Saturday 28 September 2013

ആരംഭവും അവസാനവും

പ്രേമിക്കാത്തവരായി ആരും തന്നെ കാണില്ല. ജീവിതത്തില്‍ എന്തിനെയെങ്കിലുമൊക്കെ പ്രേമിക്കുവാന്‍ വിധിക്കപ്പെടുന്നവരാണ് നമ്മള്‍ മനുഷ്യര്‍..,. അത് പെണ്ണിനെയാവാം എന്തെങ്കിലും വസ്തുവിനെയാവാം എന്തിന് കടലിനെ വരെ പ്രേമിക്കുന്നവരുണ്ട് നമുക്കിടയില്‍.. അങ്ങനെ തനിക്ക് ചുറ്റുമുള്ളവരെല്ലാം ഒന്നല്ലെങ്കില്‍  മറ്റൊന്നിനെ പ്രേമിക്കുന്നത് കണ്ടിട്ടാണ് അവനും പ്രേമിക്കണം എന്ന വിചാരധാരയിലെത്തിപ്പെടുന്നത്.

പ്രേമം കണ്ണിലാണ് തുടങ്ങുന്നത് എന്നാണ് പ്രേമത്തില്‍ ഡിഗ്രിയെടുത്ത പലരും പറഞ്ഞവന്‍ കേട്ടത്.പക്ഷേ അവന്‍ കാണുന്ന കണ്ണുകളിലൊന്നിലും പ്രേമത്തെ കണ്ടില്ല.നെഞ്ചും വയറും നോക്കി പ്രേമിക്കുന്ന ഈ കാലത്ത് കണ്ണില്‍ പ്രേമത്തെ കണ്ടെത്താനാവില്ല എന്നവനറിയാതെ പോയിരിക്കാം.അങ്ങനെയാവസാനം വീടിനടുത്തുള്ള നമിത പ്രമോദിന്റെ ലുക്കുള്ള പെങ്കുട്ടിയെ പ്രേമിക്കാന്‍ അവന്‍ തീരുമാനിച്ചുറച്ചു.അതവളുടെ കണ്ണു കണ്ടിട്ടായിരുന്നില്ല, അവളുടെ പേരിലുള്ള രണ്ടു നില മാളിക വീട് കണ്ടിട്ടായിരുന്നെന്ന് മാത്രം. പെണ്ണിന് നമിത പ്രമോദിന്റെ ലുക്കുണ്ടെങ്കിലും പ്രകാശ് രാജിന്റെ ലുക്കുള്ള അച്ഛനായിരുന്നു പ്രശ്നം. ചിരിക്കുമ്പോ കൊല്ലാനാണോ വളര്‍ത്താനാണോ എന്നൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അവന്.

കഴിഞ്ഞ ദിവസത്തെ മഴയത്ത് തേങ്ങ വീണു പൊട്ടിയ ഓട് മാറ്റിയ വിടവിലൂടെ അവന്റെ മുഖത്തേക്ക് സൂര്യരശ്മികള്‍ പതിച്ചു കൊണ്ടിരുന്നു. എന്തിനേയും ശുഭാപ്തി വിശ്വാസത്തോട് കൂടി കണ്ടിരുന്ന അവനത് തനിക്ക് ലഭിക്കാന്‍ പോകുന്ന മാളിക വീടിന്റെ പോര്‍ച്ചില്‍ കിടക്കുന്ന ബെന്‍സ് കാറിന്‍റെ സണ്‍ റൂഫില്‍ കൂടെ വരുന്ന വെളിച്ചമായി അതിനെ സങ്കല്‍പ്പിച്ചു കിടന്നു. അംഗനവാടിയില്‍ പടിക്കുമ്പോള്‍ അവള്‍കിത്ര സൌന്ദര്യം ഉണ്ടായിരുന്നിലെന്ന് അവനോര്‍ത്തു. അവളുടെ അച്ചന്റെ അങ്ങാടിയിലെ റബര്‍ ഷീറ്റ് കച്ചോടം പൊടി പൊടിച്ചത് വഴി അനര്‍ഗള നിര്‍ഗളം പ്രവഹിച്ച ഗാന്ധി തലകള്‍ കുമിഞ്ഞു കൂടിയതനുസരിച്ചാണ് അവളുടെ സൌന്ദര്യത്തിന്റെ ഗ്രാഫുയര്‍ന്നത് എന്നവന്‍ ഉറപ്പിച്ചു. അല്ലെങ്കിലും പഠിക്കുന്ന കാലത്ത് കൂടെയിരിക്കുന്ന ചവറ് പെങ്കുട്ടികളൊക്കെ പടിത്തം വിട്ടു പുറത്തേക്കിറങ്ങിയാല്‍ പവറ് പെങ്കുട്ടികളായി മാറി പോകുന്നത് നിശബ്ദരായി കണ്ടു നില്ക്കാന്‍ വിധിക്കപ്പെട്ടവരില്‍ ഒരാളാണ് ഞാനൊക്കെ എന്നവന് തോന്നി.

