Friday 1 May 2015

പ്രതി കാരം


ഇത്‌ നടന്ന കഥയല്ല. ഓടിയ കഥയാണ്‌. അതോണ്ട്‌ തന്നെ ഇതിനിത്തിരി സ്പീഡും കൂടുതലാണ്‌.

ശിവരാമേട്ടന്റെ മോളുടെ കല്യാണദിവസം. അളിയന്‌ വാടക സ്ടോറുള്ളതോണ്ട്‌ ഷാമിയാന മുതൽ പന്തലിന്‌ കുത്തുന്ന വരെ പിന്ന് വരെ സ്പോൺസേഡാണ്‌. സ്വപ്നനഗരിയിലെ എക്സിബിഷൻ ഇത്തവണ കണാരേട്ടന്റെ പറമ്പിലാണെന്ന് തോന്നിക്കുന്ന വിധം പന്തല്‌ കൊണ്ടൊരു താജ്‌ മഹല്‌ പണിഞ്ഞ പ്രതീതി.

" റാവുത്തറേ.. പോയി ഒരച്ചാറിന്റെ പേക്ക്‌ വാങ്ങി വാ."

വിയറ്റ്നാം കോളനിയിലെ റാവുത്തറല്ല. ലക്ഷം വീട്‌ കോളനിയിലെ ബാലേട്ടന്റെ മോൻ വിഷ്ണു നാരായണൻ. വയസ്സ്‌ 24. പേര്‌ നമ്പൂതിരിയുടേതാണേലും സ്വഭാവം വെച്ച്‌ അമ്പലമുള്ള പഞ്ചായത്തിലേക്ക്‌ വരെ അടുപ്പിക്കാൻ പ്രയാസമാണ്‌.

"ഇന്റെ വണ്ടീന്റെ താക്കോലേടെ?"

"അന്റ പാന്റിന്‌ കീറാത്ത ഏതെലും കീശ ബാക്കിണ്ടേൽ അയിനുള്ളിലിണ്ടാവും."

"പച്ച പാന്റിന്‌ കീറാത്ത കീശ.. കിട്ടി വാസ്വേട്ടാ.  അച്ചാറിന്റെ പൈസ ആരെ പറ്റിലാണെഴ്താൻ പറയണ്ടത്‌?"

"അന്റെ പറ്റിലെഴ്തിക്കോ റാവോ"

"ഇനിക്കതിനവ്ടെ പറ്റില്ല."

"ഇങ്ങനെയൊക്കെയല്ലെ മോനെ ഒരോരുത്തരെ പറ്റിക്കാ.."

റാവുത്തറ്‌ തിരിഞ്ഞ്‌ തന്റെ ഒരുവണ്ടി സൈക്കിളിന്റെ പൂട്ട്‌ തുറന്നാഞ്ഞ്‌ ചവിട്ടി.  ചങ്ങലയ്ക്ക്‌ വെള്ളമടിയിൽ റാവുത്തറിന്റത്ര താൽപര്യമില്ലാഞ്ഞിട്ടാവും , അതഴിഞ്ഞ്‌ വീണു.

"ഒരു വഴിക്കെറങ്ങുമ്പളാണ്‌.. പണ്ടാരം..".

"ശ്രീനിയേട്ടാ.. ഒരു പേക്കച്ചാറ്‌. മാങ്ങ മതി."

"ഏട്ടാ..?"

"അണ്ണാക്കിലേക്ക്‌. വേം തരീന്ന്. സമയല്യ."

ഡേറ്റോഫ്‌ ബെർത്ത്‌ മറന്ന് തുടങ്ങിയ ഒരച്ചാറ്‌ പേക്ക്‌ ഷെൽഫിൽന്നെട്ത്ത്‌ പൊടി തട്ടി റാവുത്തറിന്‌ കൊടുത്ത്‌ ശ്രീനി ചോദിച്ചു :

"നന്നായിക്കൂടെടോ?"

"മോനോടും കൂടെ പറഞ്ഞേക്ക്‌. ഓനാടെ കുപ്പി പൊട്ടിക്കാഞ്ഞിട്ട്‌ കയറ്‌ പൊട്ടിക്ക്ണ്ട്‌"

ചെറുപഴത്തിന്റെ മൂപ്പ്‌ നോക്കുന്ന ശങ്കരൻ മൂപ്പര്‌ ആത്മഗതം പറഞ്ഞു :

"ചീഞ്ഞതാണ്‌. നന്നാവൂല."

ശ്രീനി ക്ലീൻ ബൗൾഡ്‌.

