"ഞാനോ ? ഹിന്ദിയോ ? കിണ്ടി പഠിച്ചു "

"പിന്നിപ്പൊ ഹിന്ദി പറഞ്ഞത് ?"

"ദത് ദിന്നാള് മഹാഭാരതം സീരിയൽ കണ്ടപ്പോ കിട്ടിയതാ.."

സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു.. ഫൈനൽ സെമ്മിലെ റെഫ്രിജിറെഷൻ ആൻഡ്‌ എയർ കണ്ടീഷനിംഗ് പരീക്ഷക്ക് ഹാളിലിലിരുന്ന അതേ സ്പീഡിൽ..അവൻ വാച്ച് നോക്കി.ഏതോ ഒരു ഒമ്പതേ മുക്കാലിന് അകാലമരണം സംഭവിച്ച സൂചികൾ അവനെ നോക്കി പുഞ്ചിരിച്ചു .

അമ്പലത്തിലേക്ക് നോക്കി കുട്ടൻ അവനോട് പറഞ്ഞു :

"വല്ല ദൈവവുമായി ജനിച്ചാ മതിയായിരുന്ന് .."

"എന്തേ ?"

"അല്ല എല്ലാ ദിവസവും ഗുളിക കുടിക്കുന്നത് പോലല്ലേ ചരക്കുകൾ രാവിലേം വൈകീട്ടും വന്ന് തൊഴുതിട്ട്  പോണത് ..നമ്മളൊക്കെ ഇങ്ങനെ...."

പെട്ടെന്നാണ് അവളെ അവൻ ശ്രദ്ധിച്ചത് ..

"കുട്ടാ അവളാണോ ?"

"മച്ചാ പെണ്ണത് തന്നെ..മുട്ടിക്കോ"

അവൻ അവളുടെ അടുത്തേക്ക് ചെന്നു ..കുട്ടനും കൂടെ വന്നു.

"ഹായ് "

"ഹെലോ..വന്നിട്ട് കുറെ നേരമായോ ?"

"ഇല്ല.."

"എന്നെ കാണാൻ വന്നതാണെന്നറിഞ്ഞു.. സോ.. കണ്ടില്ലേ..?"

"സോ കണ്ടില്ല ..റോങ്ങ്‌ ടേണ്‍ കണ്ടു.സൂപ്പറാണ് " - അവൻ കുട്ടന്റെ മുഖത്തേക്കൊന്ന് കടുപ്പിച്ച് നോക്കി.

"ഞാനിപ്പ വരാം.." കുട്ടൻ സ്കൂട്ടായി.

"ഒന്നും പറയാനില്ലേ? അമ്മേടെ കൂടെ പുറത്ത് പോണം..ഇയാളെപറ്റി ഒരു ചെറിയ ഐഡിയ തന്നാൽ....."

"അതിനെന്താ..എനിക്കൊരു ജീവിതമുണ്ടായിരുന്നു.  അങ്ങനെയിരിക്കെ ഞാൻ ബി.ടെക്ക് പാസായി.അങ്ങനെ എനിക്കെന്റെ ജീവിതം     പോയിക്കിട്ടി."

മുപ്പത്തിരണ്ട് പല്ലും കാണിച്ചുള്ള അവളുടെ ചിരിയിലവൻ മയങ്ങി വീണു.

"ഐ ആം ഇമ്പ്രെസ്സ്ട്...വരട്ടെ..കാണാം..ടേക്ക്  കെയർ "

അവൾ നടന്നു നീങ്ങി...അവന്റെ ഹൃദയത്തിലേക്ക് ..

"കുട്ടാ....ലവ് യൂ ഡാ മുത്തേ ..."