അവള്‍ അംഗനവാടിയിലെ കഞ്ഞിയും പയറിലും നിന്നു ഇപ്പോളത്തെ ബട്ടര്‍ നാനിലേക്കും സി.ഡി.എഫിലെക്കും എത്താനെടുത്ത ഇരുപത്തി രണ്ടു കൊല്ലത്തിനിടയ്ക്ക് ഞാനെവിടെയെത്തി എന്നൊരു ആത്മപരിശോധനയ്ക്കവന്‍ തയ്യാറായി.ഇരുപത്തി രണ്ടു വര്‍ഷവും  അവന്‍ കഞ്ഞിയിലും പയറിലും തട്ടി തടഞ്ഞു നില്‍ക്കുകയാണെന്ന് അവന് മനസിലായി. ഒരേ പ്രായമായിരുന്നിട്ടും ജെനെറേഷന്‍ ഗ്യാപ്പിന്റെ ചൂടവന് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ആ ഇരുനില മാളിക വീട് അവന്റെ സ്വപ്നങ്ങളിലെ സ്ഥിരം സന്ദര്‍ശകയായി മാറിയിട്ടു കാലം കുറച്ചെറെയായിരുന്നു. താന്‍ ആ വീടിനെ പ്രേമിക്കുകയാണെന്ന് മനസിലാക്കിയത് ഇപ്പോളാണെന്ന് മാത്രം. വീടിന്റെ ഇലവേഷന്‍ ഇത്ര ഭംഗിയുള്ളതാണെങ്കില്‍ അതിന്റെ ഇന്‍റ്റീരിയര്‍ എത്ര മാത്രം ആകര്‍ഷകമാവും എന്നവനാലോചിക്കാത്ത ദിവസങ്ങളില്ല. വീട് സ്വന്തമാക്കാനുള്ള ഒരു കുറുക്കു വഴി മാത്രമായിരുന്നു  അവന് നമിത പ്രമോദിന്റെ ലുക്കുള്ള പെണ്ണ്. കാശ് മുടക്കി വാങ്ങാനുള്ള പാങ്ങ് അവനൊരിക്കലുമുണ്ടായിരുന്നില്ല. ഇനി ഉണ്ടാവും എന്ന വിശ്വാസവും അവനുണ്ടായിരുന്നില്ല.

അവന്‍റെ ആരാധനാപത്രമോരിക്കലും അവളോ, അവളുടെ വീട്ടുകാരോ അതോ കൂട്ടില്‍ കിടക്കുന്ന ഡാല്‍മേഷ്യനോ ആയിരുന്നില്ല. ജീവനില്ലാത്തതെങ്കിലും ആ വീടായിരുന്നു അവനെല്ലാം. എന്തു കൊണ്ട് വീട് എന്നാരും അവനോടു ചോദിക്കരുത്. ജീവിതം അങ്ങനെയാണ്. ചില ഇഷ്ടങ്ങള്‍ക്ക് കാരണങ്ങള്‍ ഉണ്ടാവില്ല . ആ കാരണമില്ലായ്മയാണ് ആ ഇഷ്ടങ്ങളെ എന്നും ഇഷ്ടങ്ങളായി നിലനിര്‍ത്തുന്നത്. 

നമിത പ്രമോദിന്റെ ലുക്കുള്ള പെണ്ണിലൂടെ ആ വീടിനെ പ്രേമിക്കുന്ന അവന് പാരയായി ആ വീടിലൂടെ അവളെ പ്രേമിക്കുന്ന ഒരൂ ഫ്രീക്ക് പയ്യനുണ്ടെന്ന് അവന്‍ വളരെ വൈകിയാണറിഞ്ഞത്. വീട് പെയിന്‍റടിക്കാന്‍ വന്ന ചെക്കനായിരുന്നു ആ ഫ്രീക്ക്.പെയിന്‍റടിക്കുന്നത് വീടിനാണെങ്കിലും അവന്‍ പ്പുട്ടിയിടുന്നത് മുഴുവന്‍ അവളുടെ കണ്ണിലാണെന്ന് കൂടെ ജോലി ചെയ്തവര്‍ പറഞ്ഞവനറിഞ്ഞു. താന്‍ കാണാത്ത പ്രേമം  അവളുടെ കണ്ണില്‍ കണ്ടെത്തിയ ഫ്രീകിനോടവന് ദേഷ്യം തോന്നി.ഇതിനെകുറിച്ചു ചോദിച്ചപ്പോള്‍ ഫ്രീക്ക് നല്കിയ മറുപടി അവനോരെ സമയം ആശ്വാസവും ആശങ്കയും സമ്മാനിച്ചു .

"മുലകുടി മാറാത്ത ചെക്കന്‍മാരുടെ കല്യാണം വരെ നടക്കുന്നു, ഒരു എം.എച്ച് ബോട്ടില്‍ മുഴുവന്‍ ഡ്രൈ അടിക്കുന്ന ഞാന്‍ ഇവിടെ വെറുതെ ഇരിപ്പും.. ഇനിയത് പറ്റില്ല. ഇനിക്ക് ഓളെ വേണം. ഞാന്‍ ചാടിക്കും നോക്കിക്കോ."

വീടല്ല ലക്ഷ്യം എന്നതായിരുന്നു ആശ്വാസം. അവള്‍ അവന്‍റെ കൂടെ പോയാല്‍ വീടും കൂടെ പോവുമോ എന്നുള്ളത് ആശങ്കയും. കാര്യം അവന്‍റെ മുന്നിലാവതരിച്ചപ്പോള്‍ സത്യരാജ് ചില തമിഴ് പടങ്ങളില്‍ ചിരിക്കുമ്പോലെ ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു:

"പേടിക്കണ്ട.. ഞാനവളെയാണ് സ്നേഹിക്കുന്നതു.. വീടിനെയല്ല"

"ഞാന്‍ വീടിനെയാണ് സ്നേഹിക്കുന്നതു...അവളെയല്ല" എന്നെനിക്കു പറയണമെന്നുണ്ടായിരുന്നു.

ഫ്രീക്ക് പറഞ്ഞത് അവളുടെ ഹീറോ അവിയല്‍ ബാന്‍റിലെ "സെക്സ് വിജയന്‍ " ആണെന്നാണ്.സെക്സ് വിജയനല്ല റെക്സ് വിജയനാണെന്ന് ഫ്രീക്കിനോട് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് ഹാലോജെന്‍ ബള്‍ബ് കത്തിയ പ്രതീതി.

തെലുങ്ക് നടന്‍ പ്രഭാസിന്റെ സൌന്ദര്യമോ ലാലേട്ടന്റെ പൌരുഷമോ ചേതന്‍ ഭാഗത്തിന്റെ എഴുതാനുള്ള കഴിവോ ഗായകന്‍ വിജയ് യേശുദാസിന്റെ ശബ്ദമോ ഒന്നും തനിക്കില്ല എന്നു മനസിലാകുന്നിടത്തായിരുന്നു അവന്‍റെ ഓരോ ദിവസവും തുടങ്ങിയിരുന്നത്. അവളുടെ പിറകെ നടക്കാനോ ഇനി നടന്നാ തന്നെ അവള്‍ സ്നേഹിച്ചാല്‍ തുളഞ്ഞു പോകുന്നത് അവന്‍റെ മനസ്സോ ഹൃദയമോ മാത്രമായിരുന്നില്ല, അഞ്ഞൂറിന്റെ മേലോട്ടുള്ള നോട്ടുകള്‍ കണ്ടിട്ടില്ലാത്ത അവന്‍റെ കീശ കൂടെയായിരുന്നു.

കാലം കടന്നു പോയി. അവള്‍ ഫ്രീക്കിന്റെ ബൈക്കില്‍ ചെത്തുന്ന സീന്‍ കണ്ടു തുടങ്ങി. വീടിന്റെ പെയിന്‍റെ മങ്ങുന്ന വിഷമത്തില്‍ ലയിച്ചിരിക്കുകയായിരുന്ന അവനിതൊന്നും ശ്രദ്ധിച്ചില്ല. വര്‍ഷാവര്‍ഷം പെയിന്‍റടിക്കുന്ന വീടിനെ ഇത്തവണ പുതിയ പെയിന്‍റ് അടിപ്പിക്കാത്തതില്‍ അവനമര്‍ഷം തോന്നി. ഓണത്തിന് കോടി വാങ്ങികൊടുക്കാത്തതിനാല്‍ പിണങ്ങിയിരിക്കുന്ന കൊച്ചു കുട്ടികളെ പോലെ..

പിന്നീട് അവനറിഞ്ഞു അവളുടെ അച്ചന്റെ ബിസിനെസ്സ് തകര്‍ന്നെന്നും അവരാ വീട് വിറ്റു പോകുകയാണെന്നും. ഫ്രീക്ക് അവളെ ബൈക്കില്‍ കയറ്റി ചെത്തുന്നത് നിര്‍ത്തിയിരുന്നു.അങ്ങനെയാ ദിവസം വന്നെത്തി.വീടോഴിഞ്ഞു പോകുന്ന ദിവസം കൂടും കുടുക്കയുമൊക്കെയെടുത്ത് കാറില്‍ മടങ്ങുംബോള് ഫ്രീക്കവനോട് മന്ത്രിച്ചു :

"ഞാനാ പെണ്ണിനെയല്ല അവളുടെ വീടിനെയാ സ്നേഹിച്ചത് ". ഇത് കേട്ടവന്‍  അറിയാതെ പറഞ്ഞു പോയി :

"ഞാന്‍ തിരിച്ചും"

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്. തുടങ്ങിയിടത്താവസാനിക്കണമെന്നില്ല .. 

Saturday 7 September 2013

നടന്ന് നടന്ന് ...

ഉത്തരാഖണ്ഡില്‍ നിന്നു വന്ന വെള്ളപ്പൊക്ക ബാധിതര്‍ കൊണ്ട് വരുന്ന നോട്ടീസു  പോലെ തന്‍റെ റെസ്യുമ് കൊണ്ട് എല്ലാ കമ്പനികളിലും കയറിയിറങ്ങിയെങ്കിലും ആരും കനിഞ്ഞില്ല..വെയിലും കൊണ്ട് ബസ്സിറങ്ങി നടക്കുന്നതിനിടയ്ക്ക് തന്‍റെ ഭാവിയെ പറ്റി ഒന്നു അപഗ്രഥിച്ച് നോക്കിയെങ്കിലും മെച്ചമൊന്നും കണ്ടില്ല..പണ്ടൊക്കെ പടിക്കണ കാലത്ത് സിംഗപൂര്‍ പോണം എന്നായിരുന്നു ആഗ്രഹം..ഇന്നത്തെ സീന്‍ വെച്ചു പറംബിന്റെ അതിര് കടക്കുമെന്ന് തോന്നുന്നില്ല..അടുത്തുള്ള പെട്ടി പീടികയില്‍ നിന്നൊരു നാരങ്ങ വെള്ളം വാങ്ങി കുടിച്ച് അവന്‍ വീട്ടിലേക്ക് നടന്നു..

കാലുകള്‍ നിവര്‍ത്തി കൈകള്‍ നെഞ്ചില്‍ പിണച്ച് കണ്ണടയ്ക്കാന്‍ തുടങ്ങിയപ്പോളാണ് മൊബൈല്‍ ചിലച്ചത്.."യു ഹാവ് അ ന്യൂ മെയില്‍"".," ..വല്ല നൈജീരിയക്കാരന്‍ പത്തു കോടി ലോട്ടറി അടിച്ച കഥ പറയാനോ , അല്ലെങ്കില്‍ മാട്രിമോണി സൈറ്റില്‍ നിന്നും പെണ്ണിനെ തപ്പി കിട്ടിയ കഥ പറയാനോ ആയിരിക്കുമെന്ന്‍ കരുതി നോക്കാന്‍ മേനെക്കേടാതെ അവന്‍ ഉറക്കം തുടര്‍ന്നു.

വൈകുന്നേരം ആറു മണിക്കാണ് പിന്നെ കണ്ണു തുറന്നത്.കിട്ടാത്ത പണിയും ആരാന്‍റെ പെണ്ണും, രണ്ടിനേയും മനസ്സില്‍ വെച്ചോണ്ടിരിക്കാന്‍ പാടില്ല...അപ്പപ്പോ തന്നെ ഫ്ലഷ് ചെയ്തു കളഞ്ഞെക്കണം..അങ്ങനെ ഫ്ലഷ് ചെയ്തു ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവന്‍ എണീറ്റു..ഓണ്‍ലൈന്‍ കേറി രണ്ടു ഫക്കും ഒരു മിഡില്‍ ഫിംഗര്‍ എമോയും ഇട്ടിട്ട്  വരാമെന്ന്‍ കരുതി ഫെസ്ബൂക്കില്‍ കയറി നോക്കി..പോസ്റ്റുകള്‍ സ്ക്രോള്‍ ചെയ്തു നോക്കി..എന്നിട്ട് മനസ്സില്‍ പറഞ്ഞു :

"ഇത് 2 ഫക്കില്ലൊന്നും ഒതുങൂല.."

മെയില്‍ ഓപ്പണ്‍ ചെയ്തു നോക്കി..പതിവില്ലാതെ ഒരു ഇന്‍റര്‍വ്യു നോട്ടിസ്. വല്യ ഇന്‍റെറെസ്റ്റോന്നും തോന്നിയില്ലേലും പോയി നോക്കാമെന്ന് കരുതി ഡേയ്റ്റ് നോക്കി..നാളെ..സമയം നോക്കി..രാവിലെ..ബെസ്റ്റ്.കമ്പനി ഏതാണെന്ന്‍ അവസാനമാണ് നോക്കിയത്..അല്ലെങ്കിലും അതിലൊന്നും ഒരു കാര്യവുമിലെന്ന് അവന് മനസിലായി കഴിഞ്ഞിരുന്നു..  സാമാന്യം മുന്ത്യ കമ്പനി തന്നെ.. തനിക്ക് ഇന്‍റര്‍വ്യു നോട്ടീസയക്കാന്‍ മാത്രം ദാരിദ്ര്യം കമ്പനിക്ക് ഉണ്ടോയെന്നവന്‍ ചിന്തിച്ചു..

പിറ്റേന്ന്‍ അതിരാവിലെ എണീറ്റ് കഷ്ടപ്പെട്ട് കുളിച്ച് റെഡിയായി. നെയ്യില്‍ ചുട്ട പത്തിരി പോലെ ചുളുങ്ങി കിടന്ന  ഷര്‍ട്ടും പാന്‍റും ഇസ്തിരിപ്പെട്ടി ചൂടാക്കി തേച്ചു.ഇന്‍സൈഡ് ഒക്കെ ചെയ്തു കയ്യിലൊരു ഫയലും പിടിച്ചവന്‍ പുറത്തേക്കിറങ്ങി.വഴിയരികില്‍ നില്ക്കുന്ന തെണ്ടികളുടെയൊക്കെ കണ്ണുകള്‍ തന്റെ മേലാണെന്ന് അവനറിഞ്ഞു..എല്ലാര്‍ക്കും ഒരു പുഞ്ഞം..ബ്ലഡീ ഇഡിയറ്റ്സ് ..പാരഗണ്‍ ചെരുപ്പിന്റെ പരസ്യം പോലെ നടന്നു നടന്നു ഷൂസിന്‍റെ സോള്‍ തേഞ്ഞ് തുടങ്ങിയിരുന്നു.കറുപ്പ് ഷൂ നിറം മങ്ങി പലയിടങ്ങളിലായി ചാര നിറമായിട്ടുണ്ട്..പെങ്ങളുടെ കണ്‍മഷി വെച്ചഡ്ജസ്റ്റ് ചെയ്ത സംഗതി ഒരു മഴ വന്നാല്‍ ഫ്ലോപ് ആവും.. മണിച്ചിത്രതാഴില്‍ വെള്ളം ചവിട്ടാതെ പപ്പു നടക്കുന്ന അതേ സീന്‍ അവനിവിടെ റിപ്പീറ്റ് ചെയ്തു കൊണ്ടിരുന്നു.