രാവണന്റെ പുഷ്പക വിമാനം കഴിഞ്ഞാ പിന്നെ ആ നാട്ടിലുള്ള ഏക മിത്തോളജിക്കൽ വണ്ടിയാണ്‌ ഫ്രീക്കൻ വിഷ്ണുവിന്റെ ലാമ്പി സ്കൂട്ടറ്‌. കക്കൂസിന്റെ ടാങ്കിൽ വീണ പെൻഖ്വിന്റെ നിറമുള്ള ഒരു പാവം സ്കൂട്ടറ്‌. ഒറ്റ കിക്കിന്‌ ലാമ്പി സ്റ്റാർട്ടായാലന്ന് വിഷ്ണു ലോട്ടറിയെടുക്കും. വാങ്ങീട്ട്‌ കൊല്ലം രണ്ടായെങ്കിലും ലോട്ടറി കച്ചോടക്കാരൻ കേശവേട്ടന്‌ ചിലവായത്‌ ഒരു ലോട്ടറിയാണ്‌.

"വിഷ്ണോ ഇയ്യേട്ടാ? "

"ടൗണിലേക്ക്‌"

"ഞാനൂണ്ട്‌"

"ഏട്ട്‌?"

"ശിവരാമേട്ടന്റെ വീട്ടിലേക്ക്‌"

"അതാ വഴിക്കല്ലെ?"

"ടയറല്ലെ വിഷ്ണോ.. ഉരുണ്ടോളും"

"പെട്രോളാണ്‌ റാവുത്തറെ.. തീർന്നോളും"

മനസില്ലാ മനസ്സോടെ വിഷ്ണു റാവുത്തറെ വണ്ടീൽ കേറ്റി.

"അള്ളാ.. രണ്ട്‌ വിഷ്ണൂമ്പാടെ ഇണ്ടല്ലോ.. അല്ലെടോ.. അന്റെ സൾപ്പി ഒക്കെ എഴ്തിക്കഴ്‌ഞ്ഞാ?"

"അനക്ക്‌ സപ്പ്ലി ഒക്കെ ഇണ്ടാ?"

"പത്താങ്ക്ലാസ്‌ സർട്ടിഫിക്കറ്റ്‌ പോലുലില്ലാത്ത ഇങ്ങളൊക്കെ എന്നെ മക്കാറാക്കുന്നതെന്തിനാന്നാണ്‌. കല്യാണം കഴിഞ്ഞാ കുട്ടി ഇണ്ടാവുന്നും എഞ്ചിനിയറിംഗ്‌ കഴിഞ്ഞാ സപ്പ്ലി ഇണ്ടാവുന്നും ആർക്കാ അറിയാത്തത്‌?"

"കോയമ്പത്തൂര്‌ പോയി കയ്യില്‌ കുത്തീറ്റ്‌ ഇതാപ്പൊ ഇണ്ടായത്‌.."

 റാവുത്തറ്‌ തന്റെ റോള്‌ ഭംഗിയാക്കി.

"നായിന്റെ മോനെ.. അന്നോട്‌ ഞാൻ പറഞ്ഞതാണ്‌ നടന്ന് പോയിക്കോ പോയിക്കോ ന്ന്. ഉപകാരം ചെയ്തപ്പൊ അനക്ക്‌ മക്കാറാക്കല്‌. വീട്ടുകാർക്കില്ലാത്ത ബേജാറാണ്‌ ഈ പന്നികൾക്ക്‌."

റാവുത്തറ്‌ സയലന്റായി.


കല്യാണത്തിന്റന്ന് രാത്രി.

പന്തലിന്റെ മറവിൽ ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലം പോലെ കുണ്ടും കുഴിയും നിറഞ്ഞ സ്ഥലത്ത്‌ വെള്ളമടി പൂർവ്വാധികം ശക്തിയോടെ മുന്നേറി.

"റാവോ.. പടവിന്റെ പണിക്ക്‌ പോണൊണ്ടാവും ലേ ഓസിന്‌ വെള്ളടിക്കാനുള്ള അടവ്‌ അന്റടുത്ത്‌ നല്ലണം ഇണ്ടല്ലോ."

"കണ്ണേട്ടാ.. ടൈറ്റാണ്‌. "

"ബെൽറ്റ്‌ ലൂസാക്ക്യാ മത്യെടോ.."

"അതല്ല. പൈസക്ക്‌ ടൈറ്റാന്ന്"

"അതിനിപ്പോ ന്ത്‌ ലൂസാക്കണം ന്ന് എനക്കറിയൂല. വാസ്വേട്ട്‌.. ഇങ്ങക്കെന്തേലും പറയാണ്ടോ?"

