Saturday 17 May 2014

ഉജാലക്കുപ്പി

"സാർ ഞാനിന്നലത്തെ ഹോം വർക്ക്  ചെയ്തിട്ടില്ല"

"അതെന്തേ ?"

"സാർ ഞാൻ ഇന്നലെ വീട്ടിലില്ലായിരുന്നു"

"അതൊന്നുമെനിക്കറിയണ്ട.. കൈ നീട്ടിക്കോ.."

"ഇല്ല സാർ..നീട്ടില്ല "

"അതെന്താ ?"

"ആരുടേം മുന്നില് കൈ നീട്ടരുത് എന്നാണച്ചൻ പറഞ്ഞത് "

"ങേ..അച്ഛനെന്താ പണി ?"

"സൂര്യോദയ ബസ്സിലെ കണ്ടക്റ്ററാണ് "

*ചൂരല് ചന്തിക്കുരയുന്ന ശബ്ദം ഒന്ന് , രണ്ട് , മൂന്ന് .. മൂന്ന് വട്ടം.*

പെരിങ്ങൊളം സ്കൂളിലെ പ്ളസ് ടൂ വിദ്യാർഥിയാണ് കിച്ചു.അറാംപെറപ്പിന്റെ ഹോൾസേൽ മാർക്കറ്റ്.അടയ്ക്കാക്കുരുവിയുടെ വലുപ്പവും ചീവീടിന്റെ ശബ്ദവും  ഒത്ത് ചേർന്നാലത് കിച്ചുവായിടും എന്നവന്റെ പ്രോഡക്ഷൻ കണ്ട്രോളറു് ദാസേട്ടൻ തന്നെ ക്വോട്ട് പറഞ്ഞതാണ്.ഒറ്റ മോനായത്‌ ഈ സൈസ് അറാംപെറപ്പ് രണ്ടാമതൊന്നും കൂടെ കുടുമ്മതോട്ട് വരണ്ട എന്ന ദാസേട്ടന്റെ  ദീർഘദർശനമാണെന്നാണ് നാട്ടുകാര് പറയുന്നത്.തന്റെ ഒറ്റ മോനായത്‌ കൊണ്ടും സൂപ്പർ ലോട്ടോ നിർത്തലാക്കിയത് കൊണ്ടും ദാസേട്ടന്റെ ഏക പ്രതീക്ഷ കിച്ചുവിലായിരുന്നു.ആകെ മനസിരുത്തി വായിക്കുന്ന പുസ്തകങ്ങൾ ക്രൈമും ഫയറുമാണെന്ന്‌ മാത്രം.നന്നാവാൻ വേണ്ടിയാണ് ട്യൂഷന് വിട്ടത്.കിച്ചു വന്നതോടെ ഒട്ടു മുക്കാൽ കുട്ടികൾക്കും നന്നാവാൻ ട്യൂഷൻ വിടേണ്ടി വന്നെന്ന് മാത്രം.

ട്യൂഷൻ ക്ളാസിലെ അശ്വതിയെ കാണാനും സംസാരിക്കാനും കിച്ചുവെന്നും ട്യൂഷൻ ക്ളാസിൽ വന്നോണ്ടിരുന്നു.ക്ളാസുകൾ നടന്നു കൊണ്ടിരുന്നു.അശ്വതി പഠിചോണ്ടിരുന്നു.കിച്ചു ചൊറിഞ്ഞോണ്ടിരുന്നു.മാഷ്‌ കിച്ചുവിനെ തേമ്പിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ കിച്ചുവിന് സ്കൂളിൽ നിന്ന് സസ്പെൻഷൻ കിട്ടി.

"അമ്മേ എനിക്ക് സസ്പെൻഷൻ കിട്ടി.."

"ആണോ..എനിക്കറിയായിരുന്നു ഇയ്യി മനസിരുത്തി ശ്രമിച്ചാൽ എല്ലാം നടക്കൂന്ന്.ആട്ടെ സസ്പെൻഷൻ ഏത് വിഷയത്തിനാ ? വാർഷികത്തിന് സ്റ്റേജില് അന്റെ പേര് വിളിക്കോ മോനെ ?"