വണ്ടിയെടുത്ത് ഒരു രാജമല്ലി വിടരുന്ന പോലെ പാടിയവൻ ആക്സിലെററേറ്റർ തിരിച്ചു..അഞ്ഞൂറ് മീറ്റർ പിന്നിട്ടപ്പോഴേക്കും അവന്റെ മനസ്സിൽ അവൾ വീണ്ടും വന്നു..അവളുടെ മുപ്പത്തിരണ്ട് പല്ലുകൾ അവനെ അത്രയേറെ ആകർഷിച്ചിരുന്നു..വണ്ടി തിരിക്കലും ഒരോട്ടോ വന്നുമ്മ വെച്ചതും പെട്ടന്നായിരുന്നു...


മുപ്പത്തി രണ്ടു സ്റ്റിച്ച് ശരീരത്തിന്റെ പല ഭാഗത്തുമായി സമ്മാനിച്ച ഒരുമ്മ ...കുട്ടന്റെ കാലിന്റെ തോലും പോയികിട്ടി...രണ്ടാൾക്കും വാലന്റൈന്സ് ഡേ നഷ്ടമായി...


ഫാസ്റ്റ് ഫോർവേർഡ് :

ഇന്നാ മുപ്പത്തിരണ്ടു പല്ലും അവനു സ്വന്തം...കുട്ടൻ തന്റെ പ്രണയം പൊട്ടിയ നിരാശയിൽ ഗൾഫിൽ പോയി.പുതിയൊരു പ്രണയം നാംബിടുന്നത് വരെ കുട്ടനവിടെ കാണും.




Sunday 5 January 2014

കല്യാണരാമൻ - റ്റ്വിറ്റർ വേർഷൻ

" ഇവിടെ ഫാവ് ?... "

" മോനെ ഇവിടെയിത്തിരി ഫാവ് താങ്ങിയെ...."

" എഹ്.. നീയെന്തിനാ ഇപ്പ കേറി റ്റ്വീറ്റിട്ടത് ? "

" ഞങ്ങള് സെലിബ്രിട്ടികളാ..ഞങ്ങളാ ഫസ്റ്റ്  റ്റ്വീറ്റിടെണ്ടത് ..."

" അപ്പൊ ഞങ്ങടെ റ്റ്വീറ്റിന് ആര് ആർട്ടിയടിക്കും? "

" ആാ... "

" സെലിബ്രിട്ടിയാണല്ലേ? "

" അല്ല...എറണാകുളം ജില്ലാ കളക്ടറു് ..മിണ്ടാതെ ആർട്ടിയടിക്കെടോ.. "



" രാമാ .. "

" എന്തോ... "

" ഇവിടെ വന്നെ... "

" ചെറുക്കന്റെ അനിയനാ..രാമങ്കുട്ടി.. "

" അഹ് ..നീയെന്താ  കാണിക്കുന്നത് ? നീയിരിക്ക് ഞാൻ ഫാവടിക്കാം.. "

" വേണ്ട ..സാറിരുന്നോ ..ഞാൻ ആർട്ടിയടിചോളാം.."

" ഹേ ..നിങ്ങള് രണ്ടു പേരും ദേ ഇത് ഫാവടിച്ചോ ..ആ പ്രശ്നം സോൾവാവട്ടെ .."



" മോനെ ..ഒന്ന് ആർട്ടിയടിക്കട്ടെ ? "

" ഓ... "

" ചേട്ടാ കുറച് ഫാവിടട്ടെ ? "

" വേണ്ടാ.. "

" ലേശം ആർട്ടിയടിച് കളിക്കാനായിട്ട് ? "

" വേണ്ടെന്ന് .. "

" ഇത്തിരി ഫോളോവേസിനെ കിട്ടാനായിട്ട് ? "

" എടൊ..തന്നോടല്ലേ പറഞ്ഞത് വേണ്ടെന്ന് .. "

[ഇതെവിടെന്നു വന്നതാ ഈ പന്നി...]