"അച്ചാറ്‌ പഴേതാണ്ടോ"

"ഇങ്ങളെന്ത്‌ ചേമ്പിലെ വർത്താനാണ്‌ വാസ്വേട്ടാ പറയിന്നത്‌.. മൻഷനിവിടെ ടെൻഷനടിച്ചിരിക്കാണ്‌.."

"ന്താ റാവു മോനെ അന്റ പ്രശ്നം. വാസ്വേട്ടനോട്‌ പറയ്‌."

"ഇനിക്ക്‌ ശിവരാമന്റെ മോളെ ഇഷ്ടാണ്‌."

"അന്റച്ചന്റെ പ്രായല്ല്യടോ അയാക്ക്‌?"

"ഇങ്ങള്‌ അപ്പ്ലേക്ക്‌ വല്യ എസ്സൈയാവാ? പറയിന്നത്‌ കേക്കീന്ന്.. ഇവളെ ഏച്ചീന്റെ കല്യാണത്തിന്റന്ന് ഞാനീ പെണ്ണിനൊട്‌ ഇഷ്ടാന്ന് പറഞ്ഞതാ. അന്നോള്‌ പറഞ്ഞ്‌ ഏച്ചീന്റെ കല്യാണൊക്കെ കഴ്യട്ടെ ന്ന്.ഏച്ചിക്കിന്ന് കുട്ട്യള്‌ രണ്ടാ. നായിന്റെ മോള്‌ ഇന്നെ പറ്റിച്ച്‌ വേറെ കല്യാണം കഴിക്കിന്നത്‌ ഞാൻ സമ്മേക്കോ വാസ്വേട്ടാ..?"

"കണ്ണാ ഈ ചെക്കനെ കൊണ്ടോയി വീട്ടിലാക്ക്‌."

"ബാ റാവോ.. വീട്ടിലാക്കാ.."

"ഇനിക്ക്‌ കുടിക്കണം. കുടിച്ച്‌ മരിക്കണം കണ്ണേട്ടാ. "

"നാട്ടാര്‌ തല്ലിക്കൊന്നോളും റാവോ.. ഇയ്യായ്ട്ട്‌ കഷ്ടപ്പെടണ്ട."

നാവ്‌ കുഴയാത്ത ഒരൊച്ച കേട്ട്‌ റാവുത്തറ്‌ തിരിഞ്ഞ്‌ നോക്കി.

ഫ്രീക്കൻ വിഷ്ണു.

"പോടാ പട്ടി."



"വാ റാവുത്തറെ. വീട്ടിലാക്കിത്തരാ. ഞാനാ വഴിക്കാണ്‌."

വിഷ്ണു ഡിപ്ലോമാറ്റിക്കായി.

"വാസ്വേട്ട്‌.. ഞാമ്പോവാണ്‌. ഞാനിന്ന് ഒറങ്ങൂല. ഓളറമാദിക്കട്ടെ."

"അതിന്‌ ഇയ്യെന്തിനാ ഒറങ്ങാണ്ടിരിക്കുന്നത്‌? ഓളെ കെട്ട്യോനല്ലെ ഓളറമാദിക്കണെങ്കില്‌ ഉറങ്ങാണ്ടിരിക്കണ്ടത്‌?"

"കണ്ണേട്ടാ.. "

"എന്തേയ്‌?"

"ചെറ്റ വർത്താനം പറയർത്‌."

അങ്ങനെ വിഷ്ണൂം വിഷ്ണൂം കൂടെ ലാമ്പി സവാരി ആരംഭിച്ചു.

"റാവോ.."

"ന്താണ്ടോ?"

"അനക്ക്‌ ഓളോട്‌ പകരം വീട്ടണോ?"

"മേണം. ഇനിക്കൊളെ കൊല്ലണം"

"ഒരൈഡിയ ഇണ്ട്‌ റാവോ"

"ഓളെ കൊല്ലാനോ? അനക്ക്‌ കൊന്നൂടെ? അനക്കാവുമ്പോ വേറെ പണീമില്ല. "

വിഷ്ണുവിന്റെ എഞ്ചിനിയറിംഗ്‌ കപ്പല്‌ വീണ്ടും കടലിലേക്ക്‌ മുങ്ങി.

"റാവോ.. ഇത്‌ വേനലാണ്‌. നല്ല ചൂടുണ്ട്‌. ഫീസൂര്‌. ഓളെ ആദ്യരാത്രി അനക്ക്‌ കൊളാക്കാ."

റാവുത്തറ്‌ കുറെ നേരമാലോച്ചിച്ചു.