ബസ്സ് കാത്തു നില്‍ക്കുന്നതിനിടക്ക് മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ കുതിച്ചു.റോഡിന്‍റെ എതിര്‍വശത്തുള്ള ഇടിവെട്ടിയ തെങ്ങിന്‍റെ മണ്ടയിലേക്ക്  നോക്കി അവന്‍ നെടുവീര്‍പ്പിട്ടു.നാട്ടിലിപ്പോ തേങ്ങയെക്കാള്‍ കൂടുതല്‍ എന്‍ജിനിയര്‍മാരാണ്.തേങ്ങയുടെ വിലയിടിയുന്നത് പോലെ എന്‍ജിനിയര്‍മാരുടെയും വില ഇടിഞ്ഞു കൊണ്ടേയിരിക്കുന്നു.രണ്ടും ആര്‍ക്കും വേണ്ട.പെട്ടെന്നാണ് ബസ്സ് വന്നത്. ചാടിക്കയറി നോക്കി, സീറ്റില്ല. സാരമില്ല. പുറത്തൊരുപാടു നിന്നു ശീലിച്ച അവനതൊരു പുത്തരിയായിരുന്നില്ല.

ബസ്സിറങ്ങി അവന്‍ നടന്നു.ദൂരെ നിന്നെ ആ ചില്ലിട്ട കൊട്ടാരം അവന്‍റെ ശ്രദ്ധയില്‍ പെട്ടു.അതിനകത്താണ് തന്‍റെ ഭാവി തീരുമാനിക്കുന്ന ഒരു കൂട്ടം ആളുകളുള്ളത്.നടന്നു നടന്നു ഗെയ്റ്റ് എത്തി.വാച്ച്മാനോട് കാര്യം പറഞ്ഞു.ഇന്‍റര്‍വ്യുനു വന്നതാ എന്നു കേട്ടപ്പോള്‍ അയാളുടെ കണ്ണുകളിലൊരു  തിളക്കം.സര്‍ വരൂ എന്നു പറഞ്ഞവനെ അകത്തേക്ക് കൂട്ടികൊണ്ടു പോയി.ആദ്യമായിട്ടാണ് അവനെ ഒരാള്‍ സര്‍ എന്നു അഭിസംഭോധന ചെയ്യുന്നത്.മനസ്സില്‍ ഒരു ചെറിയ നീറ്റല്‍. അനുഭവപ്പെട്ടു.

അവനോടു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു ഇരിക്കാനുള്ള കസേര ചൂണ്ടി കാണിച്ചു തന്നു അയാള്‍ അകത്തേക്ക് കയറി പോയി.അവന്‍ ചുറ്റുപാടും നോക്കി.അവന്നൊഴികെ വേറെയാരും ഉണ്ടായിരുന്നില്ല അവിടെ.പങ്കെടുത്ത പല ഇന്‍റര്‍വ്യുകളിലും ഒഴിവിന്‍റെ എണ്ണത്തിന്‍റെ നാലും അഞ്ചും ഇരട്ടി ആളുകള്‍ ഉണ്ടായിരുന്നു.അവന് അത്ഭുതം തോന്നി.നിര നിരയായി വെച്ചിരിക്കുന്ന കസേരകള്‍. അവനെ നോക്കി പുഞ്ചിരിച്ചു.മുറിയുടെ പുറത്തു തൂക്കിയ ബോര്‍ഡ് അവന്‍ ശ്രദ്ധിച്ചു. എച്ച്.ആര്‍ ഡിപാര്‍ട്ട്മെന്‍റ് ഹെഡ് ********. എന്തോ ഒരു ചെറിയ പ്രതീക്ഷ അവന്‍റെ മനസ്സില്‍ പൊട്ടി മുളച്ചു.എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ടവന്‍റെ മുന്നിലേക്ക് വെച്ചു നീട്ടിയ ഒരു ചെറിയ പുല്‍നാമ്പ്.

കുറച്ചു കഴിഞ്ഞു അവനെ അകത്തേക്ക് വിളിപ്പിച്ചു.തനിക്കറിയാവുന്ന സകല ദൈവങ്ങളേയും മനസ്സില്‍ വിളിച്ചവന്‍ അകത്തേക്ക് കയറി.മുന്നില്‍ പണ്ട് തന്‍റെ കാമുകിയായിരുന്ന അതേ പെണ്ണ്.പിന്നീടെങ്ങോ തനിക്കറിയാത്ത  എന്തോ ഒരു കാരണം കൊണ്ട് രണ്ടു വഴിക്കു പിരിയേണ്ടി വന്ന അതേ പെണ്ണ്.അവളുടെ `മുന്നില്‍ തനിക്കിരിക്കാനായി നീക്കി വെച്ച ചെയറിലേക്ക് നടക്കുന്നതിനിടയ്ക്കുള്ള ഓരോ സ്റ്റെപ്പും ഓരോ മണിക്കൂറുകളെ പോലെ അവന് തോന്നി. അവനവളുടെ മുഖത്തേക്ക് നോക്കി.പണ്ടത്തെ ആ കുസൃതി നിറഞ്ഞ മുഖത്തിനൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല.ആ കണ്ണട മാറ്റിയാല്‍ അവളാ പഴയ പെണ്ണാണെന്ന് അവന് തോന്നി.

ഇരിക്കാന്‍ പറഞ്ഞപ്പോള്‍ തികച്ചും യാന്ത്രികമായി അവനിരുന്നു.വരണ്ടായിരുന്നു എന്നവന് തോന്നിത്തുടങ്ങിയിരുന്നു.തന്‍റെ ഫയല്‍ അവളുടെ നേര്‍ക്ക് നീട്ടുമ്പോഴും അവനാ വിറയല്‍ മാറിയിട്ടുണ്ടായിരുന്നില്ല.പക്ഷേ അവള്‍ക്കൊരു ഭാവമാറ്റവും അവന്‍ കണ്ടില്ല.ഫയല്‍ മറിച്ചു നോക്കി  അവള്‍  അവന്‍റെ നേര്‍ക്ക് നോക്കി.

"സോ .. ഞാനാണ് തനിക്ക് മെയില്‍ അയച്ചത്..താനൊരു പണിയുമില്ലാതെ നടക്കുവാന്ന് എന്‍റെ ചില ഫ്രെന്‍ഡ്സ് പറഞ്ഞു.അപ്പോഴാ ഞാനറിയുന്നത് താന്‍ നാട്ടില്‍ തന്നെയുണ്ടെന്ന്.ആ സ്ഥിതിക് തനിക്ക് ഞാന്‍ ഒരു പണി തരണ്ടേ? അതിനാണ് വിളിപ്പിച്ചത്."

അതേ. അതവന് മനസിലായി കഴിഞ്ഞിരുന്നു. പണി തരാന്‍ വേണ്ടി തന്നെയാണ് അവള്‍ വിളിപ്പിച്ചതെന്ന്.പഠിക്കുന്ന കാലത്ത് അവളുമായി ബെറ്റ് വെച്ചതവന്‍ ഓര്‍ത്തു - ആദ്യമായി ജോലി കിട്ടുന്നയാള്‍ വിജയിക്കും, അതിലവള്‍ വിജയിച്ചിരിക്കുന്നു..താന്‍ നേരത്തെ കണ്ട ആ പുല്‍നാമ്പ് ഏതോ ഒരു കാട്ടുതീയില്‍ പെട്ടു കത്തിയമരുന്നതവന്‍ കണ്ടു.