"പിന്നേ ..വിളിക്കാണ്ട് ..പഷേ അയിന് മുന്പ് അമ്മേനെ സ്കൂളിലേക്ക് വിളിപ്പിക്കും."

അതും പറഞ്ഞ് കിച്ചു സ്കൂട്ടായി.സസ്പെൻഷൻ കിട്ടിയത് വിറ്റാണ്.

സ്കൂളിൽ പുതിയതായിയുണ്ടാക്കിയ സ്റ്റേജിന് പിറകുവശത്തായിരുന്നു ഇടവേളകളിൽ കിച്ചുവിന്റെ മൂത്രമൊഴിപ്പ്.തുടങ്ങി വെച്ചതോടെ ബാക്കിയുള്ള ഫ്രീക്കുകളും ഒഴിക്കാൻ തുടങ്ങി.എം.എൽ.എ ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് നിർമിച്ച മൂത്രപ്പുര ആർക്കും വേണ്ടാതായി.ആയിടയ്ക്കാണ് പരാതി ഹെഡ് മിസ്ട്രസിന്റെ അടുത്തെത്തിയത്.അന്ന് തന്നെ നോട്ടീസടിച്ച് സ്റ്റേജിന് പിന്നിൽ പതിക്കാൻ അവരുത്തരവും കൊടുത്തു.

"ഇവിടെ മൂത്രമൊഴിക്കരുത്. ഹെഡ് മിസ്ട്രസ് പിടിക്കും "

അഞ്ച് മിനിട്ട് കഴിഞ്ഞതെയുള്ളൂ , വേറൊരു നോട്ടീസവിടെ പ്രത്യക്ഷപ്പെട്ടു :

"ഹെഡ് മിസ്ട്രസ് പിടിച്ചാൽ മാത്രം പോരാ.പിടിക്കാണേൽ അടിച്ചും കൂടെ തരണം "

ശേഷം ചിന്ത്യമാണ്.

ഏതായാലും ഒരാഴ്ച്ചത്തേക്ക് സ്കൂളിന്റെ പടിക്കലേക്കില്ല.അശ്വതിയെ വളയ്ക്കാനാണേൽ അടുത്ത പഞ്ചായത്തീന്ന് വരെ ചെക്കന്മാര് വരുന്നുമുണ്ട്.ജീീവിത നിലവാരം കൂട്ടിയില്ലേൽ അശ്വതി തന്റെ മനസ്സില് തീ കോരിയിട്ട് പോവും.

അച്ഛന്റെ തൊഴിഞ്ഞ യമഹയെടുത്ത് ട്യൂഷൻ ക്ളാസിൽ പോവാൻ കിച്ചു നിശ്ചയിച്ചു.അഭിപ്രായാമാരാഞ്ഞത്  സുഹൃത്തായ കുട്ടൂസനോടാണ് :

"കുട്ടൂസ് ..ഡാഡിയുടെ വണ്ടിയെടുത്ത് ട്യൂഷന് ചെന്നാൽ അശ്വതി വീഴുമോ ഡ്യൂട് ?"

"കിച്ചൂസ് ..ആ വണ്ടിയെടുത്ത് പോയാൽ അശ്വതി വീഴുമോ എന്നറിയില്ല..ഇയ്യി വീഴുമെന്നുറപ്പാണ്.അതിന്റെ ബ്രേക്ക് മുണ്ടിക്കൽതാഴത്തെ വർഷാപ്പിൽ പണയത്തിലാണ് ഡ്യൂട് "

"പ്രേമിക്കാനെന്തിനാണ്ടാ ബ്രേക്ക് .. "

"മോനേ ഇയ്യാ വണ്ടിയെടുത്ത് ആ വഴിക്ക് പോണ്ടാ..ഓള് കാർക്കിച്ച് തുപ്പും "