"വിഷ്ണോ.. ഇയ്യിതാരോടെലും പറയോ?"

"ഇല്ല. അനക്കിന്നെ വിശ്വസിക്കാം".

" ഇത്‌ ഞാനേറ്റ്‌. ഇയ്യ്‌ ഇന്നെ ഇവ്ടെ എറക്ക്‌. ബാക്കി ഞാനായി."

പിറ്റേന്ന് രാവിലെ.

വിഷ്ണു ലാമ്പിയെടുത്ത്‌ പുറത്തേക്കിറങ്ങി.

"വാസ്വേട്ട്‌.. ഇങ്ങളേട്ടാ ?"

"സ്റ്റേഷനിലേക്ക്‌"

"ആരാ ഉള്ളില്‌?"

" റാവുത്തറ്‌"

വിഷ്ണുവിന്റെ മനസ്സിൽ വെള്ളിടി വെട്ടി.

"കേറി. ഞാനൂണ്ട്‌."


ഫ്ലാഷ്‌ ബാക്ക്‌.



ലാമ്പിയിൽ നിന്നറങ്ങിയ റാവുത്തറ്‌ നേരെ പോയത്‌ ട്രാൻസ്ഫോർമ്മറിന്റെ അടുത്തേക്കാണ്‌. കെട്ടി വെച്ച ഫീസൊക്കെ അഴിച്ച്‌ ഒരു കവറിലാക്കി റാവു വീട്ടിലേക്ക്‌ നടന്നു.

സ്വകാര്യ നിമിഷങ്ങൾ ആനന്ദദായകമാക്കുന്നതിന്‌ വേണ്ടി കട്ടിലിനടിയിലൊളിപ്പിച്ച്‌ വെച്ച ഡോക്ടേസ്‌ ചോയിസ്‌ വലിച്ച്‌ കുടിച്ച്‌ കിടന്നുറങ്ങുമ്പോ സമയം മൂന്നര.

പിറ്റേന്ന് പത്ത്‌ മണിക്കെണീറ്റ്‌ പാതി ബോധത്തോടെ പുറത്തേക്കിറങ്ങിയപ്പഴാണ്‌ ട്രാൻസ്ഫോർമ്മറിന്റടിത്ത്‌ ആൾക്കൂട്ടം കാണുന്നത്‌.

"എന്തേയ്‌ പ്രശ്നം"

"ഫീസൊന്നും കാണുന്നില്ല"

"അതാപ്പൊ? ഞാനെട്ത്ത്‌ തരാ."

റാവു കവറെടുക്കാൻ വീട്ടിലേക്ക്‌ പോയി തിരിച്ച്‌ വരുമ്പഴേക്ക്‌ കേരളാ പോലീസ്‌ സ്ഥലടെത്തിയിരുന്നു.


ഫ്ലാഷ്‌ ഫ്രണ്ട്‌.



"റാവോ.. ഓളേ കല്യാണം കഴിച്ച്‌ കൊണ്ടൊയത്‌ താമരശ്ശേരിക്കല്ലെ? ഇയ്യെന്തിനാ ഇമ്പളെ നാട്ടിലെ ഫീസൂരിയത്‌?"

"വയറല്ലെ.. എല്ലേട്ത്തേക്കും കറണ്ടെത്തൂന്ന് വിചാരിച്ച്‌ കാണും"

വാസ്വേട്ടൻ പറഞ്ഞു.

"എടാ ചെറ്റെ.. അതൂടൊന്ന് പറഞ്ഞ്‌ തരണ്ടെ ഒരൈഡിയ പറയുമ്പൊ?"

പറഞ്ഞത്‌ കുറച്ചുച്ചത്തിലായതോണ്ടും നിശബ്ദദ അന്ന് ഫ്രീക്കൻ വിഷ്ണൂന്റെ ടീമിലല്ലായിരുന്നത്‌ കൊണ്ടും പോലീസുകാര്‌ തല തിരിച്ചവനെ നോക്കി.

"വാസ്വേട്ട്‌ ഇങ്ങള്‌ വിട്ടോളി. എനിക്കിവിടെ ചെറിയൊരു പണി കിട്ടീക്ക്ണ്‌."

വിഷ്ണു തലയ്ക്ക്‌ കയ്യും കൊടുത്തിരുന്നു.


4 comments:

  1. ഹഹഹ... കിടിലന്‍ പഞ്ചുകള്‍

    ReplyDelete
  2. നര്‍മ്മം നന്നായി
    ആശംസകള്‍

    ReplyDelete
  3. നര്‍മ്മം നന്നായി
    ആശംസകള്‍

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete