Friday 28 June 2013

ചെന്നൈയിലെ തീവണ്ടി..

പുലര്‍ച്ചെ രണ്ടു മണിക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസ് കാത്തു ഞാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു. ഒന്നും രണ്ടും കിലോമീറ്റര്‍ അല്ല, കൃത്യമായി 681 കിലോമീറ്റര്‍ ആണ് എനിക് സഞ്ചരിക്കേണ്ടിയിരുന്നത്.. ആ 681 കിലോമീടെറിന്‍റെ അറ്റത്തു കിടക്കുന്ന ചെന്നൈയിലാണ് ഇനി കഥ നടക്കാന്‍ പോകുന്നത്..വീട്ടിലും നാട്ടിലും യാത്ര പറഞ്ഞിറങ്ങിയ ഞാന്‍ സ്റ്റേഷനിലെ കൊതുകുകളോട് മല്ലടിച്ച് സമയം തള്ളി നീക്കി കൊണ്ടേയിരുന്നു..തോളിലൊരു ബാഗും മനസ്സ് നിറച്ചു സ്വപ്നങ്ങളുമായി ഞാന്‍ കാത്തിരുന്നു. സ്റ്റേഷനിലെ ക്ലോക്കില്‍ സമയം 2 ആയി..കേട്ടു പരിചയമുള്ള ഒരു പെണ്ണുങ്ങള്‍ ട്രയിന്‍ വരുന്നുണ്ടെന്ന് ലൌഡ് സ്പീകറിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു..

ട്രയിനില്‍ കയറി.. എല്ലാവരും നല്ല ഉറക്കം..പുറത്തു നല്ല മഴ.. എസ് 11 സീറ്റ് നംബര്‍ 11, അപ്പര്‍ ബെര്‍ത്ത്..കേറി നോക്കിയപ്പോള്‍ ആ കോച് നിറയെ പട്ടാളക്കാര്‍..ലോവര്‍ ബെര്‍തില്‍ കിടക്കുന്ന പട്ടാളക്കാരന്റെ കയ്യിലിരിക്കുന്ന തോക്ക് അറിയാതെ പൊട്ടിയാല്‍ മേലെ കിടക്കുന്ന എന്‍റെ സരിഗമ പഥനിസ ആവും എന്നു ഭയമുള്ളത് കൊണ്ട് ഉള്ളില്‍ എന്തോ ഒരു വൈക്ലബ്യം..വൈക്ലബ്യമൊക്കെ ഉള്ളിലടക്കി എങ്ങനെയോ ഒരു വിധം ഉറക്കത്തിന്‍റെ ഗിയര്‍ മാറ്റാന്‍ ക്ലച്ചിടുംബോള് അപ്പുറത്തെ പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ ബോംബിടുന്നതിനെക്കാള്‍ സൌണ്ടില്‍ കൂര്‍ക്കം വലി തുടങ്ങി..വേറെ ആരെങ്കിമായിരുന്നെങ്കില്‍ ഒന്നു നിര്‍ത്താന്‍ പറയാമായിരുന്നു..പട്ടാളക്കാരനും അയാളുടെ തോക്കും ആ പറച്ചില്‍ ലോക്ക് ചെയ്തു. അല്‍കുല്‍ത്തായി പോയ ഉറക്കം ആലോചിച്ചു ഞാനങ്ങനെ കിടന്നു.

രാവിലെ 9 മണി..പട്ടാളക്കാരന്റെ കൂര്‍ക്കം വലിയെ എന്‍റെ ഉറങ്ങാനുള്ള ആഗ്രഹം ഓവര്‍ടേക്ക് ചെയ്തതാണോ എന്നറിയില്ല, പുലര്‍ച്ചയുടെ ഏതോ യാമത്തില്‍ ഞാന്‍ സ്ലീപ്പി..സ്ലീപ്പേര്‍ കോചില്‍ കയറി സ്ലീപ്പിയില്ലേല്‍ പിന്നെ ...?
അങ്ങനെ ഉറക്കച്ചടവോടെ ഞാന്‍ താഴെക്കിറങ്ങി..ചെറുപ്പത്തില്‍ മാവിന്റെ മോളിലും കവുങ്ങിന്റെ മണ്ടയിലും കയറി പഠിച്ച എനിക്കു വല്യ വൈക്ലബ്യം ആ വിഷയത്തില്‍ തോന്നിയില്ല..ചെന്നു പല്ല് തേച്ചു ഞാന്‍ സീറ്റിലിരുന്നു..നോക്കുമ്പോള്‍ പട്ടാളക്കാരൊക്കെ ഭക്ഷ്ണം കഴിക്കുന്നു.. 3-4 പുഴുങ്ങിയ കോഴിമുട്ട എല്ലാവരുടെ മുന്നിലുമുണ്ട്..ഈ കോഴിമുട്ടയൊക്കെ ഉള്ളിലാക്കി ഗ്യാസ് ആയിറ്റ് ബാക്കിയുള്ളോന്‍റെ ഉറക്കം പോയി എന്നു മനസ്സില്‍ പ്രാകി ഞാനിരുന്നു..

ഉച്ചക്ക് മൂന്നര..വണ്ടി ചെന്നൈ സെന്‍ട്രല്‍ഇല്‍ എത്തി..ശ്രീ പെരുംബത്തൂര്‍ ആണ് എനിക്കു പൊവേണ്ടിയിരുന്നത്..അവിടെ ഹ്യുണ്ടായി പ്ലാന്‍റില്‍ ആണ് ഞാന്‍ ജോലി ചെയ്യാന്‍ പോവുന്നത്..(?)കഥയുടെ ബാക്കി ഇവിടെ നിന്ന്‍ ഊഹിക്കരുത്..നിങ്ങള്ക്ക് തെറ്റും..അങ്ങനെ തേരടി എന്ന സ്ഥലത്താണ് എന്‍റെ താമസം അറേഞ്ച് ചെയ്തിരുന്നതായി എന്നോടു പറഞ്ഞിരുന്നത്..ആരോടൊക്കെയോ അറിയുന്ന തമിഴില്‍ തേരടി എവിടെയാണെന്ന്‍ ചോദിച്ചു മനസിലാക്കി ഞാന്‍ ബസ്സ് കയറി.. റോഡിലെ ഡിവൈടെറിന്റെ മുകളിലൊക്കെ ഡെക്കോരഷന്‍ ബല്‍ബ് വെച്ചു പൂമ്പാറ്റ രൂപത്തില്‍ അലങ്കരിച്ചിരിക്കുന്നു..ഈ നായിന്‍റെ മക്കള്‍ക്ക് ആ പൈസക്ക് ബസ്സിന്‍റെ മുന്നില്‍ നംബെരിടുന്നതിന് പകരം സ്ഥലത്തിന്റെ പേരെഴുതി വെച്ചാല്‍ എന്താ എന്നു സ്വാഭാവികമായും ഞാന്‍ ചിന്തിച്ചു പോയി..

അങ്ങനെ ഞാന്‍ തേരടിയെത്തി..ഇറങ്ങി..ആളെ വിളിച്ചു..മോളില്‍ പച്ച ലൈറ്റുള്ള ബില്‍ഡിങ്ങിനടുത്തേക്ക് വരാന്‍ എനിക്കു ഫോണില്‍ നിര്‍ദേശം കിട്ടി..പച്ച ലൈറ്റിടന്‍ ഇതെന്താ ലീഗ് ഒഫ്ഫിസോ എന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ 360 ഡിഗ്രീ നോക്കി..ഇല്ല പച്ച ലൈറ്റ് ഇല്ല..ആകെ ഉള്ള പച്ച ലൈറ്റ് ട്രാഫിക് സിഗ്നലാണ്.. ഞാന്‍ ഒന്നൂടെ വിളിച്ചു നോക്കി..പച്ച ലൈറ്റുള്ള ബില്‍ഡിങ്ങ് കട്ടായം പറഞ്ഞു വീണ്ടും..നഹി നഹി..പച്ച ലൈറ്റ് നഹി..നടന്നു വരുന്ന ഒരു മൊല്ലാക്കയോട് ഞാന്‍ വഴി ചോദിച്ചു:

"ഭായി.. ഈ പച്ച ലൈറ്റ് ബില്‍ഡിങ്ങ്..?"

"ക്യാ?"

അള്ളാ..കടിച്ചേലും വല്യതാണോ പിടിച്ചത്.. ഒരു വിധം ചോയ്ച്ച് മനസിലാക്കി വന്നപ്പോളാണ് അന്തര്‍ കി ബാത്ത് മനസിലായത്..സ്ഥലം അതല്ല..രണ്ട് തേരടിയുണ്ട്..ആരുടെയൊക്കെയോ അതോ എന്‍റെ തന്നെയോ കര്‍മഫലമായി എനിക് വഴി തെറ്റിയിരിക്കുന്നു..ബലേ ബേശ്..സമയം രാത്രി എട്ട് മണി..ഞാന്‍ മറ്റെ തേരടിയിലേക്ക് വെച്ചു പിടിച്ചു..ചെന്നൈയില്‍ റോഡുകളൊക്കെ മുകളിലൂടെയാണ്..മേല്‍പ്പാലങ്ങളുടെ നഗരം..എന്നിട്ടെന്താ.. ട്രാഫ്ഫിക്കിന് ഒരു  കുറവുമില്ല..ശരിക്കുള്ള തേരാടിയില്‍ ഏതുംബോള് സമയം രാത്രി 12.20..പച്ച ലൈറ്റുള്ള ബില്‍ഡിങ്ങ് എന്നെ തുറിച്ചു നോക്കുന്നത് ഞാന്‍ കണ്ടു..

റൂമില്‍ ചെന്നു പെട്ടിയൊക്കെ വെച്ചു..എന്താ ചൂട്..വെറുതെയല്ല അണ്ണന്‍മാര്‍ ഭൂരിഭാഗവും കറുത്തു പോയത്..കുളിക്കാം  എന്നു കരുതി ബാത്റൂമില്‍ കയറി ടേപ്പ് തുറന്നു.. അവിടെയും ചൂട് വെള്ളം..സാലാ കുത്താ..എന്‍റെ പ്ലേസ്മെന്‍റ് ഒഫ്ഫിസെറെ ഞാന്‍ മനസ്സില്‍ അഭിസംഭോധന ചെയ്തു..

പിറ്റേന്ന്‍ രാവിലെ..ബാഗില്‍ വെച്ചിരുന്ന എക്സിക്യൂട്ടീവ് ശര്‍ട്ടും എക്സിക്യൂട്ടീവ് പാന്റും എന്നെ നോക്കി ചിരിച്ചു..അതെടുത്ത് ധരിക്കാന്‍ തുടങ്ങുംബോള് വീണ്ടും ഒരു ഫോണ്‍ കോള്‍..

"മോനേ , ആ ജോലി ക്യാന്‍സല്‍ ചെയ്യൂ..അത് പ്ലസ് ടൂ ബേസ് ആണ്.."

"എഡൊ %#@#*&%#$@#$$#.. എന്നാ ഇത് നിനക്കു നേരത്തെ പറഞ്ഞൂടായിരുന്നോ  %$%#%@@$#$..?"..ഞാന്‍ ഫോണ്‍ വെച്ചു..എക്സിക്യൂട്ടീവ് ശര്‍ട്ടും എക്സിക്യൂട്ടീവ് പാന്റും അപ്പോളും എന്നെ നോകി ചിരിച്ചു കൊണ്ടേയിരുന്നു..പക്ഷേ ആ ചിരിയില്‍ ഒളിഞ്ഞിക്കുന്ന പുച്ഛം ഞാന്‍ തിരിച്ചറിഞ്ഞു.

അടുത്ത സീന്‍ ഞാന്‍ അമ്മയെ വിളിച്ചു..

"അമ്മേ?"

"എന്താടാ..നീ അവിടെയെത്തിയിട്ട് വിളിച്ചില്ലലോ?"

"അമ്മേ വീട്ടില്‍ ചോറ് വെച്ചത് ബാക്കിണ്ടോ?"

"ഇണ്ടല്ലോ.. എന്തേ?"

"എന്നാ അത് പശൂന്‍റെ വെള്ളത്തിലിടണ്ട..ഞാന്‍ വരാ..!!"

ആ ഫോണ്‍ കട്ട് ചെയ്തു ഞാന്‍ ടികെറ്റ് ബുക്ക് ചെയ്തു.. ഐ .ആര്‍. സി. ടി. സി ക്കു എന്‍റെ ഹൃദയം നിറഞ്ഞ നണ്ട്രി..ടിക്കെട്ട് കണ്‍ഫേം ആയത് എസ് 11 കോച്ച് അപ്പര്‍ ബര്‍ത് ..ദൈവമേ പട്ടാളക്കാര്‍ ഉണ്ടാവരുതേ എന്ന്‍ മനസ്സില്‍ പ്രാര്‍ഥിച്ച് ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വണ്ടി കയറി..

ചെന്നൈ നഗരം: കടുത്ത ചൂട്, വൃത്തി ഇല്ലായ്മ, കരിഞ്ഞ പീസുകള്‍..

മനസ്സില്‍ കുറിച്ചിട്ട് ഞാന്‍ ട്രയിനില്‍ കയറി..ട്രയിന്‍ നീങ്ങി തുടങ്ങി. ഷൊര്‍ണൂര്‍ എത്തുംബോള് തെക്കെലെ അമ്മായി വിളിക്കുന്നു..

"മോനേ.."

"എന്താ അമ്മായി?"

"മോന്‍ അമ്മായിനോട് പറയാണ്ട് ചെന്നൈക്ക് പോയി ലെ..?

പറയാഞ്ഞത് നന്നായി അമ്മായി..പണി കിട്ടിയ പോലെ പോയി  എന്നു പറയാന്‍ എനിക്കാഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് ഞാന്‍ പറഞ്ഞില്ല..

"അതല്ല അമ്മായി.. ഇവ്ടെ ഇന്നലെ രാത്രി കിടക്കുമ്പോ ഞാന്‍ അമ്മായിയെ ഉറക്കത്തില്‍ കണ്ടു..അമ്മായിക്കെന്തോ വയ്യാണ്ടാവുന്നത്..."

"ആ മോനേ.. അമ്മായിക്ക് പനിയാ.."

നന്നായി..

"പിന്നോരു നിമിഷം എനിക്കിവിടെ നീക്കാന്‍ തോന്നീല അമ്മായി..ഞാനങ്ങോട്ട് വരാ.."

അമ്മായി പോലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്..പിറ്റേന്ന്‍ ഞാന്‍ അമ്മായിയുടെ മുന്നില്‍..

                              കഥാന്ത്യം ശുഭം..

Saturday 22 June 2013

അപഥ സഞ്ചാരം..

2009 സെപ്ടെംബെരിലാണ് ഞാന്‍ ആദ്യമായിട്ട് കോളേജിന്‍റെ മുറ്റത്തു (മുറ്റം എന്നു പറയാന്‍ അന്ന് വല്യ മുറ്റമൊന്നുമില്ലായിരുന്നു) കാലെടുത്ത് വെച്ചത്.



അന്ന് എനിക്കു വല്യ ക്യാമറ ഫോണ്‍ ഒന്നും  ഇല്ലായിരുന്നു. അതോണ്ട് ആണെടുത്ത ചിത്രങ്ങള്‍ക് വല്യ തെളിച്ചം പോര. :) ..ചിത്രങ്ങളെക്കാള്‍ തെളിച്ചം എന്റെ ഓര്‍മകള്‍ക് തന്നെ. പടച്ചോനേ ഹലാക്കിലെ അവിലും കഞ്ഞിയായോ എന്നാണ് ഞാന്‍ കോളേജ് കണ്ടപ്പോ ആദ്യം തന്നെ മനസ്സില്‍ വിചാരിച്ചത്. അതിനു മുന്പ് അത്രെമ്  വല്യ  ബില്‍ഡിങ് ഞാന്‍ കണ്ടത് ടൌണിലെ ബേബി മെമോറിയല്‍ ഹോസ്പിറ്റലാ..ഈന്‍റെ ഉള്ളില്‍ പടിക്കുന്നവരും ഭയങ്കര ബുദ്ധിയും വിവരവും ഉള്ളവരാവും..എന്‍റെ സ്ഥിതി ആലോചിച്ചപ്പോള്‍ തന്നെ ഡെസ്പ് ആയി..എങ്ങനെയോ പ്ലസ് ടൂ ചാടി കടന്ന ഞാന്‍ ഈ വന്മതില്‍ എങ്ങനെ  ചാടും??




      എല്ലാരും രാവിലെ ബുക്ക് കയ്യിലെടുക്കും..പിന്നെ വൈകുന്നേരം ഇറങ്ങാന്‍ നേരം താഴെ വെക്കും. ഞാന്‍ അധികം ബുക്ക് ഒന്നും ഫസ്റ്റ് ഇയര്‍ഇല്‍ വാങ്ങിയിരുന്നില്ല.അത് കൊണ്ട് ബുക്ക് തുറക്കാന്‍ ഉള്ള ആ ശുഷ്കാന്തി ഞാന്‍ കാണിച്ചതുമില്ല.



കോളേജ് ഒരു കുന്നിന്റെ മുകളിലായത് കൊണ്ട് കെട്ടും കെട്ടി മലയ്ക്ക് പോകുന്ന പോലെ ഉള്ളില്‍ ഒരു മൂളി പാട്ടും പാടി നടക്കും. അന്ന് ബൈക്ക് ഒന്നും എടുക്കാനുള്ള ധൈര്യമില്ലായിരുന്നു. ധൈര്യമുണ്ടായിട്ടും കാര്യമില്ല, അന്നേനിക് ബൈക്ക് ഉണ്ടായിരുന്നില്ല. 


വല്യ അഹംഭാവം ഒന്നുമില്ലാത്തത് കൊണ്ട് അന്നും ഞാന്‍ ലാസ്റ്റ് ബെഞ്ചിലായിരുന്നു ഇരുത്തം.ലാസ്റ്റ് ബെഞ്ചിലിരുന്ന് ക്ലാസ്സ് മൊത്തം നിരീക്ഷിക്കുന്നത് ഒരു രസമായിരുന്നു.ലാസ്റ്റ് ബെഞ്ച് ആയത് കൊണ്ട് ചോദ്യം വരുന്ന റിസ്ക് ഉണ്ടായിരുന്നെങ്കിലും ഞാന്‍ എന്‍റെ ഇരുത്തം തുടര്‍ന്നു. റിസ്ക് ഇല്ലാതെ യെന്ത് ലൈഫ്..


രാവിലെ വന്നു ഹോംവര്‍ക്ക് കോപ്പി അടിക്കാന്‍ ഞാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ആ ജോലിയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിന്റെ കൃത്യതയെ ഞാന്‍ വെല്ലുവിളിച്ചിരുന്നു എന്നഭിമാനപൂര്‍വം സ്മരിക്കുന്നു.




   വീട്ടില്‍ വേറെ എവിടെ കിടന്നാലും ആരെങ്കിലും ശല്യപ്പെടുത്തും എന്നുറപ്പുള്ളത് കൊണ്ട് പൂച്ചക്ക് എന്‍റെ ബാഗ് ആയിരുന്നു മെത്ത. അതാവുമ്പോള്‍ രാവിലെ മാത്രേ അനങ്ങൂ എന്നതിനറിയാമായിരുന്നു.


വര്‍ഷം ഒന്നു  കടന്നു പോയി...ക്ലാരിറ്റിയുള്ള ക്യാമറ ഫോണ്‍ വരവായി. ആ  കാണുന്നതാണ് വിമെന്‍സ് കോളേജ്.ആ ബസ്സിന്റെ സൈഡിലുള്ള ബില്‍ഡിങ് ആണ് കാന്‍റ്റീന്‍.നാലു കൊല്ലം ഒരേ മീന്‍ കറി.ഒരേ സാംബാര്‍..മീന്‍ കറിയില്‍ നിന്നും മീന്‍ കിട്ടാന്‍ വലയിടണം..ഭാഗ്യമുണ്ടെല്‍ കിട്ടും.. കിട്ടിയാല്‍ അന്ന് നേരെ പോയി ലോട്ടറി എടുക്കും..അടിച്ചാലോ? 


ആ കാണുന്നതായിരുന്നു സ്റ്റഡി ടേബിള്‍..അതില്‍ കാണുന്ന ആ കട്ടിയുള്ള ബുക്ക് ടെക്സ്റ്റ് അല്ല..ഡിക്ഷണറിയാണ്.വീട്ടില്‍ ആരേലും വരുമ്പോള്‍ കാണുംബോള് ഒരു ഭീകരത ഒക്കെ വേണ്ടേ? ആ കാണുന്ന രണ്ടു പെന്നും മഷി തീര്‍ന്നതാവും. റീഫില്‍ തന്നെ ഇണ്ടോ എന്ന്‍ ഭഗവാനറിയം.



സെക്കന്‍ഡ് ഇയര്‍ ആയപ്പോളേക്കും ഫോടോക്ക് ഒക്കെ പോസ്  ചെയ്യാന്‍ തുടങ്ങി...ഇതെതോ ഒരു ക്ലാസ്സില്‍ ഞാന്‍ ഉറങ്ങുംബോള് എന്നെ വിളിച്ചുണര്‍ത്തി ആരോ എടുത്ത ഒരു ഫോട്ടോ. 



 അങ്ങനെ തേര്‍ഡ് ഇയര്‍ ആയി..പൈസയോന്നും നോക്കീല ..ഒരു ഷൂ അങ്ങോട്ടു വാങ്ങി.. പണം പോട്ടെ..പവര്‍ വരട്ടെ..



സ്ട്രൈക്കുകള്‍ വന്നു തുടങ്ങി..ക്ലാസ്സുകള്‍ വിജനമായി തുടങ്ങി..


അങ്ങനെ ഞാനും ബൈക്ക് വാങ്ങി..തേര്‍ഡ് ഇയര്‍ അയതല്ലേ..ഒട്ടും കുറച്ചില്ല.. സവാരി ഗിരി ഗിരി ബൈക്കിലായി..



പിന്നെയൊക്കെ സ്പീടായി.. ഫോര്‍ത്ത് ഇയര്‍ എത്തി.. ക്ലാസ്സ് വീണ്ടും വിജനമായി കൊണ്ടേയിരുന്നു..



ക്ലാസുള്ള ദിവസങ്ങളില്‍ ഞങ്ങളുണ്ടാവില്ല..ഞങ്ങളുള്ള ദിവസങ്ങളില്‍ ക്ലാസ്സുമുണ്ടാവില്ല..ഇനി ഞങ്ങളും ക്ലാസ്സും ഉണ്ടെങ്കില്‍ പഠിപ്പിക്കാന്‍ മാഷുണ്ടാവില്ല..



പ്രോജക്റ്റ് വര്‍ക്കിന്റെ പേരും പറഞ്ഞു കന്യാകുമാരിയിലും കോവളത്തും കുറെ തെണ്ടി നടന്നാഘോഷിച്ചു.. രാത്രികളില്‍ കറങ്ങി ഉറക്കമില്ലാതെ കറങ്ങി നടന്നു.. 




അങ്ങനെ അവസാനം പടിതം കഴിഞ്ഞു.. ഇനി ഓരോരുത്തരും ഓരോ വഴിക്കു  ..



ഞാന്‍ എന്‍റെ സഞ്ചാരം ഇപ്പോളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു..ചിയേര്‍സ് ..






   


                                                                      

Monday 17 June 2013

സീന്‍ കോണ്ട്രാ..

ഇന്നലകളെ... തിരികെ വരുമോ..
കനവിനഴകേ... പിറകെ വരുമോ..
ഒന്നു കാണാന്‍ ..കനവു തരുമോ...
കൂടെ വരുവാന്‍ ..ചിറകു തരുമോ..

രാവിലത്തെ കട്ടനും പിടിച്ചു  കോലായിയില്‍  കാലുമ്മേല്‍ കാലും കേറ്റി വെച്ചു അട്ടം നോക്കിയിരിക്കുന്ന സീന്‍..

"മോനേ എന്നാ മോന്‍ ചെന്നൈക്ക് പോണത്? പണിയൊക്കെ കിട്ടീന്ന് കേട്ടല്ലോ.."

കിട്ടീകിന്ന്..നല്ല എട്ടിന്‍റെ പണി.. അവന്‍ മനസ്സില്‍  പറഞ്ഞു.

"ശംബളൊക്കെ കനത്തില്‍ ഇണ്ടാവല്ലോ  ലെ..?"

ഇറക്കിയ കട്ടന്‍ ഗ്ലാസ്സിലേക്ക് തന്നെ തുപ്പി അവന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു..

"ഓ  ഇണ്ട്.."

വീട്ടില്‍ നിന്ന്‍ അമ്മയുടെ ചോദ്യം:

"അല്ല മോനേ പോവാനുള്ളതൊക്കെ എടുത്ത് വെക്കണ്ടേ?"

ഗ്ലാസ്സിലെ ബാക്കി കട്ടന്‍ പുറത്തേക്കോഴിച്ച്  അവന്‍ പുറത്തേക്ക് സ്കൂട്ടായി..

നാട്ടിലെക്കിറങ്ങിയാല്‍  സെഞ്ചറിയടിച്ച മുത്തശ്ശി തൊട്ട് മുലകുടി മാറാത്ത ചിമിട്ട് ചെക്കന്‍മാര്‍ക്ക് വരെ അറിയണം പണി കിട്ട്യോ ന്നു.അത് വരെ മിണ്ടാതെ വഴി മാറി നടന്ന പല കൊശവന്മാരും ആ ടൈമില്‍  അടുത്ത് വന്നു  ചോദിക്കും:

"ഒന്നുമായില്ലെ മോനേ?"

അപ്പോ അവന്‍ മനസ്സില്‍ പറയും: "പോ നായിന്‍റെ മോനേ.."

പണി കിട്ടിയിട്ടും പോവാനുള്ള വൈക്ലബ്യം ..അതാര്‍ക്കും  പറഞ്ഞാ മനസിലാവില്ല  ..പണിയെടുക്കാനുള്ള  മടിയോ വിയര്‍ക്കാനുള്ള വിഷമമോ അല്ല , വീട് വിട്ടു ആദ്യായിട്ട് പുറത്തേക്ക് പോവേണ്ടി വരുന്നതിലുള്ള ആ ഒരു സീന്‍.ഇത് വരെ കളിച്ചു നടന്ന വീടും മദിച്ച് നടന്ന നാടും വിട്ടു പെട്ടന്നൊരു ദിവസം പറിച്ചു നട്ടാല്‍ വളര്‍ന്ന് പൂവിടാന്‍ അവന്‍ നര്‍സറിയില്‍  നിന്നും ഗ്രഫ്റ്റ് ചെയ്ത മരമൊന്നുമല്ല..

വീട്ടില്‍ നിന്ന്‍ കിട്ടിയ പണിക്കു പോവുന്നില്ല എന്ന്‍  പറഞ്ഞാല്‍ അത് അഹങ്കാരം..നാട്ടില്‍ പറഞ്ഞാല്‍ അത് അഹമ്മതി..എല്ലാ സ്ഥലത്ത് നിന്നും സ്കെച്ച് ചെയ്ത അവസ്ഥ.

എല്ലാത്തിനും പുറമെ  താന്‍ പ്രേമിച്ചതും തന്നെ പ്രേമിച്ചു എന്നു പറയപ്പെടുന്നതുമായ  പെണ്ണിന്‍റെ പെട്ടന്നുള്ള എസ്കേപ് ആക്ടും..

"ഡാ വീട്ടില്‍ എനിക്കൊരു പ്രൊപ്പോസല്‍ വന്നു.."

വീട്ടിലേക്കുള്ള തീവണ്ടി യാത്രക്കിടയില്‍ അവള്‍ അവനെ ഫോണില്‍ വിളിച്ചു പറഞ്ഞു .

പ്രൊപ്പോസല്‍ വരുമല്ലോ..നമ്മളെത്ര പടം കണ്ടിക്കിന്ന്..മലയാളം പോരാഞ്ഞിട്ടു കന്നഡ, തെലുങ്ക് , ഹിന്ദി, കിണ്ടി.. ഇങ്ങനെ ഒരു വിധം എല്ലാ ഭാഷയിലുമുള്ള പടങ്ങള്‍ ഒറ്റയിരിപ്പിന്    ഈ നാലു കൊല്ലത്തെ പഠനത്തിനിടയില്‍ കണ്ടിരിക്കിന്നു.

അടുത്ത ഡയലോഗ് അവന്‍ മുന്‍കൂട്ടി മനസ്സില്‍ പറഞ്ഞു :

"അച്ഛനും അമ്മയ്ക്കും ഇഷ്ടമായി..."

പക്ഷേ അവന്‍റെ പ്രതീക്ഷകള്‍ തകിടം മറിച്ച് കൊണ്ട് ഒരു ട്വിസ്റ്റ് വന്നു.

"ആ  പ്രൊപ്പോസല്‍ നടക്കില്ല..എനിക്കിനിയും പഠിക്കണം എന്നു ഞാന്‍ അച്ഛനോട് പറഞ്ഞു."

പടച്ചോന്‍ കാത്തു.സീന്‍ പിന്നേം ക്ലാസ്സിക് മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നു.

അടുത്ത ഡയലോഗിനായി അവന്‍ കാത്തിരുന്നു. ഓരോ സെക്കണ്ടും ഓരോ മണിക്കൂറുകളായി മാറുന്ന അത്ഭുത പ്രതിഭാസം അരങ്ങേറി കൊണ്ടിരുന്നു.

"പക്ഷേ..."

അവന്‍ കണ്ട സിനിമകളിലെ അതേ പക്ഷേ..അടുത്ത് വരാന്‍  പോകുന്നത് അവന്‍ ഊഹിച്ചു :

വീട്ടിലെ പ്രാരാബ്ദം,കൂടെ പിറപ്പുകളുടെ  ഭാവി,അമ്മയുടെ ഭീഷണി ..

എന്‍ട്രന്‍സ് പരീക്ഷയിലെ ഒബ്ജക്റ്റീവ്  ടൈപ്പ് ചോദ്യങ്ങളുടെ ചോയ്സ് എന്നാ പോലെ  അവന്‍ മനസ്സില്‍ ഉത്തരങ്ങള്‍ നിരത്തി .ഏത് ഉത്തരമാണ്   അവള്‍ ലോക്ക് ചെയ്യാന്‍ പോകുന്നത് എന്നാ ആകാംഷ ബാക്കിയായി.

പിന്നേം ട്വിസ്റ്റ് പൊട്ടി..

"ജ്യോല്‍സ്യന്‍ പറഞ്ഞിട്ടുണ്ട്  പ്രേമിച്ചു കല്യാണം കഴിച്ചാല്‍ അത് ശരിയാവില്ല എന്ന്‍ .. അത് കൊണ്ട്..."

"അത് കൊണ്ട്..?"

"എനിക് പേടിയാ  .."

സംഗതി  സീരിയസ് ആണെങ്കിലും ജ്യോല്‍സ്യന്‍റെ ആ ഐറ്റം  നംബര്‍ കേട്ടപ്പോള്‍ അവന്  ചിരി  പൊട്ടി..കൂടെ അവന്‍റെ പ്രേമവും..


"മോളെ ആമ്പിയര്‍ ഇല്ലേല്‍ ഇങ്ങനത്തെ പണിക്കു നിക്കരുത്."


ഒരു പ്രേമം പൊട്ടി എന്നു കേള്‍ക്കുമ്പോള്‍ ജീവിതം കോഞ്ഞാട്ടയായി എന്നു വിചാരിച്ചു നടക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് അവന്‍ അടുത്തുള്ള പീടികയില്‍ പോയി ഒരു നാരങ്ങ സര്‍ബത്ത് വലിച്ചു കുടിച്ചു .

"അങ്ങനെ അതും ഹുദാ ഗവ..."

പണിയുമില്ല, പെണ്ണുമില്ല..  സീന്‍ കോണ്ട്രാ .. ജീവിതം ഇനിയും ബാക്കി..മഴത്തുള്ളികള്‍  കണ്ണുനീരുകള്‍ മറച്ചു കൊണ്ട് പറഞ്ഞു:

"ഞാനുണ്ട് കൂടെ.."