"അതേ..കുറെ ട്രൈ ചെയ്തു നോക്കി..ഒന്നും ശരിയായില്ല.ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ."

"നല്ലത്..തനിക്കിവിടെ ഞാന്‍ വിചാരിച്ചാല്‍ നല്ലൊരു ജോലി ശരിയാക്കാം. ബട്ട്..."

ആ ബട്ടില്‍ പല കുരുക്കുകളും ഒളിഞ്ഞിരിക്കുന്നതായി അവന് തോന്നി.

"താന്‍ എന്നോടു സോറി പറയണം.."

"എന്തിന്?"

"പഴയ കാര്യങ്ങള്‍ വീണ്ടും നിരത്തുന്നതില്‍ എനിക്കു താല്പര്യമില്ല..തനിക്ക് വേണേമെങ്കില്‍ സോറി പറയാം..മണ്‍ഡേ തൊട്ട് ജോലിയില്‍ കയറാം..അതല്ല.."

ഒരു വാക്ക് പോലും പറയാതെ പെട്ടന്നൊരു ദിവസം തന്നെ വിട്ടു എങ്ങോ മറഞ്ഞു പോയ അവള്‍ ഇപ്പോ വന്ന്‍ സോറി ചോദിക്കുന്നതിലെ ലോജിക് അവനെത്ര ആലോചിട്ടും മനസിലായില്ല.പണ്ടുള്ള ആ ഇഗോ ,അതിപ്പഴും മായാതെ അവളുടെ മനസ്സിലുണ്ടെന്ന് അവനറിഞ്ഞു. തന്‍റെ ക്ഷമാപണം കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന അവളുടെ മുഖം അവന്‍ ശ്രദ്ധിച്ചു.വിശന്നിരിക്കുന്ന പൂച്ചയുടെ മുന്നിലേക്ക് മീനെറിഞ്ഞു കൊടുത്തത്തിന് ശേഷം അതിനെ ആട്ടിയോടിക്കുന്ന ഒരു ചെറിയ കുഞ്ഞിനെ പോലെ..

"എനിക്കു തന്നോടു.."

"ഐയ് ..മാഡം.."

"എനിക്കു മാഡത്തിനോടു ഒരു ദേഷ്യവുമില്ല..അല്ലെങ്കിലെ ഞാന്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുകയാണ്..ഈ ജോലി എത്ര ആവശ്യമാണെന്ന്‍ എനിക്കു നന്നായി അറിയാം..ഈ പോസ്റ്റില്‍ വേറെ ഒരു ജോലി എനിക്കു നാളെ കിട്ടുമോന്ന് യാതൊരുവിധ ഉറപ്പുമില്ല.പക്ഷേ ഞാന്‍ ചെയ്തിട്ടില്ലത്തൊരു കാര്യത്തിന് സോറി പറയാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്."

"സോ"

"സോ എനിക്കീ ജോലി വേണ്ട. താങ്ക്സ് "

അതും പറഞ്ഞു അവളുടെ മറുപടി കാക്കാതെ അവനെഴുന്നേറ്റു പുറത്തേക്ക് നടന്നു.ജോലി ലഭിക്കാത്തതിലെ നിരാശയായിരുന്നില്ല അവന്‍റെ മനസ്സില്‍ മറിച്ച് തന്‍റെ വാക്കുകള്‍ അവനറിയാതെ അവനെ സമാധാനിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

പുറത്തേക്കിറങ്ങുംബോള് വാച്ച്മാന്‍ അവനോടു ചോദിച്ചു :

"പണി കിട്ടിയോ സാര്‍?"

"ഇല്ല ഏട്ടാ,ഒരു പണി കൊടുത്തു..".. ഇതും പറഞ്ഞു അയാളുടെ പുറത്തു തട്ടി ചിരിച്ചു കൊണ്ടവന്‍ നടന്നു നീങ്ങി..

shoutouts: engineering-coconut theory, shikhil k.