" ഡോ ..അല്ലേ കുറച് ഫേവിട് ..തനിക്ക് ആർട്ടിയടിക്കെം ചെയ്യാം... "

" എടൊ തന്നോട് പതിനായിരം പ്രാവശ്യം ഞാൻ ചോദിച്ചതല്ലേ ആർട്ടിയടിക്കട്ടെ ആർട്ടിയടിക്കട്ടെ ന്നു ? ആർട്ടിയെന്നു തന്നെയല്ലേ ഞാൻ പറഞ്ഞത് ?അക്ഷരം മാറിയൊന്നുമില്ലലോ ? എനിക്കെപ്പോളും ഇങ്ങനെ ആർട്ടിയടിക്കാൻ പറ്റൂല്ല..ഞാനേ പഴയ ട്വീപ്പ്  ഓഫ് ദി ഇയറാണ് ...താനെന്താ വേഷം കെട്ടെടുക്കാ ? "

" എന്താ പ്രശ്നം ? "

" എന്റെ രാമങ്കുട്ടീ ..ഞാനായിരം പ്രാവശ്യമീ നായിന്റെ മോനോട് ചോദിച്ചതാ ആർട്ടിയടി ക്കട്ടെ ന്ന് ..അപ്പൊ അവന്റമ്മേടെ .."

" ഏയ്‌.."

" അവന്റമ്മേടെ വീടിനടുത്തുള്ള കഫേയിൽ  വെച്ചാണ് ഞാനീ റ്റ്വിറ്റർ അക്കൗണ്ട്‌ ഉണ്ടാക്കിയത് ..എന്നിട്ടാ  അവനെന്നോടിങ്ങനെ പെരുമാറുന്നത് .. "

[ചേട്ടാ ..കുറച്  ഫാവ്.. ]

" തൊട്ടപ്പുറത്തവനോട് ഡീയെമ്മിട്ടു  വാങ്ങെടാ.. "

" ഓരോരുത്തമ്മാര് കൈ വാടകയ്ക്കെടുത്ത് വന്നിരിക്കാ..ഭ്രാന്തായാൽ ഞാൻ തെറി വിളിച്ച് ക്വിറ്റടിക്കുംട്ടോ.. "

" ഐഷ്...പോട്ടെ.."

" തന്നെ റ്റ്വീറ്റപ്പിനു വിളിച്ചുണ്ടോ? ഇണ്ടെങ്കിൽ ഇൻവിറ്റെഷൻ  കാണിക്കെടാ.. "

" ഹേ ..പോ..ദെ ഇതും കൊണ്ടങ്ങട്  പോ..."

" വേണോന്ന്  ചോദിച്ചാൽ വേണ്ടാന്നു പറയാ..ഇവനാര്  സ്കൂള് മാഷോ .."

" എനിക്കിനി ആർട്ടി വേണ്ടാ...."

" അതെന്താടാ നിനക്ക് ആർട്ടി വേണ്ടാത്തെ? മര്യാദക്ക് നീ റ്റ്വീറ്റിട്ടിട്ട് , റ്റ്വീറ്റപ്പിനുള്ള ഇൻവിറ്റെഷനും  കാണിച്ചിട്ടേ നിന്നെ ഞാൻ വിടുള്ളെടാ..പന്നീ  "'
 
******************************************************************************


LEGENDS (for those who are unfamiliar with twitter lingo):

ആർട്ടി  = RT (retweet) - essentially same as that of share option in fb.

ഫാവ്  = fav ( favourite) - essentially same as that of like option in fb.

celebritty = in this context points to those who are famous in tweeting their hearts out

ഡീയെം  = DM (direct message) - one to one messaging in twitter

റ്റ്വീറ്റപ്പ്‌  = tweetup - reunion of people who tweet (often belonging from same location/district)






Friday 3 January 2014

അമളികൾ

അമളികൾ എല്ലാവർക്കും പറ്റാറുണ്ട്..പറ്റിയ അമളികളോർത്ത് പിന്നീട് നമ്മൾ ചിരിക്കാറുമുണ്ട് . ചിലർ പറ്റിയ അമളികൾ പുറത്തു പറയാതെ നടക്കും..എന്നാലെനിക്ക് പറ്റിയ അമളികൾ തുറന്നു പറയാനാണ് ഞാനീ പോസ്റെഴുതുന്നത് ..


അമളി 1 :

ഏറെ നാളായി ഞാൻ കാത്തിരുന്ന ഒരു സംഗതിയായിരുന്നു കോളേജിലെ കോഷൻ ഡെപ്പോസിറ്റ് .വരണ്ട മരുഭൂമിയിൽ ഒറ്റപെട്ടു പോയരാൾക്ക് 5 മിനുട്ട് മഴ കിട്ടിയ പ്രതീതി..അങ്ങനെ കോളേജിൽ പോയി ചെക്കും വാങ്ങി നേരെ ബാങ്കിലേക്ക് നടന്നു പൈസ അക്കൌണ്ടിലേക്ക് ഇട്ടു ഞാൻ ജേതാവിനെ പോലെ പുറത്തിറങ്ങി..

വീടിനടുത്തുള്ള എ.ടി.എം കാരന്തൂർ എന്ന ഗുദാമിലാണ് സ്ഥിതി ചെയ്യുന്നത്..കുറച്ചു ദിവസങ്ങളായിട്ടെയുള്ളൂ അത്  നട തുറന്നിട്ട്‌ .ബൈക്കെടുത്ത് ചെവിയിലോക്കെ ഇയർഫോണ്‍ വയറിംഗ് ചെയ്തു ഞാനിറങ്ങി.. നോക്കുമ്പോൾ നീണ്ട നിര..വെയിലത്ത്‌ തലയ്ക്ക് കയ്യും കൊടുത്ത് ഞാൻ വരി നിന്ന്..തൊട്ടപ്പുറത്തെ സീടെക്ക്  പാരലൽ കോളേജ് ഉച്ചക്ക് വിട്ട ടൈമായതിനാൽ സമയം പോയതറിഞ്ഞില്ല.ഓർമ്മകൾ അഴവെട്ടി അങ്ങനെ നിക്കുമ്പോഴാണ് എന്റെ ഊഴം വന്നത് ..അത് വരെ റോഡിലെക്കായിരുന്ന എന്റെ കണ്ണ് എ.ടി.എം കൌണ്ടറിലേക്ക് തിരിഞ്ഞു..ആദ്യം കണ്ടത്  "ഇൻസേർട്ട്‌ യുവർ കാർഡ്  റ്റു  എന്റർ " എന്ന  ബോർഡാണ് .പണ്ടൊരിക്കൽ ഞാൻ കോയമ്പത്തൂരിൽ പോയപ്പോൾ ഇത് പോലൊരു ബോർഡ്‌ കണ്ടിട്ട് കാർഡ് ഇടാൻ മടിച്ചതും വാതില് തുറക്കാഞ്ഞതും സെക്യൂരിറ്റി വന്ന്  കണ്ണുരുട്ടിയതും ഒക്കെ ഓർമയിൽ വന്ന്..പോരാഞ്ഞതിന് പുതിയ എ.ടി.എം കൌണ്ടറാണ് ..എന്തായാലും സമയം മെനെക്കെടുത്താതെ പൈസ വലിക്കാനുള്ള വ്യഗ്രതയിൽ കാർഡ് ആ തുളയിലെക്കിട്ട് ..അത് വെറുമൊരു ഷോയ്ക്ക് വെച്ച തുളയായിരുന്നെന്നു ഞാനപ്പോഴാണ് അറിയുന്നത്..എന്റെ കാർഡ് എ.ടി.എം കൌണ്ടറിന്റെ ഉള്ളിലും ഞാൻ പുറത്തും..ശേഷം ചിന്ത്യം...