"ഇന്റെ വണ്ടി കണ്ടീഷനാ..യമഹ കമ്പനി ചോദിച്ചതാ ഈ വണ്ടി ഞങ്ങക്ക് തരുന്നോന്ന് "

"കമ്പനി ചോദിച്ചിട്ടുണ്ടാവും.ഇത് പോലൊരു വണ്ടി റോഡുമ്മിലോടിയാൽ കുറവ് കമ്പനിക്കാ "
പിറ്റേന്ന് ശനി.കിച്ചു വണ്ടിയെടുത്ത് റൈസാക്കി.സ്പൈഡർമാന്റെ ചിത്രമുള്ള ബാഗും തൂക്കി പറന്ന് .പ്രേമത്തിന് ബ്രേക്ക് ആവശ്യമില്ലായിരുന്നു.എന്നാൽ ബൈക്കിനു ബ്രേക്ക് അത്യാവശ്യമായിരുന്നു.കിച്ചു ബൈക്കേതോ കവുങ്ങിനിടിച്ച് സലാാലയായി.കിച്ചു കവുങ്ങും തോട്ടത്തിൽ വെള്ളമെടുക്കാൻ കുഴിച്ച കുഴിയിൽ സമാധിയുമായി.ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

കുട്ടൂസൻ കയ്യിലെ പ്ളാസ്റ്റർ നുള്ളി പൊളിക്കുന്ന കിച്ചുവിനോട് ചോദിച്ചു :

"ഇപ്പഴെന്തായി ?"

"ഇപ്പൊഴൊന്നുമായില്ല.സ്കൂളിൽ പോവാത്തതിനൊരു  കാരണവുമായി ,അശ്വതിയുടെ അടുത്ത് സിമ്പതിയുമായി. ഇയ്യി ഓളോട് പറയണം കിച്ചു ആക്സിടന്റ്റ് പറ്റി കിടപ്പിലാണെന്ന്.ഓള് വീഴും "

പിറ്റേന്ന് കുട്ടൂസൻ ട്യൂഷൻ സെന്ററിന്റെ അടുത്ത് :

"കിച്ചു ആക്സിടന്റ്റ് പറ്റി കിടപ്പിലാണ് "

"ആ പട്ടി ചത്താലും എനിക്കൊന്നൂല്യ "

ഫാസ്റ്റ് ഫോർവേഡ് :

"അമ്മേ..ഇനിമുതൽ നന്നായി പഠിക്കും.പഠിച്ചു പരീക്ഷക്ക് നല്ല മാർക്ക് വാങ്ങും "

"ആര് ?"

"ഞാൻ"

"എനിക്ക് തോന്നണില്ല "

കിച്ചു പഠിച്ചു.ഫസ്റ്റ് ക്ളാസടിച്ചു. കോളേജിൽ അഡ്മിഷൻ കിടച്ചു.അശ്വതിയും അതേ കോളേജിലാണെന്നറിഞ്ഞപ്പോളവന്റെ മനസ്സ് പെടച്ചു.

കോളേജിലെ ബുദ്ധ പ്രതിമയുടെ ചോട്ടിൽ കിച്ചുവിരുന്നു. വെളിവില്ലാത്ത ബുദ്ധൻ മേലെയും വെളിവില്ലാത്ത കിച്ചു താഴെയും.അശ്വതിയെ ഏതോ സീനിയർ ചൂണ്ടിക്കൊണ്ട് പോണത് കണ്ട് വിമ്മിഷ്ടപ്പെട്ടിരിക്കുന്ന കിച്ചുവിനോട് ക്ളാസ്‌മേറ്റ്‌ ചോദിച്ചു :

"എന്താ അളിയാ .. കിളി പോയോ ?"

"പോയി .. ഇനിയടുത്ത കിളിയെ തപ്പണം..."

"ഏതാ കൂട് ?"

"ക്രിസ്ത്യൻ കോളേജ് ഫസ്റ്റ് പ്രിഫെറെൻസ് , ദേവഗിരി കോളേജ് സെക്കന്റ്‌ ആൻഡ്‌ ആർട്സ് തേർഡ് "

"അതിന് ഇയ്യിപ്പോ ഗുരുവായൂരപ്പൻ കോളേജിലല്ലേ?ഇവിടുന്ന് കിട്ടുന്ന തല്ല് ഡിസ്കൗണ്ട് ചെയ്യാൻ വേണ്ടി ഇത്രയ്ക്ക് റിസ്കെടുക്കണോ ?"

"അതല്ല ഡ്യൂട് .. ഉജാല കുപ്പിയുടെ സ്ട്രക്ച്ചറുള്ള ഒരു പെണ്ണ് - അതാണ്‌ കിച്ചു വിഭാവനം ചെയ്ത സ്വപ്നം.അതിവിടെയില്ല.."

"അപ്പോ അശ്വതിയോ ?"

"ഡ്യൂട് ഉജാലക്കുപ്പിയും പെപ്സിയുടെ രണ്ട് ലിറ്റർ ബോട്ടിലും തമ്മിൽ വല്യ വ്യത്യാസമുണ്ട്."

പെട്ടെന്നാണ് ഒരു കൈ കിച്ചുവിന്റെ തോളത്ത് വന്നു വീണത്. നേരത്തെ അശ്വതിയുടെ കൂടെ കണ്ട സീനിയർ.

"നീയാണോ അച്ചുവിനെ ശല്യപ്പെടുത്തുന്നവൻ ?"

"ഏതച്ചു ?"

"നിനക്കേതൊക്കെ അച്ചുവിനെ അറിയാം ?"

"കീലേരി അച്ചു "

ചെള്ള മൂളിച്ചൊരടി....

"അശ്വതിയാണോ ഏട്ടാ ? ഇങ്ങള് നല്ല മാച്ചാണ് ..അല്ലേട്ടാ ഇങ്ങള് സൈസാണല്ലോ ..പട്ടാളത്തിൽ പൊയ്ക്കൂടെ ?പണി കിട്ടിയാൽ അശ്വതിയെ ഇങ്ങക്കെന്നെ കെട്ടാം"

"ഹും...ഇനി മേലാൽ അന്നെ ഓൾടെ മുന്നില് കണ്ട് പോവരുത് "

അതും പറഞ്ഞവൻ തിരിഞ്ഞ് നടന്നു.

"അല്ലെടോ ഇയ്യെന്തിനാ ഓനോട്‌ പട്ടാളത്തിലൊക്കെ ചേരാൻ പറഞ്ഞത് ? പണി കിട്ടിയാലോൻ ഓളേ കെട്ടൂലെ ?"

"പണി കിട്ടട്ടെ ..മോഡി അധികാരത്തിൽ വന്ന് ഒരു ഭ്രാന്തിന് യുദ്ധം പ്രഖ്യാപിക്കുമ്പോ ഈ എരപ്പനൊക്കെ മുന്നിലുണ്ടാവണം.."

ഫാസ്റ്റ് ഫോർവേഡ് :

"കിച്ചു ഐ  ലവ് യു .."

"മച്ചാ ഫസ്റ്റ് ഡീസീലെ പ്രി യങ്കയെന്നോട് ഐ ലവ് യു പറഞ്ഞ്..."

"അതിനവൾ ഉജാലക്കുപ്പി പോലെയല്ലല്ലോ.."

"ഉജാലക്കുപ്പി പോട്ട് ..കിച്ചുവിന് അഞ്ഞൂറ് എമ്മെലിന്റെ പെപ്സി കുപ്പി മട്ടും പോതുമെടാ..."




1 comment:

  1. "കിച്ചു ആക്സിടന്റ്റ് പറ്റി കിടപ്പിലാണ് "

    "ആ പട്ടി ചത്താലും എനിക്കൊന്നൂല്യ " -- ആത്മകഥയിൽ നിന്നും ചീന്തിയെടുത്തതായിരിക്കും

    ReplyDelete