അമളി 2:

4  സ്റ്റാർ ഹോട്ടലിൽ അന്നാദ്യമായിട്ടാണ് കേറിയത്‌ ... ഹോട്ടൽ മൊണാട് ..പേരിനൊരു ഗുമ്മില്ലെങ്കിലും കാണാനൊക്കെ ഭീകരതയുള്ളൊരു ഹോട്ടലായിരുന്നു അത്.ഒറ്റയ്ക്കാണ് പോയത്.. പോയതെന്തിനാണെന്ന് വെച്ചാ വീടിനടുത്ത് ഇത്രേം വല്യൊരു സംരംഭം വന്നിട്ട് കേറാതിരിക്കുന്നത് മോശമല്ലേ എന്ന ആറ്റിറ്റ്യൂട്‌ ..  റെസ്റൊരന്റിലിരുന്നു ചായ കുടിച്ച് മസാല ദോശയും തിന്ന് ടൂത്ത്പിക്കുകൊണ്ട്  പല്ലിനിടയിൽ കുത്തിയിരിക്കുമ്പോഴാണ് ബില്ല് വന്നത്..പല്ലിനിടയിൽ കുത്തിയാൽ നെഞ്ചിനുള്ളിലാണ് കൊള്ളുക എന്നത് അന്ന് മനസിലായി..എന്തായാലും എണീറ്റ് കൈ കഴുകാൻ പോയി..കയ്യും കഴുകി തിരിച്ചു നടക്കുമ്പോഴാണ് ചുമരിൽ ഒരു അന്നോളം കാണാത്ത പുതിയൊരു സൈസ് കിടുതാപ്പ് കണ്ടത്..എന്റെ എന്ജിനിയറിംഗ് ബുദ്ധിയിൽ അത് കൈ കഴുകി ഉണക്കുന്ന യന്ത്രമാണെന്ന് മനസിലാക്കി.ഏതായാലും പൈസ കൊടുക്കുന്നുണ്ട്..എങ്ങനേലും മൊതലാക്കണം എന്നെ ടിപ്പിക്കൽ മല്ലു ചിന്ത എന്റെയുള്ളിലും നുര പൊന്തി.. യന്ത്രതിനടുത്തു പോയി ..ബട്ട് അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നയറിവ് എനിക്ക് ഏഴാം അറിവായിരുന്നു..കുറെ സൈടിലോക്കെ തട്ടി നോക്കി..ചുറ്റും സ്വിചോന്നും കണ്ടതുമില്ല...തട്ടി തട്ടി നിക്കുമ്പോഴാണ് വേറൊരു മാന്യദേഹം കൈ കഴുകാൻ വന്നത് .. ഞാൻ തട്ടുന്നത് കണ്ട് എന്നോടെന്തോ ചോയ്ച്ച്‌ .. കറന്റില്ലാന്ന് ഞാൻ മറുപടിയും കൊടുത്ത്.. മൂപ്പര് കൈ കഴുകി യന്ത്രതിനടുത്ത് വരലും  കൈ അടിയിൽ വെച്ചതും യന്ത്രം മുരളാൻ തുടങ്ങി..അപ്പോളാണ് ഗുട്ടന്സ് പിടികിട്ടിയത്..പോവാൻ നേരത്ത് പഹയൻ ചിരിച്ചു കൊണ്ട് പുറത്ത് തട്ടി പറഞ്ഞ് :

"കറന്റുണ്ട് ..."

അമളി 3 :

രാവിലെ ഒരുത്തന്റെ കൂടെ ബൈക്കിൽ പോകുമ്പോഴാണ് അത് കണ്ണിൽ പെട്ടത് ...ഒരു വലിയ ബിൽഡിങ്ങ് ..ബിൽടിങ്ങിലേക്കുള്ള വഴിയരികിൽ രണ്ടു വശങ്ങളിലുമായി ഈന്തപനകൾ..അസാധ്യ ദീപാലങ്കാരങ്ങൾ. അപ്പൊ തന്നെ മനസിലുറപ്പിച്ച് സീലടിച്ച്‌ - ഇത് ഹോട്ടല് തന്നെ..

ഫാസ്റ്റ് ഫോർവേഡ്  റ്റു  വൈകുന്നേരം..

ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കാനിറങ്ങി..ഞങ്ങടെ കളി കണ്ടും കൊണ്ടും ഫുട്ബാളിനും മടുത്ത് കാണും,ആദ്യ ഷൂട്ടിൽ തന്നെ ഫുട്ബാൾ അന്ത്യശ്വാസം പുറത്തേക്ക വിട്ട് ഞങ്ങളെ വിട്ട് പിരിഞ്ഞ്..സമയം നാലര. ബാക്കിയുള്ള സമയം  ഇനിയെങ്ങനെ ഫലപ്രദമായി ചിലവഴിക്കും എന്ന് തലപുകഞ്ഞ് ചിന്തിച്ചപ്പോഴാണ് രാവിലെ കണ്ട ഈന്തപനകളും ബില്ടിങ്ങും മനസിലേക്ക് ഓടിവന്നത് ..അറേബ്യൻ ഗ്രില്ലോക്കെ മനസ്സില് കണ്ട് ഞാനാ വിഷയം അവതരിപ്പിച്ച് .. ചലോ ആ പുതിയ ഹോട്ടൽ..അതായിരുന്നു അന്ന് വൈകുന്നേരത്തെ മുദ്രാവാക്യം.

പൊളിഞ്ഞടുങ്ങിയ ഒരു മഹീന്ദ്ര ജീപ്പിലാണ് ഞങ്ങടെ പോക്ക്.. തൂങ്ങികിടന്നും താങ്ങിപിടിച്ചും  ഞാനടക്കം പന്ത്രണ്ടു മനുഷ്യ ജീവനുകൾ അങ്ങനെ യാത്ര തുടങ്ങി..ഭക്ഷണ പ്രിയനായ ഞങ്ങടെ ഡ്രൈവർ ഈന്തപനകളുടെയിടയിലേക്ക് ജീപ്പോടിച്ച് കേറ്റിയതും എവിടെനിന്നോ പൊട്ടി വീണത്‌ പോലെ ഒരു സെക്യൂരിറ്റിക്കാരൻ മുന്നിലെത്തി..

"എങ്ങോട്ടാ..?"

"ഹോട്ടലിലേക്ക് ?"

"ഏത് ഹോട്ടല് ?"

"ഈ ഹോട്ടല് "



ഞാൻ ചുറ്റും നോക്കി..ഓഡി,ബിയെംഡബ്ള്യു്  ,പൊർഷെ..പിന്നെ ഞങ്ങടെ തൊഴിഞ്ഞ ജീപ്പും


"ഇത് ഹോട്ടലല്ല ..കോയെൻകോ കമ്പനീന്റെ മൊതലാളീന്റെ വീടാണ്..ഇന്നാണ് ഹൌസ് വാർമിംഗ് ഫങ്ക്ഷൻ.."


റിവേർസ് ഗിയർ അത്ര പെട്ടന്നൊന്നും വീഴാത്ത ആ ജീപ്പിന്റെ ഗിയർബൊക്സ് അന്ന് പക്ഷെ ആലസ്യം കാണിച്ചില്ല..ഒരുപക്ഷെ അതിന്റെ ഉളുപ്പ് ഞങ്ങടെതിനെക്കാളും അധികമായതു കൊണ്ടാവാം..എടുക്കലും തിരിക്കലും വിടലും..എല്ലാം ഭയങ്കര സ്പീഡിൽ..ജീപ്പകന്നു പോയി...

"നടന്ന് വാടാ ചെറ്റേ .." എന്നൊരു നേർത്ത മൂളൽ എന്റെ ചെവിയിലവശേഷിച്ചു..


അമളി 4 :

സാധാരണ അമ്പലത്തിൽ പോവാത്തതാണ് ..ദൈവത്തിലൊക്കെയുള്ള വിശ്വാസം ബി.ടെക്ക് കഴിഞ്ഞതോടെ കമ്മിയായി കൊണ്ടിരുന്നു ..

"ദൈവ വിശ്വാസം ഇല്ലാത്തതാടാ നിനക്ക് ജോലിയൊന്നും കിട്ടാത്തത് ..." - വീടിന്റെ പല കോണിൽ നിന്നും ഈ ഡയലോഗ്  ദിവസവും എന്റെ ചെവിയിലേക്ക് അടിച്ച്കേറ്റിക്കൊണ്ടിരുന്നു..അങ്ങനെയൊരു ദുർബല നിമിഷത്തിലാണ് ഇനി ദൈവത്തിന്റെ പിണക്കം തീർത്ത് കളയാമെന്ന് വിചാരിക്കുന്നതും തേങ്ങയുടയ്ക്കാമെന്നു നേരുന്നതും..

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്കോടി..പോണ വഴിക്ക് ഒരു തേങ്ങയും വാങ്ങി...ആദ്യം കണ്ടപ്പോ അടയ്ക്കയാണെന്ന് തോന്നിയെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോ തേങ്ങയാണെന്ന് മനസിലായി..അത്രയും ചെറുത് തേങ്ങയുടച്ചാൽ ദൈവം പ്രസാദിക്കുമോയെന്നുള്ള സംശയം മനസ്സിലിട്ട് നീറ്റി ഞാൻ അമ്പലം ലക്ഷ്യമാക്കി നടന്ന് ..

അമ്പലത്തിനോടടുക്കും തോറും ശരണംവിളി ഉയർന്ന് കേൾക്കാൻ തുടങ്ങി..ഏതോ ടീമിന്റെ കെട്ട് നിറയുണ്ട് ..

വിഗ്രഹത്തിന് മുന്നില് കുറെ നേരം കണ്ണടച് നിന്ന് പ്രാർഥിച്ചു..ഇടയ്ക്കൊന്ന് കണ്ണ് തുറന്നപ്പോ ദൈവമെന്നോട് ഇങ്ങനെ പറയുന്നതായി തോന്നി...

"മോനെ നീ ബി .ടെക്കല്ലാതെ വേറേതേലും ഡിഗ്രിയെടുതിട്ട് വാ.. അല്ലാണ്ട് എനിക്ക് പോലും മോനെ രക്ഷിക്കാനാവില്ല.."

മനസ്സ് പിടഞ്ഞെങ്കിലും തേങ്ങയുടയ്ക്കാൻ തന്നെ ഞാൻ തീരുമാനിച്ച്..ഒന്നുമില്ലേലും നമുക്ക് നമ്മുടെ ഒരു മാന്യതയില്ലേ ..


തേങ്ങയുടയ്ക്കുന്ന സ്പോട്ടിൽ സ്വാമിമാർ കേട്ട് നിറക്കുകയായിരുന്നു...

"നെയ്യഭിഷേകം സ്വാമിക്ക് ..."

ബാക്ക്ഗ്രൗണ്ടിൽ ഞാൻ തേങ്ങയെറിഞ്ഞു..റബ്ബർ പാല് നിറച്ച പോലെ തേങ്ങ പടിയിൽ തട്ടി ബൌണ്സ് ചെയ്ത് സ്വാമിമാരുടെ നിലവിളക്കും തട്ടി നെയ്യിന്റെ കുപ്പിയുടെ മിഡിൽ സ്റ്റംബ് തെറിപ്പിച്ച് ..

"നെയ്യഭി.........."


ചുറ്റും ശ്മശാന മൂകത...


വീട്ടിലേക്ക് തിരിച്ച് നടക്കുന്ന ടൈമിൽ മനസ്സില് പറഞ്ഞു :

"നമ്മളെയൊന്നും ദൈവത്തിന് പോലും വേണ്ട...."

സംഗതികളൊക്കെ എന്നെങ്കിലും ശരിയാവുമെന്ന  വിശ്വാസത്തോട് കൂടി ...


                                                       ശുഭം